2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഏലത്തോട്ടങ്ങളില്‍ കര്‍ഷകര്‍ ജോലി നിര്‍ത്തിവച്ചു

രാജാക്കാട്: കാട്ടാന ശല്യത്തില്‍ ഉറക്കം നഷ്ടപ്പെട്ട് ഹൈറേഞ്ച് നിവാസികള്‍. കഴിഞ്ഞ ദിവസം രാജകുമാരി മഞ്ഞക്കുഴിയില്‍ എത്തിയ കാട്ടാന കജനപ്പാറ, അരമനപ്പാറ മേഖലകളില്‍ നിലയുറപ്പിച്ചിരക്കുകയാണ്. രാത്രിയില്‍ തീയിട്ടും പടക്കം പൊട്ടിച്ചും ഉറക്കമളച്ച് കാവലിരിക്കുകയാണ് നാട്ടുകാര്‍. കാട്ടാനക്കൂട്ടം തോട്ടം മേഖലയില്‍ നിലയുറപ്പിച്ചതോടെ പ്രദേശത്തെ ഏലത്തോട്ടങ്ങളില്‍ ജോലികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

മുട്ടുകാട്, കൊങ്ങിണി സിറ്റി മേഖലകളില്‍ 50 ദിവസം ഭീതിപരത്തിയ കാട്ടാനക്കൂട്ടം ആനയിറങ്കല്‍ വനമേഖലയിലേക്കു മടങ്ങിയശേഷം വീണ്ടും ജനവാസമേഖലകളിലെത്തി വിളകള്‍ നശിപ്പിച്ചു. ഒരുമാസത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണു വനം വകുപ്പും റാപ്പിഡ് റെസ്‌പോണ്‍സ് ടീമും നാട്ടുകാരും ചേര്‍ന്ന്, ഒരു കുട്ടിക്കൊമ്പനും നാലു പിടിയാനകളും ഉള്‍പ്പെടുന്ന കാട്ടാനക്കൂട്ടത്തെ ഏതാനും ദിവസം മുന്‍പു വനത്തിലേക്കു കയറ്റിവിട്ടത്. മുട്ടുകാട്ടില്‍നിന്ന് അരമനപ്പാറ വഴി ആനയിറങ്കലിലേക്കു മടങ്ങിയ കാട്ടാനക്കൂട്ടം വീണ്ടും രാജകുമാരി മഞ്ഞക്കുഴിയിലെത്തി.

ബി ഡിവിഷന്‍ വഴിയാണ് ഇവ മഞ്ഞക്കുഴി പാടശേഖരത്തിലെത്തിയത്. പുത്തയത്ത് എല്‍ദോസിന്റെ ഉടമസ്ഥതയിലുള്ള പാടത്തെ വാഴക്കൃഷി പൂര്‍ണമായും തിന്നുനശിപ്പിച്ചു. സമീപസ്ഥലത്തു തന്നെ ഇവ തമ്പടിച്ചിരിക്കുന്നതായാണു നാട്ടുകാര്‍ പറയുന്നത്. ബോഡിമെട്ട് ഫോറസ്റ്റ് ഓഫിസര്‍ കെ.കെ. വിനോദിന്റെ നേതൃത്വത്തില്‍ വനം അധികൃതര്‍ സ്ഥലത്തുണ്ട്.
നാട്ടുകാര്‍ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയതോടെ ആനക്കൂട്ടം തൊട്ടടുത്ത ഏലക്കാട്ടിലേക്കു കയറി പോയെങ്കിലും വീണ്ടും പാടത്തേക്ക് ഇറങ്ങിവരാന്‍ സാധ്യതയുണ്ടെന്നാണു വനം അധികൃതര്‍ പറയുന്നത്. ആനയിറങ്കല്‍ മേഖലയില്‍ ഇരുപതു ഹെക്ടറോളം പുല്‍മേട് കത്തിനശിച്ചശേഷമാണു ആനക്കൂട്ടം തീറ്റതേടി ജനവാസമേഖലകളിലിറങ്ങിയത്.

തോട്ടം തൊഴിലാളികളായ നൂറ്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന റോഡില്‍കൂടിയാണ് കാട്ടാന കൂട്ടം എത്തിയത്. കാട്ടാന ഇറങ്ങിയത് അറിഞ്ഞ് നാട്ടുകാര്‍ റോഡരുകകളില്‍ തീയിട്ടിരുന്നു. കൂടാതെ യുവാക്കളടക്കമുള്ളവര്‍ രാത്രിയില്‍ ഉറങ്ങാതെ പടക്കം പൊട്ടിച്ചും തീ അണയാതെ നോക്കിയും വീടുകള്‍ക്കടുത്തേയ്ക്ക് എത്താതെ കാവലിരുന്നു.
രാത്രിയില്‍ വീടിനടുത്തുവന്ന കാട്ടാനയെ ഭയന്ന് കുട്ടികള്‍ക്ക് പകല്‍ വെളിച്ചത്തില്‍പോലും പുറത്തിറങ്ങുന്നില്ല. വനപാലകര്‍ വേണ്ട ഇടപെടല്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മൂലം ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തൊഴില്‍ മാത്രമാണ് പ്രദേശത്തെ തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നത്.
എന്നാല്‍ കാട്ടാനക്കൂട്ടം പ്രദേശത്ത് പരിഭ്രാന്തിപരത്തി നിലയുറപ്പിച്ചതോടെ തോട്ടങ്ങളില്‍ ജോലികള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ തൊഴിലാളി കുടുംബങ്ങളും പട്ടിണിയുടെ നടുവിലാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.