2020 June 03 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഐലന്‍ കുര്‍ദിയുടെ കണ്ണുനീര്‍

ശ്രീകുമാര്‍ ചേര്‍ത്തല

ഐലന്‍, വിജനമീ തീരത്ത്

നിശ്ചലനായുപ്പു മണലില്‍ നീ കിടക്കവേ,
നിരാശ്രയം നിന്റെ കണ്ണീരും തുടു-
വേര്‍പ്പുമീക്കടല്‍ വെള്ളം പോലെ പെരുകുന്നുവോ ?
വാമനപാദത്താല്‍ നിഷ്‌കാസിതനായിത്തീര്‍ന്നൊരു
മാബലി തന്‍ നിസഹായതയോ നീ?
ഭരണലഹരി വെടിഞ്ഞു കാനനം പൂകിയ
രാമന്റെയാദര്‍ശമോ നീ?
അമൃതജന്മത്തിന്‍ മധുരിമ മടുത്തു
സരയുവില്‍ ജലസമാധിയിലേക്കാണ്ടൊരു ദര്‍ശനമോ?
സുഖസമൃദ്ധി നിഷ്‌കരുണം തള്ളി
ജനങ്ങളിലേക്കിറങ്ങിയ ഗൗതമകാമനയോ നീ?
ഒറ്റച്ചിലമ്പെറിഞ്ഞ് മധുരാപുരി വിട്ടകന്ന
കണ്ണകി തന്നാത്മരോദനം കേള്‍ക്കുന്നുവോ?
ഹെറോദേസിന്റെയാജ്ഞയാല്‍ നസറായനനായൊരു
പുണ്യയേശുവിന്‍ സങ്കല്‍പനമോ നീ?
പിറന്ന മണ്ണില്‍നിന്ന് പലായനം ചെയ്‌തോരു
വിശുദ്ധ മുഹമ്മദിന്‍ മൗനം നീ?
ഓഷ്വിറ്റ്‌സ് ചുടലയില്‍ ഊഴം കാത്തുനിന്ന
ജൂതന്റെ ഹൃദന്തസ്പന്ദനമോ?
വിഭജന മുറിവാല്‍ വിരണ്ടു പാഞ്ഞൊരു
വംഗദേശത്തിന്‍ ഗദ്ഗദമോ നീ?
ഡീഗോ ഗാര്‍ഷ്യയില്‍നിന്നു പുറന്തള്ളപ്പെട്ട
മണ്ണിന്‍ മകനോ നീ?
സ്വഭൂമി കൈവിട്ടു തലചായ്ക്കാനൊരടി മണ്ണിനായലയുന്ന
റോഹിംഗ്യതന്‍ ദീനവിലാപം നീ?
ജീവിതത്തില്‍ നിന്നമരമാം
കവിതയിലേക്കൊളിച്ചോടുന്ന ഞാനോ,
ജീവനത്തില്‍നിന്നനശ്വര
മൃതിയിലേക്കലിയുന്ന ഞാനോ നീ?
അഭയാര്‍ഥി നീയോ നിന്നെ നാടുകടത്തി,
വാതില്‍ കൊട്ടിയടച്ചോരരാജത്വമോ?
നിഷ്പന്ദം നിന്നധരങ്ങളില്‍നിന്ന്
പരക്കുന്ന മൗനത്തില്‍ മുങ്ങുന്നു വിശ്വവും ഞാനും.


1. ഐലന്‍ കുര്‍ദി: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍നിന്നു
പലായനം ചെയ്യുമ്പോള്‍ മരണപ്പെട്ട അഭയാര്‍ഥി ബാലന്‍.
2.ഓഷ്വിറ്റ്‌സ്: നാസികളുടെ വിഷവാതക ക്യാംപ്.
3. ഡീഗോ ഗാര്‍ഷ്യ : അറബിക്കടലിലെ അമേരിക്കന്‍ സൈനികത്താവളമായ ദ്വീപ്. തദ്ദേശവാസികളെ നാടുകടത്തിയ ശേഷം ബ്രിട്ടന്‍ അമേരിക്കയ്ക്കു കൈമാറി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.