2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഏഴ് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

 

ജമ്മു: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന പാകിസ്താന്റെ ഏഴ് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐ.എസ്.പി.ആര്‍ (ഇന്റര്‍ സര്‍വിസസ് പബ്ലിക് റിലേഷന്‍സ്) പത്രക്കുറിപ്പില്‍ അറിയിച്ചു. നിരവധി പാക് സൈനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണത്തിനെതിരേയായിരുന്നു ഇന്ത്യന്‍ സേനയുടെ ശക്തമായ തിരിച്ചടി.

ജമ്മുകശ്മിരിലെ രജൗറി, പൂഞ്ച് ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങളെയും സൈനിക പോസ്റ്റുകളെയും ലക്ഷ്യമാക്കിയാണ് പാക് ആക്രമണം തുടരുന്നത്. അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ബി.എസ്.എഫ് ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. ആറുവയസുകാരിയായ പെണ്‍കുട്ടിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് ബി.എസ്.എഫ് ജവാന്‍മാര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പൂഞ്ച്, രജൗറി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.

ഇതിനെതിരേയുള്ള ശക്തമായ തിരിച്ചടിയിലാണ് പാകിസ്താന് കനത്ത നാശനഷ്ടമുണ്ടായത്. അതിര്‍ത്തിയില്‍ പാക് പ്രവിശ്യയായ രാഖ്ചിക്രി, റാവല്‍കോട്ട് എന്നിവിടങ്ങളിലെ സൈനിക പോസ്റ്റുകളാണ് ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നത്.

ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കെതിരേ 120 എം.എം മോര്‍ട്ടാറുകള്‍ ഉപയോഗിച്ചുള്ള പാക് ആക്രമണത്തില്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയ ശേഷമാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി ശക്തമാക്കിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.