2018 September 25 Tuesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഗുജറാത്തിന് വമ്പന്‍ ജയം

റെയ്‌നയ്ക്ക്(53*) അര്‍ധസെഞ്ച്വറി

കാണ്‍പൂര്‍: ഐ.പി.എല്ലിലെ ഇന്നലെ നടന്ന പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഗുജറാത്തിന് ആറുവിക്കറ്റ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം 39 പന്ത് ബാക്കി നില്‍ക്കെ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഗുജറാത്ത്. സുരേഷ് റെയ്‌ന(53*)യുടെ അര്‍ധസെഞ്ച്വറിയാണ് ഗുജറാത്തിന് അനായാസം ജയം സമ്മാനിച്ചത്. ആരോണ്‍ ഫിഞ്ച്(26) മികച്ച പിന്തുണ നല്‍കി. റെയ്‌ന 36 പന്തില്‍ എഴു ബൗണ്ടറിയും ഒരു സിക്‌സറും പറത്തി. ഡ്വെയ്ന്‍ സ്മിത്ത്(0), ബ്രണ്ടന്‍ മക്കല്ലം(6) ദിനേഷ് കാര്‍ത്തിക്(12) എന്നിവരാണ് പുറത്തായ ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍. ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കാനും ഗുജറാത്തിന് സാധിച്ചു. 

നേരത്തെ ടോസ് നഷ്ടപ്പെട്ടിട്ടും ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച കൊല്‍ക്കത്തയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് നേടാന്‍ സാധിച്ചത്. അഞ്ചിന് 61 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ യൂസഫ് പഠാന്‍(36) നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് 100 കടത്തിയത്.ഗുജറാത്തിനെതിരേ പതിഞ്ഞ തുടക്കമായിരുന്നു കൊല്‍ക്കത്തയുടേത്. എന്നാല്‍ നാലാം ഓവറിന്റെ ആദ്യ പന്തില്‍ നായകന്‍ ഗൗതം ഗംഭീര്‍(8) റണ്ണൗട്ടായത് കൊല്‍ക്കത്തയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. സീസണില്‍ നാലാം തവണയാണ് ഗംഭീര്‍ റണ്ണൗട്ടാവുന്നത്.ടി20യില്‍ 21 തവണ റണ്ണൗട്ടായതിന്റെ റെക്കോര്‍ഡും ഗംഭീറിന്റെ പേരിലാണ്. ജയവര്‍ധനെയുടെ പേരിലുള്ള റെക്കോര്‍ഡാണ് ഗംഭീര്‍ സ്വന്തം പേരിലാക്കിയത്. ഗംഭീറിന് പിന്നാലെ മനീഷ് പാണ്ഡെ(1) പുറത്തായത് ടീമിന് മറ്റൊരു തിരിച്ചടിയായി. റോബിന്‍ ഉത്തപ്പ(25) ഒരറ്റത്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

19 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയ ഉത്തപ്പയെ ഡ്വെയ്ന്‍ സ്മിത്ത് കാര്‍ത്തിക്കിന്റെ കൈയിലെത്തിക്കുകയായിരുന്നു. പീയൂഷ് ചൗള(11)യെ നേരത്തെ ഇറക്കി റണ്‍സ് വാരാമെന്ന കൊല്‍ക്കത്തയുടെ കണക്കുകൂട്ടലു പാളി. സ്മിത്തിന്റെ മികച്ചൊരു പന്തില്‍ ചൗള ക്ലീന്‍ ബൗള്‍ഡായി. ഷാകിബ് അല്‍ ഹസല്‍(3) പിടിച്ചു നില്‍ക്കുമെന്നും കരുതിയെങ്കിലും അത് ഉണ്ടായില്ല.
സൂര്യകുമാര്‍(17) ജേസന്‍ ഹോള്‍ഡര്‍(13) എന്നിവരെ കൂട്ടുപിടിച്ചാണ് യൂസഫ് ടീം സ്‌കോര്‍ 120ലെത്തിച്ചത്. ഗുജറാത്ത് ബൗളര്‍മാരില്‍ നാലോവറില്‍ എട്ടു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഡ്വെയ്ന്‍ സ്മിത്ത് തകര്‍പ്പന്‍ പ്രകടനം നടത്തി. ധവാല്‍ കുല്‍ക്കര്‍ണി, ഡ്വെയ്ന്‍ ബ്രാവോ, ജക്കാത്തി എന്നിവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.