2017 August 17 Thursday
അധ്വാനം പ്രശസ്തിയുടെ പിതാവാണ്
യുറിപ്പിടിസ്‌

ഐ.എസ്.എല്‍ ഡ്രാഫ്റ്റ്:  അനസ് എടത്തൊടിക ശ്രദ്ധേയ താരം

രഞ്ജിത്ത് തൃക്കുറ്റിശ്ശേരി

 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നാലാം അധ്യായത്തിനുള്ള ഒരുക്കങ്ങള്‍ ടീമുകള്‍ തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് സീസണുകളിലും എട്ട് ടീമുകള്‍ മാറ്റുരച്ച ലീഗിലേക്ക് പുതിയതായി രണ്ട് ടീമുകള്‍ കൂടി വരികയാണ്. മുന്‍ ഐ ലീഗ് ചാംപ്യന്‍മാരും നിലവിലെ ഫെഡറേഷന്‍ കപ്പ് ജേതാക്കളുമായ ബംഗളൂരു എഫ്.സിയും സ്വന്തമായി ഫുട്‌ബോള്‍ അക്കാദമി സ്ഥാപിച്ച് ഇന്ത്യക്ക് മികവുറ്റ താരങ്ങളെ സമ്മാനിക്കാന്‍ കാലങ്ങളായി പ്രയത്‌നിക്കുന്ന വ്യവസായ സംരഭകര്‍ കൂടിയായ ടാറ്റയുടെ ജംഷഡ്പൂര്‍ ടീമുമാണ് ഐ.എസ്.എല്ലിന്റെ നിറക്കാഴ്ചകളിലേക്ക് എത്തിച്ചേരുന്നത്. പത്ത് ടീമുകളുള്ള വലിയ ക്യാന്‍വാസിലേക്ക് നാലാം അധ്യായത്തോടെ ഐ.എസ്.എല്‍ വളരുകയാണ്.
മൂന്ന് സീസണുകളില്‍ രണ്ടിലും ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, രണ്ട് തവണ രണ്ടാം സ്ഥാനം സ്വന്തമാക്കിയ കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എഫ്.സി, നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്, എഫ്.സി ഗോവ, രണ്ടാം സീസണില്‍ ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സി, പൂനെ സിറ്റി എഫ്.സി, ഡല്‍ഹി ഡൈനാമോസ് എന്നിവയാണ് മറ്റ് ടീമുകള്‍. നാലാം സീസണിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്ന താര ലേലത്തിന്റെ ആദ്യ ഘട്ടം ഈ മാസം 23ന് നടക്കും. ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ഡ്രാഫ്റ്റാണ് അരങ്ങേറുന്നത്.
ഡല്‍ഹി ഡൈനാമോസ് ഒഴികെ മറ്റ് ടീമുകള്‍ വിലപ്പെട്ട താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ഒരു ഇന്ത്യന്‍ താരത്തെയും നിലനിര്‍ത്താതെയാണ് ഡല്‍ഹി ഡൈനാമോസ് ലേലത്തിനെത്തുന്നത്. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിലും ഐ ലീഗിലുമായി ഇക്കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ മുഖ്യ ശ്രദ്ധാകേന്ദ്രങ്ങളാകുന്നു എന്നതാണ് ഡ്രാഫ്റ്റിന്റെ ഹൈ ലൈറ്റ്. മലയാളിയും പ്രതിരോധത്തിലെ മികച്ച താരവുമായ അനസ് എടത്തൊടിക, ഡിഫന്‍സീവ് മിഡ്ഫീല്‍ഡറും വെറ്ററന്‍ താരവുമായ മെഹ്താബ് ഹുസൈന്‍, മധ്യനിര താരം യൂജിന്‍സന്‍ ലിങ്‌ദോ, മുന്നേറ്റ താരം റോബിന്‍ സിങ്, യുവ പ്രതിരോധ താരം പ്രിതം കോട്ടാല്‍ എന്നീ അഞ്ച് താരങ്ങളെ ആര് സ്വന്തമാക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ താരങ്ങള്‍ക്കായി ടീമുകള്‍ മത്സരിച്ച് രംഗത്തുണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒപ്പം ഇന്ത്യയിലെ മികച്ച യുവ താരങ്ങളേയും ടീമുകള്‍ നോട്ടമിടും.

അനസ് എടത്തൊടിക
കഴിഞ്ഞ രണ്ട് സീസണുകളിലും പ്രതിരോധക്കോട്ട കാത്ത മലയാളി താരം അനസ് എടത്തൊടികയെ നിലനിര്‍ത്താതെ ഡ്രാഫ്റ്റിന് വിട്ട ഡല്‍ഹി ഡൈനാമോസിന്റെ തീരുമാനം ഫുട്‌ബോള്‍ പണ്ഡിതരെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. മോഹന്‍ ബഗാന് വേണ്ടി ഐ ലീഗിലും ഫെഡറേഷന്‍ കപ്പിലും മിന്നും പ്രകടനമാണ് അനസ് പുറത്തെടുത്തത്. മലപ്പുറം ജില്ലയിലെ മുണ്ടപ്പലം സ്വദേശിയായ അനസ് സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരമാണ്. ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള ഇത്തവണത്തെ പുരസ്‌കാരം വരെ സ്വന്തമാക്കിയ അനസിനെ നിലനിര്‍ത്താന്‍ ഒരുങ്ങാതെ ഡല്‍ഹി കൈയൊഴിഞ്ഞത് ഞെട്ടിക്കുന്ന തീരുമാനമായാണ് വിലയിരുത്തപ്പെട്ടത്. ഡ്രാഫ്റ്റില്‍ അനസിനെ സ്വന്തമാക്കാനായി ടീമുകള്‍ അരയും തലയും മുറുക്കി ഏതറ്റം വരെ പോകാനും തയ്യാറാകും.
അനസിനെ ടീമിലെത്തിക്കണമെന്ന് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ആവശ്യം ഉന്നയിച്ചത് ബ്ലാസ്റ്റേഴ്‌സ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സന്ദേശ് ജിങ്കനൊപ്പം അനസ് കൂടി ചേരുകയാണെങ്കില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ നിരയുള്ള ടീമായി ബ്ലാസ്റ്റേഴ്‌സ് മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സീസണില്‍ സ്ഥിരത മുഖമുദ്രയാക്കിയുള്ള അനസിന്റെ മികവിനാണ് കളിക്കാരുടെ അസോസിയേഷന്റെ ഇത്തവണത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം. ഒപ്പം ഐ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരവും അനസിന് തന്നെയാണ് ലഭിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിലുമായി ഡൈനാമോസിനായി പുറത്തെടുത്ത മികവിന്റെ പിന്‍ബലത്തിലാണ് താരം കൊല്‍ക്കത്തന്‍ കരുത്തരായ മോഹന്‍ ബഗാന്റെ പാളയത്തിലെത്തിയത്. ഒപ്പം നടാടെ ദേശീയ ടീമിനായി അരങ്ങേറാനും താരത്തിന് സാധിച്ചു. ബഗാനെ ഐ ലീഗ്, ഫെഡറേഷന്‍ കപ്പ് പോരാട്ടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിക്കുന്നതില്‍ മലയാളി താരം പുറത്തെടുത്ത മികവും ശ്രദ്ധേയമായിരുന്നു. ഐ.എസ്.എല്‍ ഡ്രാഫ്റ്റില്‍ ടീമുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങളില്‍ അനസ് മുന്നില്‍ നില്‍ക്കുന്നു.

മെഹ്താബ് ഹുസൈന്‍
ഐ.എസ്.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ കളിക്കുന്ന വെറ്ററന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ മെഹ്താബിനെ നിലനിര്‍ത്താന്‍ കേരള ടീം ആദ്യം തുനിഞ്ഞിരുന്നു. മുന്നേറ്റ താരം സി.കെ വിനീതിനൊപ്പം മെഹ്താബിനെയും നിലനിര്‍ത്തി സന്ദേശ് ജിങ്കനെ ഡ്രാഫ്റ്റില്‍ വിടാനായിരുന്നു അധികൃതരുടെ പദ്ധതി. എന്നാല്‍ ജിങ്കനെ കൈയൊഴിയുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നതോടെയാണ് മെഹ്താബിനെ ലേലത്തില്‍ വിടാന്‍ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിയത്. ഇന്ത്യന്‍ ഫുട്‌ബോളിലെ വര്‍ത്തമാന മുഖങ്ങളില്‍ സുപരിചിതനായ മെഹ്താബ് ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകനായിരുന്ന ട്രെവര്‍ മോര്‍ഗന്റെ പ്രിയപ്പെട്ട താരം കൂടിയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഈസ്റ്റ് ബംഗാളിനായി കളിക്കുന്ന താരത്തിന്റെ പരിചയ സമ്പത്താണ് ടീമുകള്‍ക്ക് നോട്ടമിടുന്ന പ്രധാന ഘടകം.

യൂജിന്‍സെന്‍ ലിങ്‌ദോ
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ സൃഷ്ടിച്ച വിപ്ലവത്തില്‍ പൊട്ടിമുളച്ച താരമാണ് യൂജിന്‍സെന്‍ ലിങ്‌ദോ. 2014 മുതല്‍ ബംഗളൂരു എഫ്.സി നിരയിലുള്ള ലിങ്‌ദോ ഐ.എസ്.എല്ലില്‍ കഴിഞ്ഞ രണ്ട് സീസണിലും പൂനെ സിറ്റി എഫ്.സിക്കായാണ് കളത്തിലെത്തിയത്. ബംഗളൂരു എഫ്.സി ഇത്തവണ ആദ്യമായി ഐ.എസ്.എല്ലിലേക്ക് വന്നെങ്കിലും അവര്‍ താരത്തെ നിലനിര്‍ത്തിയില്ല. ഒപ്പം പൂനെയും നിലനിര്‍ത്താന്‍ ഒരുങ്ങിയില്ല. മികച്ച പാസുകള്‍ നല്‍കി മുന്നേറ്റക്കാര്‍ക്ക് ഗോളടിക്കാനുള്ള അവസരമൊരുക്കുന്നതിലെ മികവാണ് താരത്തിന്റെ സവിശേഷത. ഈ മികവായിരിക്കും ഡ്രാഫ്റ്റില്‍ ഷില്ലോങില്‍ നിന്നുള്ള താരത്തെ സ്വന്തമാക്കാന്‍ ടീമുകളെ പ്രേരിപ്പിക്കുക.

റോബിന്‍ സിങ്
ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച മുന്നേറ്റ താരങ്ങളിലൊരാള്‍. ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനും എഫ്.സി ഗോവയ്ക്കുമായി കളിച്ചു. ഐ ലീഗില്‍ ഈസ്റ്റ് ബംഗാള്‍, ബംഗളൂരു ടീമുകള്‍ക്കായി ഇറങ്ങിയ റോബിന്‍ നിലവില്‍ വായ്പാടിസ്ഥാനത്തില്‍ ഈസ്റ്റ് ബംഗാളിനായി ഇറങ്ങുന്നു. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെ കളിക്കളത്തിലേക്ക് എത്തിയ താരത്തെ സ്വന്തമാക്കാന്‍ പുതിയതായി ഐ.എസ്.എല്ലിലേക്ക് കടന്നുവന്ന ടാറ്റയുടെ ജംഷഡ്പൂര്‍ എഫ്.സി കിണഞ്ഞ് ശ്രമിക്കും. ഐ.എസ്.എല്ലില്‍ രണ്ട് സീസണുകളിലായി അഞ്ച് ഗോളുകള്‍ നേടാന്‍ റോബിന് സാധിച്ചിട്ടുണ്ട്.

പ്രിതം കോട്ടാല്‍
മോഹന്‍ ബാഗാന്റെ സീസണിലെ മുന്നേറ്റത്തില്‍ അനസ് എടത്തൊടികക്കൊപ്പം പ്രതിരോധത്തില്‍ സുപ്രധാന പങ്ക് വഹിച്ച താരമാണ് പ്രിതം. ചാംപ്യന്‍ ടീം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത താരത്തെ നിലനിര്‍ത്താതെ ഡ്രാഫ്റ്റിന് വിടുകയായിരുന്നു. മികവ് ഉപയോഗപ്പെടുത്തുക ലക്ഷ്യമിട്ട് ടീമുകള്‍ 23കാരനായ യുവ താരത്തിനായി അവസാനം വരെ ശ്രമിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.