2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഐ എസ് മനുഷ്യകുലത്തിനു ഭീഷണി

മാനവികതയിലൂന്നിയ ആത്മീയതയാണു മതങ്ങളും ആചാര്യന്മാരും മുന്നോട്ടുവച്ചത്. ഇസ്‌ലാമും അതിനു വളരെവലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതരസമുദായങ്ങളുമായി ഇടകലര്‍ന്നുജീവിച്ചും ബന്ധങ്ങളിലും ഇടപാടുകളിലും മതംനോക്കാതെ സഹകരിച്ചും പരസ്പരംബഹുമാനിച്ചുമൊക്കെത്തന്നെയാണു നമ്മുടെ നാട്ടില്‍ നാളിതുവരെ മുസ്‌ലിംകള്‍  ജീവിച്ചു വന്നത്.

തങ്ങള്‍ വിശ്വസിക്കുന്നതല്ലാത്തതൊന്നും നിലനില്‍ക്കാന്‍ പാടില്ലെന്ന മതശുദ്ധിവാദവും അതിനു ലഭിച്ച വലിയസ്വീകാര്യതയുമാണു പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് എന്റെ കാഴ്ചപ്പാട്. ഇസ്‌ലാമില്‍ത്തന്നെ ധാരാളം വിശ്വാസ,സാംസ്‌കാരികധാരകളുണ്ട്. ഇത്തരം വൈിധ്യങ്ങള്‍ അംഗീകരിക്കാന്‍ റാഡിക്കല്‍ സലഫിസം തയ്യാറാവുന്നില്ലെന്നു മാത്രമല്ല സഹോദരസമുദായങ്ങളോട് ഇടകലര്‍ന്നും മതംനോക്കാതെ സഹകരിച്ചും ബഹുമാനിച്ചും ജീവിക്കുന്ന കേരളത്തിലെ സാധാരണക്കാരായ മുസ്‌ലിം ജനതയോട് ‘നിങ്ങള്‍ പിന്തുടരുന്നതല്ല യഥാര്‍ഥ ഇസ്‌ലാ’മെന്നും ശുദ്ധഇസ്‌ലാം (ദൈവത്തിന്റെയടുത്തു സ്വീകാര്യമായ വിശ്വാസ,ജീവിതരീതി) സലഫിസമാണെന്നും അതുതന്നെ റാഡിക്കല്‍ സലഫിസമാണെന്നും തെറ്റിദ്ധരിപ്പിക്കുകയാണവര്‍. അതിന്റെ പ്രതിഫലനമായാണു യുവാക്കള്‍ തങ്ങള്‍ക്കു കേരളത്തില്‍ ജീവിക്കാനാകില്ലെന്നും ശുദ്ധഇസ്‌ലാമാകാന്‍ പറ്റിയനാട്ടിലേയ്ക്കു പോകണമെന്നാഗ്രഹിക്കുന്നത്.

മക്കയിലെ വിശ്വാസികള്‍ കടുത്തഅക്രമങ്ങള്‍ക്കിരയാവുകയും അവരുടെ നിലനില്‍പ്പുതന്നെ ഭീഷണിയിലാവുകയും ചെയ്ത സന്ദര്‍ഭത്തില്‍ ആ രാജ്യത്തിന്റെ ഭരണാധികാരികൂടിയായ പ്രവാചകനോടു യുദ്ധംചെയ്യാന്‍ ആഹ്വാനംചെയ്ത് ഇറങ്ങിയ ഖുര്‍ആന്‍ ആയത്തിനെ മറയാക്കി 1400 വര്‍ഷങ്ങള്‍ക്കിപ്പുറം അത് അക്ഷരാര്‍ഥത്തില്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നത് മൗഢ്യമാണ്.

ഖുര്‍ആന്‍ മുഹമ്മദ് നബിയോടു യുദ്ധത്തിന് ആഹ്വാനംചെയ്തത് അദ്ദേഹം ഭരണാധികാരിയായിരുന്നപ്പോഴാണ്. അതിനുമുമ്പ് അങ്ങേയറ്റത്തെ ത്യാഗംസഹിക്കേണ്ടിവന്ന ഘട്ടങ്ങളില്‍ ഇത്തരമൊരു ആഹ്വാനമുണ്ടായിട്ടില്ല. അതിനാല്‍ യുദ്ധം ഭരണാധികാരികള്‍ക്കുമാത്രം അനുവദിക്കപ്പെട്ടതാണെന്നു വ്യക്തം. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അന്നത്തെ സാമൂഹികരാഷ്ട്രീയസാഹചര്യത്തിലിറങ്ങിയ ഖുര്‍ആനിലെ സൂക്തങ്ങളെ അതിന്റെ അക്ഷരാര്‍ഥത്തില്‍ ഇന്നു പ്രായോഗികവല്‍ക്കരിക്കണമെന്നു പറയുന്നത് ഖുര്‍ആനിനെ മനസിലാക്കേണ്ടരീതിയില്‍ മനസിലാക്കാത്തതിന്റെ തകരാറാണ്.

അടിസ്ഥാനപരമായി ലോകത്തു മതങ്ങള്‍ തമ്മിലുള്ള അന്തരം വളരെച്ചെറുതാണ്. എല്ലാറ്റിന്റെയും അടിസ്ഥാനതത്വം ഒന്നാണ്. എല്ലാ മതങ്ങളും നയിക്കുന്നത് ഏകനായ സൃഷ്ടാവിലേയ്ക്കാണ്. ഓം ശാന്തി, അസലാമു അലൈകും എന്നീ പ്രയോഗങ്ങളുടെ വാക്കര്‍ഥം ഒന്നുതന്നെ. ദൈവത്തില്‍നിന്നുള്ള ശാന്തി താങ്കള്‍ക്കുണ്ടാവട്ടെ എന്ന മഹത്തായ പ്രാര്‍ഥനാവചനമാണു രണ്ടും. ഇവയിലൊന്നു മറ്റേവിഭാഗക്കാര്‍ക്ക് അരോചകമായിത്തോന്നുന്നു മനസിലാക്കുന്നതിലെ തെറ്റുകൊണ്ടാണ്. ക്രിസ്ത്യാനികളും മുസ്‌ലിംകളും ഇബ്രാഹിംനബിയുടെ (അബ്രഹാം പ്രവാചകന്റെ) മക്കളായ ഇസ്മഈലിന്റെയും ഇസ്ഹാഖിന്റയും സന്താനപരമ്പരയില്‍നിന്നുണ്ടായവരാണ്.

പരസ്പരം കൊണ്ടുംകൊടുത്തും എകോദരസഹോദങ്ങളായി ജീവിക്കേണ്ട സമുദായങ്ങള്‍ക്കിടയിലേയ്ക്കു വെറുപ്പിന്റെയും ഭീതിയുടെയും വിത്തുവിതയ്ക്കുന്നവരുടെ ലക്ഷ്യങ്ങളും താല്‍പ്പപര്യങ്ങളും തിരിച്ചറിയേണ്ടതുണ്ട്. ക്രിസ്തുവര്‍ഷം 1209 ല്‍ ഫ്രാന്‍സിലെ പോപ് ഇന്നസെന്റ് മൂന്നാമന്റെ നേതൃത്വത്തില്‍ ലോകത്തിലെ െ്രെകസ്തവരല്ലാത്തവരെ ഒന്നടങ്കം കുരിശുയുദ്ധത്തിന്റെ മറവില്‍ ഇല്ലായ്മചെയ്യാന്‍ രണ്ടു പതിറ്റാണ്ടുകാലത്തിലധി ശ്രമിച്ചതിനുശേഷം അതിനോടൊപ്പമോ അതിനുമേലേയോ വയ്ക്കാവുന്ന ക്രൂരതകള്‍ക്കു നേതൃത്വം കൊടുക്കുകയാണ് ഇന്ന് ഐ.എസ്.

ഇസ്ലാമിലെ ത്യാഗത്തിന്റെ മൂര്‍ത്തഭാവത്തെ പരാമര്‍ശിക്കുന്ന പവിത്രമായ ജിഹാദിനെ വക്രീകരിക്കുന്ന അര്‍ഥം ചാര്‍ത്തി വികലമാക്കി, അതിന്റെ പേരില്‍ അക്രമിസംഘം രൂപീകരിച്ച്, അതിന്റെ സ്വയംപ്രഖ്യാപിതനേതാവായി അവരോധിതനായ അബൂബക്കര്‍ അല്‍ ബഗ്ദാദിയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവുംവലിയ അക്രമകാരിയെന്നു നിസ്സംശയം പറയാം. ഇസ്‌ലാമിനെ മോശമായി ചിത്രീകരിക്കാന്‍ ഇസ്രാഈല്‍ ചുമതലപ്പെടുത്തിയ ജൂതഏജന്റാണ് അബൂബക്കര്‍ അല്‍ ബഗ്ദാദി എന്ന ആരോപണവും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. ഏതായാലും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ രൂപികരണത്തിലും അതിന്റെ ശക്തമായ ഈ നിലനില്‍പ്പിലും അമേരിക്കയുടെയും ഇസ്‌റായേലിന്റെയും രാഷ്ട്രീയം ഉണ്ട് എന്നതിന് ധാരാളം തെളിവുകളുണ്ട്.

ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത അക്രമികളുടെയും കൊള്ളക്കാരുടെയും സംഘമായ ഇസ് ലാമിക് സ്‌റ്റേറ്റില്‍ ആകൃഷ്ടരായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു സിറിയയിലേയ്ക്കു വിശുദ്ധ ുദ്ധത്തില്‍ രക്തസാക്ഷികളാവാന്‍ യുവാക്കള്‍ കൂട്ടത്തോടെ പോയിക്കൊണ്ടിരിക്കുന്ന വാര്‍ത്തയാണു കേട്ടുകൊണ്ടിരിക്കുന്നത്. കേരളത്തില്‍നിന്നുപോലും ആളുകള്‍ പോയെന്നതു ഞെട്ടിക്കുന്ന വാര്‍ത്തയാണ്. സമാധാനത്തിന്റെ മതമായ ഇസ്ലാമിന്റെ കടമ നിര്‍ഭയസമൂഹത്തെ സൃഷ്ടിക്കുകയെന്നതാണ്. ഇതു സമഗ്രചര്‍ച്ചയ്ക്കു വിധേയമാക്കി പരിഹാരമാര്‍ഗം കണ്ടെത്താന്‍ ആഗോള മുസ്‌ലിം നേതൃത്വം തയാറാവണം. നിഷ്‌കളങ്കനായ ഒരു മനുഷ്യനെ കൊന്നാല്‍ ലോകത്തെ മുഴുവന്‍ മനുഷ്യരെയും കൊന്ന പാപം പേറണമെന്നു വിശ്വസിക്കുന്ന മുസ്‌ലിമിന് എങ്ങനെയാണ് ഐ.എസ് ആവാന്‍ കഴിയുക.

ആസിഫ് കുന്നത്ത്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.