2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഏഷ്യ കപ്പ് ടി20: ഉദ്ഘാടന മത്സരത്തില്‍ ഇന്നു ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം

ധാക്ക: ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് പൂരം ഏഷ്യ കപ്പ് ടി20 പോരാട്ടങ്ങള്‍ക്കു ഇന്നു ധാക്കയിലെ ഷേര്‍ബംഗ്ലാ സ്റ്റേഡിയത്തില്‍ അരങ്ങുണരും. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യോഗ്യതാ പോരാട്ടം വിജയിച്ചെത്തുന്ന യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) അടക്കം അഞ്ചു രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഇന്നു മുതല്‍ മാര്‍ച്ച് ആറു വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

നേരത്തെ 12 തവണ ഏകദിന ഫോര്‍മാറ്റില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റ് ടി20 ഫോര്‍മാറ്റിലേക്ക് മാറ്റിയാണ് ഇത്തവണ നടത്തുന്നത്. ആ നിലയ്ക്ക് പ്രഥമ പോരാട്ടമെന്ന് ടൂര്‍ണമെന്റിനെ വിശേഷിപ്പിക്കാം.
12 തവണയില്‍ ഇന്ത്യയും ശ്രീലങ്കയും അഞ്ചു തവണ വീതവും പാകിസ്താന്‍ രണ്ടു തവണയും ഏഷ്യന്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഏഷ്യന്‍ പോരാട്ടം അവസാനിച്ചയുടനെ തന്നെയാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. അതിനാല്‍ ടീമുകള്‍ക്ക് അതിനു മുമ്പുള്ള നിര്‍ണായക തയ്യാറെടുപ്പെന്ന നിലയിലും പോരാട്ടം ശ്രദ്ധേയമാകുന്നു.
ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയും ആതിഥേയരായ ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടും.
നാലു രാജ്യങ്ങള്‍ പങ്കെടുത്ത യോഗ്യതാ പോരാട്ടം വിജയിച്ചാണ് യു.എ.ഇ അഞ്ചാം ടീമായി എത്തുന്നത്. അഫ്ഗാനിസ്താന്‍, ഒമാന്‍, ഹോങ്കോങ് ടീമുകള്‍ക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല.

കരുതലോടെ ഇന്ത്യ

നായകന്‍ എം.എസ് ധോണിക്ക് അവസാന നിമിഷത്തില്‍ പരുക്കേറ്റതടക്കമുള്ള വേവലാതികളിലാണ് ഇന്ത്യ. നിലവില്‍ ടി20യിലെ ഒന്നാം റാങ്കിലുള്ള ഇന്ത്യ മികച്ച ഫോമിലാണ്. പരിശീലനത്തിനിടെ ധോണിക്ക് പേശിവലിവ് അനുഭവപ്പെട്ടതും കരുതലെന്ന നിലയില്‍ പാര്‍ഥിവ് പട്ടേലിനെ ടീമിലെടുത്തതും ചേര്‍ത്തു വായിക്കുമ്പോള്‍ ധോണി ഇറങ്ങുന്ന കാര്യം ഉറപ്പായിട്ടില്ല.
ബംഗ്ലാദേശ് കരുത്തുറ്റ നിരയാണ്. ഇന്ത്യയെ കീഴടക്കി ഏകദിന പരമ്പര നേടി ചരിത്രമെഴുതിയ ബംഗ്ലാദേശ് ടീമിനെ അതിനു ശേഷം ഇന്നാണ് ഇന്ത്യ നേരിടാനിറങ്ങുന്നത്. കോച്ച് ചന്ദ്രിക ഹതുരസിംഗയുടെ കീഴില്‍ ബംഗ്ലാ ക്രിക്കറ്റ് കൈവരിച്ച മുന്നേറ്റം ശ്രദ്ധേയമാണ്. ഒപ്പം സ്വന്തം നാട്ടിലാണ് കളിയെന്നതും അവര്‍ക്ക് കരുത്തേകുന്ന ഘടകമാണ്. അതിനാല്‍ എതിരാളികളെ എഴുതി തള്ളാന്‍ ഇന്ത്യന്‍ ക്യാമ്പ് തയ്യാറാകില്ല.
സാധ്യതാ ടീം: ഇന്ത്യ- ധോണി (നായകന്‍) (പാര്‍ഥിവ് പട്ടേല്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, യുവരാജ് സിങ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്‌റ, ആശിഷ് നെഹ്‌റ.
ബംഗ്ലാദേശ്: മുഷ്‌റഫി മൊര്‍താസ (നായകന്‍), സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് മിഥുന്‍, സബ്ബിര്‍ റഹ്മാന്‍, മുഹമദുല്ല, മുഷ്ഫിഖര്‍ റഹിം, ഷാകിബ് അല്‍ ഹസന്‍, നൂറുല്‍ ഹസന്‍, അരാഫത് സണ്ണി, മുസ്താഫിസുര്‍ റഹ്മാന്‍, അല്‍ അമിന്‍ ഹുസൈന്‍.

ലക്ഷ്യം ലോകകപ്പ്: വിരാട് കോഹ്‌ലി

ധാക്ക: ലോകകപ്പിനു മുമ്പ് ടീമിന്റെ ശക്തി- ദൗര്‍ബല്യങ്ങള്‍ അറിയാനുള്ള മികച്ച അവസരമാണ് ഏഷ്യാ കപ്പില്‍ കളിക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് ഇന്ത്യന്‍ ഉപ നായകന്‍ വിരാട് കോഹ്‌ലി.
പാകിസ്താന്‍, ശ്രീലങ്ക അടക്കമുള്ള ഇതേ എതിരാളികളെ തന്നെ ലോകകപ്പിലും നേരിടേണ്ടതിനാല്‍ ടീമിന്റെ സന്തുലിതാവസ്ഥയും എതിരാളികളുടെ പോരായ്മകളും വിലയിരുത്താനുള്ള മികച്ച അവസരമാണ് മുന്നില്‍. ഏഷ്യാ കപ്പ് വെല്ലുവിളി ഉയര്‍ത്തുന്ന ടൂര്‍ണമെന്റാണ്. വ്യത്യസ്ത കഴിവുകളുള്ള ടീമുകളെ എതിരാളികളായി ലഭിക്കുന്നത് സ്വയം പരിശോധനകള്‍ക്ക് കൂടുതല്‍ സാഹയിക്കുമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
ഏതു വിഭാഗത്തിലായാലും ബൗളര്‍മാര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെന്നു ബംഗ്ലാദേശ് നായകന്‍ മുഷ്‌റഫി മൊര്‍താസ. മികച്ച കഴിവുള്ള പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും ബാറ്റ്‌സ്മാന്‍മാര്‍ക്ക് വേവലാതി സൃഷ്ടിക്കാനുള്ള ഗൃഹപാഠങ്ങള്‍ താരം നടത്തുന്നുണ്ടെന്നും ബംഗ്ലാ നായകന്‍ പറഞ്ഞു.
ആത്മവിശ്വാസത്തോടെ സ്വതന്ത്രമായാണ് കളിക്കാനിറങ്ങുന്നത്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.