2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഏഷ്യന്‍ ഗെയിംസ് താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍കൊയ്ത്ത് നടത്തി തിരിച്ചെത്തിയ താരങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ പാരിതോഷികവും അവാര്‍ഡും പ്രഖ്യാപിച്ചു. കായിക ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലത്തേയും മികച്ച മെഡല്‍ വേട്ടയാണ് കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നടത്തിയത്.
ഇതിനെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. സ്വര്‍ണം നേടിയ താരങ്ങള്‍ക്ക് 40 ലക്ഷം രൂപയും വെള്ളി നേടിയവര്‍ക്ക് 20 ലക്ഷവും വെങ്കലം നേടിയവര്‍ക്ക് 10 ലക്ഷവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ടീമിനങ്ങളില്‍ സ്വര്‍ണം നേടിയാലും ഇതേ തോതില്‍ പാരിതോഷികം ലഭിക്കും. ഇതിനു പുറമെ വിവധ സംസ്ഥാന സര്‍ക്കാറുകളും താരങ്ങള്‍ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
രണ്ട് വെള്ളി നേടിയ ദ്യുതി ചന്ദിന് ഒഡിഷ സര്‍ക്കാര്‍ മൂന്ന് കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. സ്വര്‍ണം നേടിയവര്‍ക്ക് മൂന്ന് കോടി രൂപയും വെള്ളി നേടിയവര്‍ക്ക് 1.50 കോടിയും വെങ്കലം നേടിയവര്‍ക്ക് 75 ലക്ഷം രൂപയുമാണ് ഹരിയാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്. തമിഴ്‌നാട് സര്‍ക്കാരും തങ്ങളുടെ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കേരളത്തില്‍ നിന്ന് മെഡല്‍ നേടിയവര്‍ക്ക് പാരിതോഷികങ്ങളൊന്നും കേരളാ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. മെഡല്‍ നേടിയവരെയെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിക്കുക മാത്രമാണുണ്ടായത്. പ്രളയക്കെടുതിയില്‍ പെട്ട സമയത്ത് കൂടുതല്‍ പാരിതോഷികങ്ങളൊന്നും കേരളം പ്രഖ്യാപിക്കാനിടയില്ല.
ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇങ്ങനെയായിരുന്നു മുഹമ്മദ് അനസിന്റെ പ്രതികരണം. കേരളാ സര്‍ക്കാറില്‍ നിന്ന് പാരിതോഷികള്‍ സ്വീകരിക്കാന്‍ പറ്റിയ അവസരമല്ല ഇതെന്നും ഇപ്പോള്‍ പ്രളയക്കെടുതി പരിഹരിക്കലാണ് പ്രധാന ലക്ഷ്യമെന്നുമായിരുന്നു കേരളാ താരം മുഹമ്മദ് അനസ് പ്രതികരിച്ചത്. മറ്റൊരവസരത്തില്‍ താരങ്ങളെ അഭിനന്ദിക്കുമെന്ന കാര്യം മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.