2018 April 20 Friday
ജീവിതം സുഖകരമാവട്ടെ, വേനല്‍ക്കാലത്തെ പൂക്കളെപോലെ. മരണവും സുന്ദരമാകട്ട, ശരത്കാലത്തെ പഴുത്തിലപോലെ.
-ടാഗോര്‍

ഐ.ഒ.സി സമരം: പ്രദേശവാസികള്‍ക്ക് നേരെ പൊലിസ് നായാട്ട്

  • ബുധനാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച

 

കൊച്ചി: പുതുവൈപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐ.ഒ.സി) എല്‍.പി.ജി പ്ലാന്റിനെതിരേ സമരം ചെയ്യുന്ന പ്രദേശവാസികളെ പൊലിസ് തല്ലിച്ചതച്ചു. പ്രതിഷേധക്കാരെ അതിക്രൂരമായാണു പൊലിസ് തല്ലിച്ചതച്ചത്. ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്കു പരുക്കേറ്റു. ഗുരുതര പരുക്കേറ്റ ഏഴുപേരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും 13 പേരെ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയാണ് പൊലിസ് സമരസമതിക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തിയത്. ജൂലൈ നാലിന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നല്‍കിയ ഉറപ്പ് ലംഘിച്ച് ഞായറാഴ്ചയായിരുന്നിട്ടും ഇന്നലെ കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെയാണ് ഉപരോധം നടത്തിയതെന്നു സമരക്കാര്‍ പറഞ്ഞു.
സമാധാനപരമായി സമരം ചെയ്യുകയായിരുന്ന തങ്ങള്‍ക്ക് നേരെ ഐ.ഒ.സി പ്ലാന്റിലെ തൊഴിലാളികള്‍ കല്ലെറിയുകയും ഒപ്പം പൊലിസും തങ്ങള്‍ക്കെതിരേ തിരിയുകയായിരുന്നെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ പൊലിസിനു നേരെ സമരക്കാരുടെ ഭാഗത്തുനിന്നു കല്ലേറുണ്ടായതാണു സംഘര്‍ഷത്തിനു കാരണം. സ്ത്രികളെയും കുട്ടികളെയുമുള്‍പ്പെടെ അതിക്രൂരമായാണു പൊലിസ് തല്ലിച്ചതച്ചത്.
വൈപ്പിന്‍ സ്വദേശികളായ വിനു, സാബു, സേവ്യര്‍, അംബ്രോസ്, ചാര്‍ലി, സൈനുദ്ദീന്‍, ഷീല, ശിവദാസ്, മുരുകന്‍, ജെന്‍സണ്‍, ഡെന്നി, സുജിത്ത്, കണ്ണന്‍, പ്രസാദ്, പ്രശാന്ത്, സുജ, ഗൗതം തുടങ്ങിയവരാണു ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വിനുവിന്റെ തലയ്ക്ക് ഗുരുതരമായ പരുക്കുണ്ട്. സാബുവിന്റെ മൂക്കിനാണു ക്ഷതമേറ്റത്. 14 വയസുള്ള ഗൗതമിന്റെ കാലിന് ക്ഷതമേറ്റു.
കഴിഞ്ഞ ദിവസവും കൊച്ചി ഡി.സി.പി യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ സമരക്കാരെ ക്രൂരമായി മര്‍ദിച്ചിരുന്നു. ലാത്തിച്ചാര്‍ജിനെത്തുടര്‍ന്ന് യു.ഡി.എഫ് ഇന്ന് വൈപ്പിനില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
അതേസമയം ബുധനാഴ്ച സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നതുവരെ എല്‍.പി.ജി ടെര്‍മിനലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊലിസ് ലാത്തിച്ചാര്‍ജിനെതിരേ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.