
ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ നേരിടും. ഡല്‍ഹിയുടെ തട്ടകത്തിലാണ് മത്സരം. അവസാന കളിയില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇരുവരും കളത്തിലിറങ്ങുന്നത്. ബംഗളൂരുവിനെതിരേ തകര്‍പ്പന്‍ ജയമായിരുന്നു മുംബൈ സ്വന്തമാക്കിയത്. ഈ ജയത്തോടെ തുടക്കത്തിലെ പതര്‍ച്ചകളില്‍ നിന്ന് പുറത്തുകടക്കാനും ടീമിന് സാധിച്ചിട്ടുണ്ട്. ഓപണര്‍ രോഹിത് ശര്‍മയുടെ ഫോമാണ് ഇതില്‍ സുപ്രധാനം.
കഴിഞ്ഞ മത്സരത്തില്‍ രോഹിത്തിന്റെ ഇന്നിങ്സ് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. അമ്പാട്ടി റായുഡുവാണ് ഫോമിലുള്ള മറ്റൊരു താരം. ജോസ് ബട്ലറും തകര്‍പ്പന്‍ ഫോമിലാണ്. മോശം ഫോമിലായിരുന്ന കരണ്‍ പൊള്ളാര്‍ഡ് ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്. ബംഗളൂരുവിനെതിരേ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങാണ് ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. കൃണാല്‍ പാണ്ഡ്യയുടെ വമ്പടികള് മുംബൈയ്ക്ക് ലഭിച്ച മറ്റൊരു ബോണസാണ്. ബൗളിങില്‍ ടിം സൗത്തി, ജസ്പ്രീത് ബുംറ, മിച്ചല്‍ മക്ലെനാഗന് സഖ്യം മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. അവസാന ഓവറുകളില്‍ സൗത്തിയും ബുംറയും റണ്‍സ് വഴങ്ങാതെ പന്തെറിയുന്നത് ഗുണകരമാണ്. അതേസമയം ഹര്ഭജന് റണ്‍സ് വഴങ്ങുന്നത് ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
മറുവശത്ത് ഡല്‍ഹിയുടെ താരങ്ങളും മികച്ച ഫോമിലാണ്. ഓപണര്‍ ക്വിന്റണ്‍ ഡി കോക്കാണ് ടീമിലെ അപകടകാരിയായ ബാറ്റ്സ്മാന്. ബംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഡി കോക്കിന്റെ സെഞ്ച്വറിയാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ മികച്ച റണ്‍ വേട്ടക്കാരുടെ പട്ടികയിലും താര ഇടംപിടിച്ചിട്ടുണ്ട്. കരുണ്‍ നായരാണ് ഫോമിലുള്ള മറ്റൊരു താരം. ജെ.പി ഡുമിനിയും മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. എന്നാല്‍ സഞ്ജു സാംസണ് ഫോമിലേക്കുയര്‍ന്നിട്ടില്ല. ബൗളിങില്‍ ക്രിസ് മോറിസും അമിത് മിശ്രയും നന്നായി പന്തെറിയുന്നുണ്ട്. മിശ്രയുടെ പന്തുകള്‍ വിക്കറ്റെടുക്കുകയും ഒപ്പം റണ്‍സ് വഴങ്ങാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇരുടീമുകളും ഒപ്പത്തിനൊപ്പമുള്ള ശക്തികളായതിനാല്‍ മത്സരം കടുത്തതാവും.
ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കിങ്സ് ഇലവന് പഞ്ചാബിനെ നേരിടും. പോയിന്റ് പട്ടികയില്‍ ഏറ്റവുമവസാനമുള്ള കിങ്സിന് ഇന്ന് നടക്കുന്ന മത്സരം ജയിക്കേണ്ടതുണ്ട്. ടൂര്‍ണമെന്റില്‍ ഒരു ജയം മാത്രമാണ് അവര്‍ സ്വന്തമാക്കിയത്. ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്മയാണ് പഞ്ചാബ് നേരിടുന്ന വെല്ലുവിളി. ഓപണര്‍മാരായ മനന്‍ വോറയും മുരളി വിജയ്യും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും പിന്നീടുള്ളവര്‍ ഉത്തരവാദിത്തം മറന്നാണ് കളിക്കുന്നത്.
ക്യാപ്റ്റന്‍ ഡേവിഡ് മില്ലര്‍ മികച്ചൊരു ഇന്നിങ്സ് ഇതുവരെ കാഴ്ച്ചവച്ചിട്ടില്ല. സമാന അവസ്ഥ തന്നെയാണ് മാക്സവെല്ലിനും. ഇരുവരും പഞ്ചാബിന്റെ സൂപ്പര്‍ താരങ്ങളാണ്. ഇരുവരും വമ്പനൊരു ഇന്നിങ്സ് കളിക്കേണ്ടത് ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അത്യാവശ്യമാണ്.
കഴിഞ്ഞ കളിയില്‍ ഷോണ്‍ മാര്‍ഷ് ഫോമിലേക്കെത്തിയത് ടീമിന് ഗുണകരമാണ്. മാക്സ്വെല്ലിനെ മൂന്നാം നമ്പറില്‍ ഇറക്കിയാല്‍ ടീമിന് ലൈനപ്പിന് ഗുണകരമാകും. ഷോണ്‍ മാര്‍ഷ് നാലാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തോ കളിക്കാന്‍ സാധിക്കുന്ന താരമാണ്. മധ്യനിരയില്‍ വൃദ്ധിമാന്‍ സാഹയ്ക്കും അക്ഷര്‍ പട്ടേലിനും കാര്യമായിട്ടൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നതും ടീമിന് തലവേദനയാണ്.
ബൗളിങില്‍ സന്ദീപ് ശര്‍മ നന്നായിട്ടെറിയുന്നുണ്ട്. കഴിഞ്ഞ കളിയില്‍ പ്രദീപ് സാഹുവും നന്നായി പന്തെറിഞ്ഞിരുന്നു. എന്നാല്‍ പേസ് ബൗളിങിന്റെ കുന്തമുനയായ മിച്ചല്‍ ജോണ്സന്, മോഹിത് ശര്‍മ എന്നിവര്‍ നന്നായി റണ്‍സ് വഴങ്ങുന്നുണ്ട്.
മറുവശത്ത് ഹൈദരാബാദിന്റെ ഓപണറും ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണറുടെ മികവിലാണ് കുതിക്കുന്നത്.
ടീമിന്റെ രണ്ടു വിജയങ്ങളിലും വാര്‍ണറുടെ മികവ് പ്രകടമായിരുന്നു. ടീമിന്റെ പ്രധാന ആശങ്ക ശിഖര്‍ ധവാന്റെ ഫോമായിരുന്നു. ഗുജറാത്തിനെതിരായ മത്സരത്തോടെ അത് മാറിയിട്ടുണ്ട്. ബൗളിങില്‍ ഭുവനേശ്വര്‍ കുമാര്‍, മുസ്താഫിസുര്‍ റഹ്മാന് സഖ്യം മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്.
മുസ്താഫിസുറിന്റെ അവസാന ഓവറുകളില്‍ ബൗളിങ് അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ഗുജറാത്തിനെ അടിതെറ്റിച്ച അതേ പ്രകടനമാവും പഞ്ചാബിനെതിരേയും ഹൈദരാബാദ് പുറത്തെടുക്കു.