2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഏഷ്യന്‍ എയര്‍ഗണ്‍ ചാംപ്യന്‍ഷിപ്പ്: സൗരഭ് ചൗധരിക്ക് സ്വര്‍ണം

 

കുവൈത്ത് സിറ്റി: ഇന്ത്യയുടെ കൗമാര ഷൂട്ടിങ് താരം സൗരഭ് ചൗധരിക്ക് ഏഷ്യന്‍ എയര്‍ഗണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് താരം സ്വര്‍ണം വെടിവച്ചിട്ടത്. സീസണില്‍ താരത്തിന്റെ നാലാം സ്വര്‍ണമെഡലാണിത്. സൗരഭ് ചൗധരിയും അര്‍ജുന്‍ സിങ് ചീമയും അന്‍മോള്‍ ജയിനും അടങ്ങിയ ഇന്ത്യന്‍ സഖ്യം ടീം വിഭാഗത്തിലും സ്വര്‍ണം സ്വന്തമാക്കി. ഇതോടെ ടൂര്‍ണമെന്റില്‍ സൗരഭിന്റെ സ്വര്‍ണനേട്ടം രണ്ടായി. 238.9 പോയിന്റോടെയാണ് മീററ്റുകാരന്‍ ഒന്നാമതെത്തിയത്. സിംഗിള്‍സില്‍ ഇന്ത്യയുടെ തന്നെ അര്‍ജുന്‍ സീമ (237.7) വെള്ളി മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ ചൈനീസ് തായ്‌പെയുടെ ഹുവാങ് വെയ്ടി (218) വെങ്കലവും സ്വന്തമാക്കി. അന്‍മോളിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ടീമിനത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ത്രയത്തിന് ചെറിയ പോയിന്റ് വ്യത്യാസത്തിലാണ് ലോക, ഏഷ്യന്‍ ജൂനിയര്‍ റെക്കോര്‍ഡ് നഷ്ടമായത്.
നേരത്തെ ഇന്ത്യന്‍ മേധാവിത്വം കണ്ട യോഗ്യതാ റൗണ്ടില്‍ സൗരഭിനെ പിന്തള്ളി അര്‍ജുന്‍ ഒന്നാമതെത്തിയിരുന്നു. ഇവിടെ അന്‍മോള്‍ രണ്ടാമതായി ഫിനിഷ് ചെയ്തപ്പോള്‍ സൗരഭിന് മൂന്നാം സ്ഥാനത്തേ എത്താന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് നടന്ന ഫൈനല്‍ റൗണ്ടിലാണ് സൗരഭ് മികച്ച പ്രകടനം പുറത്തെടുത്തത്.
സൗരഭ് കൂടി സ്വര്‍ണം നേടിയതോടെ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം 10 ആയി. മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവുമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സമ്പാദ്യം. ബുധനാഴ്ച ഇന്ത്യയുടെ അംഗത് വീര്‍ സിങ് ബജ്‌വ സ്‌കീറ്റ് ഇനത്തില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.