2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഐ.ടി സൗകര്യം: സര്‍വകലാശാലകളിലും കോളജുകളിലും സര്‍വേ

 

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളജുകളിലും നിലവിലുള്ള ഐ.ടി അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനാന്തരീക്ഷവും വിലയിരുത്താന്‍ സര്‍വേയുമായി ഉന്നത വിദ്യാഭ്യസ കൗണ്‍സില്‍. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സര്‍വേ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചു.
സര്‍വകലാശാലകള്‍, സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കൗണ്‍സിലിന്റെ പോര്‍ട്ടല്‍ അധിഷ്ഠിത സര്‍വേയുടെ പരിധിയില്‍ വരും. ജൂണ്‍ ഒന്ന് മുതല്‍ കേരളത്തിലെ സര്‍വകലാശാലകളിലും കോളജുകളിലും ആരംഭിച്ച ഓണ്‍ലൈന്‍ പഠനത്തില്‍ ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സര്‍വേ നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ ഫാക്കല്‍റ്റി പ്രൊഫൈല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ക്ലാസ് മുറികള്‍, ഗതാഗതം, ഹോസ്റ്റലുകള്‍, കരിക്കുലര്‍, കോ കരിക്കുലര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്ഥാപനങ്ങളിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ മാനദണ്ഡങ്ങളും സര്‍വേയുടെ ഭാഗമായി പരിശോധിക്കും. കേരളത്തില്‍ നിലവിലുള്ള ഡിജിറ്റല്‍ വിഭജനത്തിന്റെ സ്വഭാവവും കാരണങ്ങളും സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുകയെന്ന ലക്ഷ്യവും സര്‍വേയ്ക്കുണ്ട്. ഡിജിറ്റല്‍ വിഭജനം കുറച്ച് കൊണ്ടുവരുന്നതിനുള്ള മാര്‍ഗങ്ങള്‍ സര്‍വേയുടെ തുടര്‍നടപടിയായി ആവിഷ്‌കരിക്കും. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍, കണക്റ്റിവിറ്റി, വിശ്വസനീയമായ വിവരങ്ങള്‍ എന്നിവയുടെ ലഭ്യത ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലെന്ന് ഉറപ്പാക്കാനുള്ള സ്ഥാപനങ്ങളുടെ സുരക്ഷാ മാര്‍ഗങ്ങളും വിലയിരുത്തും. സര്‍വേയുടെ അടിസ്ഥാനത്തിലുള്ള ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരിനും സര്‍വകലാശാലകള്‍ക്കും ഫണ്ടിങ് ഏജന്‍സികള്‍ക്കും നല്‍കാനാണ് കൗണ്‍സില്‍ ഉദ്ദേശിക്കുന്നത്. എല്ലാ സര്‍വകലാശാലകളും കോളജുകളും നിര്‍ദിഷ്ട സര്‍വേ പോര്‍ട്ടലില്‍ (http:www.kshec.kerala.gov.in) ലഭ്യമാക്കിയിട്ടുള്ള ചോദ്യാവലി പൂരിപ്പിച്ച് ഓഗസ്റ്റ് 10നകം ഓണ്‍ലൈനായി കൗണ്‍സിലിന് സമര്‍പ്പിക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.