2018 January 13 Saturday
കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണ്മതാണെന്‍ പരാജയം
കുഞ്ഞുണ്ണി

ഐ ലീഗ്: കുട്ടിപ്പടക്ക് മുന്നില്‍ അടിപതറി ഗോകുലം

ഹാറൂന്‍ റഷീദ്

കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുത്തന്‍ താരോദയങ്ങളടങ്ങിയ ഇന്ത്യന്‍ ആരോസ് ഗോകുലം കേരള എഫ്.സിയെ ഒരു ഗോളിന് തോല്‍പിച്ചു. ഹോം മാച്ചില്‍ ഗോകുലത്തിനോടേറ്റ തോല്‍വിക്ക് മധുര പ്രതികാരവും തീര്‍ത്താണ് ആരോസിന്റെ കുട്ടിപ്പട കളംവിട്ടത്. കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും പന്ത് കൈവശം വച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ ശ്രമം കുറവായിരുന്നു. ഏഴാം മിനുട്ടില്‍ വലത് വിങ്ങില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ രാഹുല്‍ ബോക്‌സിലേക്ക് നല്‍കിയ പന്ത് സ്വീകരിക്കാന്‍ ആളില്ലാത്തതിനാല്‍ ആരോസിന്റെ ഗോളവസരം നഷ്ടപ്പെട്ടു.
ഗോകുലം ഫോര്‍വേഡ് നിരയില്‍ ഇറങ്ങിയ ഒഡാഫ ഒക്കോലിക്കും കാര്യമായൊന്നും ചെയ്യാനായില്ല. അന്‍വര്‍ അലിയും ജിതേന്ദ്ര സിങും ചേര്‍ന്ന് ആരോസിന്റെ പ്രതിരോധത്തില്‍ ശക്തമായി നിലയുറപ്പിച്ചതോടെ ഗോകുലം താരങ്ങള്‍ പന്ത് ബോക്‌സിലെത്തിക്കാനാകാതെ കുഴങ്ങി. ആദ്യ പകുതിയില്‍ ആരോസ് കളം നിറഞ്ഞ് കളിച്ചു. ഗോകുലത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ നീക്കങ്ങളൊന്നും നടന്നതുമില്ല. മുനയൊടിഞ്ഞ മുന്നേറ്റ നിരയുമായി ഇറങ്ങിയ ഗോകുലത്തിന്റെ മധ്യ നിരയില്‍ കളിച്ച സലാഹ് മാത്രമാണ് അല്‍പമെങ്കിലും പന്തുമായി ആരോസിന്റെ പോസ്റ്റിലേക്കെത്തിയത്. രണ്ടാം പകുതിക്ക് ശേഷം രാഹുലിനെ വലത് വിങില്‍ നിന്ന് മാറ്റി മുന്നേറ്റ നിരയില്‍ ഇറക്കിയ പരീക്ഷണമാണ് വിജയം കണ്ടത്. 77ാം മിനുട്ടില്‍ ബോക്‌സിന്റെ മുന്നില്‍ നിന്ന് ലഭിച്ച പന്ത് രാഹുല്‍ പോസ്റ്റിലേക്കടിച്ചെങ്കിലും കീപ്പര്‍ ബിലാല്‍ പന്ത് തടുത്തിടുകയായിരുന്നു. റീ ബൗണ്ട് വന്ന പന്തിനെ അനായാസം അഭിജിത് സര്‍കാര്‍ വലയിലെത്തിച്ചതോടെ ആരോസ് ഒരു ഗോളിന് മുന്നിലെത്തി.
ഗോള്‍ വീണതോടെ മുന്നേറ്റനിരയില്‍ നിന്ന് ഒഡാഫയെ പിന്‍വലിച്ചു ഇര്‍ഷാദിനെ പകരക്കാരനായി ഇറക്കി. ഇര്‍ഷാദ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. വലത് വിങില്‍ വിക്കിയേയും പരീക്ഷിച്ചെങ്കിലും ഗോകുലത്തിന് ഗോള്‍ മടക്കാനായില്ല. ഇതോടെ മൂന്ന് വിജയം നേടിയ ആരോസ് പത്ത് പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി.
അതേസമയം ഗോകുലം ഒന്‍പതാം സ്ഥാനത്ത് തന്നെ തുടരുന്നു. ചര്‍ച്ചിലുമായുള്ള അടുത്ത മത്സരത്തിലും ജയിക്കാനായില്ലെങ്കില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താകും ഗോകുലം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.