2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പൊലിസ് തലപ്പത്തെ അഴിച്ചുപണിക്കു പിന്നാലെ ഐ.എ.എസുകാര്‍ക്കും സ്ഥാനചലനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രധാന ചുമതല വഹിച്ചിരുന്നവരെയാണ് മാറ്റിയത്.
നിലവിലെ ഐ.ടി സെക്രട്ടറി പി.എച്ച്.കുര്യനെ മാറ്റി എം.ശിവശങ്കറെ നിയമിച്ചപ്പോള്‍ കുര്യനു വ്യവസായവകുപ്പിന്റെ മാത്രം ചുമതല നല്‍കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയാണ് എം.ശിവശങ്കര്‍. അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വി.എസ്.സെന്തിലിനെ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായും ഡോ. ഉഷ ടൈറ്റസിനെ പൊതുഭരണവകുപ്പിന്റെയും പൊതുജന സമ്പര്‍ക്കവകുപ്പിന്റെയും നോര്‍ക്കയുടെയും സെക്രട്ടറിയായും നിയമിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാനേജിങ് ഡയറക്ടറായും സുമന മേനോനെ സൈനികക്ഷേമവകുപ്പിന്റെയും പ്രിന്റിങ് ആന്റ് സ്റ്റേഷനറി വകുപ്പിന്റെയും സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ബി. ശ്രീനിവാസ് ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയായും റാണി ജോര്‍ജ് സാംസ്‌കാരിക സെക്രട്ടറിയായും തുടരും.
അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഡോ. കെ.എം.എബ്രഹാമിനെ ധനവകുപ്പിന്റെ ചുമതലയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന എ.പി.എം.മുഹമ്മദ് ഹനീഷിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടിക്കുപുറമേ കായിക യുവജനക്ഷേമവകുപ്പിന്റെയും ചുമതല നല്‍കിയിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞു മടങ്ങിയെത്തിയ ഡോ. വി.വേണുവിനെ ടൂറിസം സെക്രട്ടറിയായി നിയമിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ വകുപ്പിന്റെയും മ്യൂസിയം, പുരാവസ്തു വകുപ്പിന്റെയും ചുമതല വേണുവിനു നല്‍കിയിട്ടുണ്ട്.

കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്നു മടങ്ങിയെത്തിയ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാനും മാനേജിങ് ഡയറക്ടറും. ജ്യോതിലാലിനെ ഗതാഗത, ദേവസ്വം വകുപ്പുകളുടെ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ മാരപാണ്ഡ്യനു വനം,വന്യജീവി വകുപ്പിന്റെയും നികുതി, രജിസ്‌ട്രേഷന്‍, എക്‌സൈസ് വകുപ്പുകളുടെയും ചുമതല നല്‍കി. ഫിഷറീസ്, തുറമുഖം, ഹാര്‍ബര്‍ എന്‍ജിനീയറിങ്, കശുവണ്ടി, കയര്‍ വകുപ്പുകളുടെ ചുമതലയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസിനു നല്‍കിയിരിക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ആരോഗ്യവകുപ്പിന്റെ ചുമതല. വി.കെ ബേബിയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായും ടി.കെ ജോസിനെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു.

രാജു നാരായണസ്വാമിയെ കൃഷിവകുപ്പ് സെക്രട്ടറിയായി നിയമിച്ചതാണു മറ്റൊരു സുപ്രധാന തീരുമാനം. കഴിഞ്ഞ സര്‍ക്കാര്‍ അദ്ദേഹത്തിന് അര്‍ഹിച്ച പദവികള്‍ നല്‍കാതിരുന്നതു വിവാദമായിരുന്നു. കമലവര്‍ധനറാവുവിനെ ഫിനാന്‍സ് എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ ഷാജഹാന് സാമൂഹ്യനീതി, വഖ്ഫ്, ന്യൂനപക്ഷക്ഷേമ വകുപ്പുകളുടെ ചുമതല നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വിശ്വാസ് മേത്തയ്ക്ക് ലാന്റ്, റവന്യൂ, ഹൗസിങ് വകുപ്പുകളുടെ ചുമതലയാണ്. ഡോ. ആശാ തോമസ് ആയിരിക്കും സപ്ലൈകോയുടെ പുതിയ ചെയര്‍മാനും എം.ഡിയും. വെറ്ററിനറി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലായിരുന്ന ഡോ. ബി.അശോകിനെ ക്ഷീര, മൃഗസംരക്ഷണ, മൃഗശാല വകുപ്പുകളുടെ സെക്രട്ടറിയായും ടിങ്കു ബിസ്‌വാളിനെ ജലസേചന, ഉള്‍നാടന്‍ ജലഗതാഗത, കോസ്റ്റല്‍ ഷിപ്പിങ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ റസിഡന്റ് കമ്മിഷണറായി ഇന്ദര്‍ജിത്ത് സിങിനെയും അസിസ്റ്റന്റ് റസിഡന്റ് കമ്മിഷണറായി പുനീത് കുമാറിനെയും നിയമിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.