2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഐ.പി.എല്‍ സെമി ലൈനപ്പായി; ബാംഗ്ലൂര്‍ പിടിക്കാന്‍ ഗുജറാത്ത്

  • ആദ്യ സെമി ഇന്ന്

ബംഗളൂരു: ഐ.പി.എല്ലിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ സമാപനമായി. ഇനി സെമി ഫൈനല്‍ പോരാട്ടങ്ങള്‍. ആദ്യ മത്സരത്തില്‍ കരുത്തരായ ഗുജറാത്തും ബാംഗ്ലൂരും ഏറ്റുമുട്ടും. ഹൈദരാബാദും കൊല്‍ക്കത്തയും തമ്മിലാണു രണ്ടാം സെമി. ആദ്യ സെമി ഇന്ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും.
പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക് ആദ്യ സെമിയില്‍ തോറ്റാലും മറ്റൊരു മത്സരം കൂടി ലഭിക്കും എന്ന പ്രത്യേകതയുണ്ട്. രണ്ടാം ക്വാളിഫയറിലെ ജേതാക്കളുമായാണ് ഈ മത്സരം നടക്കുക. കരുത്തരായ രണ്ടു ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ആദ്യ സെമി ഫൈനലിന്റെ പ്രത്യേകത. നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ ബാംഗ്ലൂരിന് മത്സരത്തില്‍ മുന്‍തൂക്കമുണ്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഫോമാണ് അവരെ മുന്നില്‍ നിര്‍ത്തുന്ന ഘടകം. ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഇതുവരെ 900 റണ്‍സിലധികം നേടാന്‍ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. 1000 റണ്‍സാണ് താരം ഈ സീസണില്‍ ലക്ഷ്യമിടുന്നത്. കോഹ്‌ലിയല്ലാതെ മറ്റൊരു താരത്തിനും ഒരു സീസണില്‍ ഇത്രയും റണ്‍സ് നേടാന്‍ സാധിച്ചിട്ടില്ല. അവസാനഘട്ടത്തില്‍ ഫോമിലെത്തിയ ക്രിസ് ഗെയ്‌ലും എതിരാളികള്‍ക്കു പേടിസ്വപ്നമാണ്. മറ്റൊരു താരം എ.ബി ഡിവില്യേഴ്‌സാണ്. കോഹ്‌ലി കഴിഞ്ഞാല്‍ ബാംഗ്ലൂര്‍ നിരയില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരവും ഡിവില്യേഴ്‌സ് തന്നെ. വാട്‌സന്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും മായാജാലം കാട്ടുന്ന താരമാണ്. സീസണില്‍ ബാറ്റിങില്‍ മികവു പ്രകടിപ്പിക്കാന്‍ താരത്തിനു സാധിച്ചിട്ടില്ലെങ്കിലും വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്തിയിലുണ്ട് വാട്‌സന്‍.
ബാംഗ്ലൂരിനെ ഏറെ ആശങ്കപ്പെടുത്തിയിരുന്നത് ബൗളിങ് വിഭാഗമായിരുന്നു. എന്നാല്‍ അവസാന മത്സരങ്ങളില്‍ ഈ കുറവ് പരിഹരിക്കാന്‍ ടീമിന് സാധിച്ചിട്ടുണ്ട്. ശ്രീനാഥ് അരവിന്ദ്, യൂസവേന്ദ്ര ചഹല്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ടീമിന്റെ ബൗളിങ് കുന്തമുനകളാണ്.
മറുവശത്ത് ഗുജറാത്ത് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് നിരകളിലൊന്നാണ്. സുരേഷ് റെയ്‌ന നയിക്കുന്ന ടീമില്‍ ഡ്വയ്ന്‍ ബ്രാവോ, ഡ്വയ്ന്‍ സ്മിത്ത്, ബ്രണ്ടന്‍ മക്കല്ലം, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്. മക്കല്ലവും സ്മിത്തും നല്‍കുന്ന ഓപണിങ് കൂട്ടുകെട്ടും ടീമിനു പ്രതീക്ഷ നല്‍കുന്നു. ബൗളിങില്‍ ധവാല്‍ കുല്‍ക്കര്‍ണിയും പ്രവീണ്‍കുമാറും മികച്ച ഫോമിലാണ്. ഇത്രയൊക്കെയാണെങ്കിലും ബാറ്റിങില്‍ തന്നെയാണു ടീമിനു പ്രതീക്ഷ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.