2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഏറ്റുമാനൂര്‍ ഇരുട്ടില്‍: വഴിവിളക്കുകള്‍ തെളിയിക്കുന്നതില്‍ വന്‍ അഴിമതിയെന്ന് ആരോപണം

ഏറ്റുമാനൂര്‍: നഗരസഭയിലെ നിരത്തുകളില്‍ വഴിവിളക്കുകള്‍ തെളിയിക്കുന്നതില്‍ വന്‍ അഴിമതിയെന്ന് ആരോപണം. കേടായ വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ വന്‍ വീഴ്ച സംഭവിക്കുന്നതായാണ് കഴിഞ്ഞ നഗരസഭാ കൗണ്‍സിലില്‍ അംഗങ്ങള്‍ ഒന്നടങ്കം പരാതിപ്പെട്ടത്.
മുമ്പ് ഓരോ വാര്‍ഡിലും കേടാകുന്ന വിളക്കുകള്‍ അതത് കൗണ്‍സിലര്‍മാര്‍ തന്നെ മുന്‍കൈയെടുത്ത് മാറ്റി സ്ഥാപിക്കുകയും ഇതിന്റെ പണം നഗരസഭയില്‍ നിന്ന് എഴുതി എടുക്കുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇത് വന്‍ തോതില്‍ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മേഖല തിരിച്ച് കരാര്‍ ഏല്‍പ്പിച്ചു. ഇത് കൂനിന്മേല്‍ കുരുവെന്ന പോലെയായി. നഗരസഭാ പ്രദേശങ്ങള്‍ മൊത്തത്തോടെ ഇരുട്ടില്‍ തപ്പിതടയുന്ന അവസ്ഥയാണ് പിന്നീട് കാണാനായത്.
ഒമ്പത് വാര്‍ഡുകളടങ്ങുന്ന നാല് സോണുകളായി തിരിച്ചായിരുന്നു വഴിവിളക്കിന്റെ പണികള്‍ കരാര്‍ ഏല്‍പ്പിച്ചത്. ഒരു വഴിവിളക്ക് മാറ്റിയിടുന്നതിന് 150 രൂപാ നിരക്കില്‍ ഒരു മേഖലയ്ക്ക് ആകെ 50000 രൂപാ പ്രകാരം 2 ലക്ഷം രൂപയായിരുന്നു കരാര്‍ തുക.
2018 സെപ്തംബര്‍ 30 വരെ ആറ് മാസക്കാലത്തേക്കായിരുന്നു കരാര്‍. എന്നാല്‍ ഈ തുക ഒരു തവണ പോലും വിളക്ക് മാറ്റിയിടാന്‍ തികയില്ലായെന്നായിരുന്നു പ്രധാന പരാതി. ഒക്ടോബര്‍ മുതല്‍ ആറ് മാസത്തേക്ക് 4 ലക്ഷം രൂപയ്ക്ക് കരാര്‍ പുതുക്കുന്നത് കഴിഞ്ഞ ദിവസം കൗണ്‍സിലില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ വിജി ഫ്രാന്‍സിസ് ചര്‍ച്ചയ്ക്ക് വെച്ചെങ്കിലും ബഹളത്തെ തുടര്‍ന്ന് തീരുമാനമെടുക്കാതെ പിരിഞ്ഞു.
ആറ് മാസം തികയാറായിട്ടും ഇതുവരെ ഒരു ബള്‍ബ് പോലും മാറ്റിയിടാത്ത വാര്‍ഡുകളും ഏറ്റുമാനൂരിലുണ്ട്. കരാര്‍കാരനെ വിളിച്ചാല്‍ വരില്ലെന്നായിരുന്നു അംഗങ്ങള്‍ കഴിഞ്ഞ കൗണ്‍സിലില്‍ പറഞ്ഞത്. കരാര്‍ നല്‍കിയതിലെ പിഴവാണ് ഇതിന് കാരണമെന്ന് ചൂണ്ടികാട്ടിയ മുന്‍ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ നാല് സോണിലും വ്യത്യസ്ത കരാറുകാരെയോ ജോലിക്കാരെയോ ഏല്‍പ്പിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. 35 വാര്‍ഡിലും ഒരാള്‍ തന്നെ പണികള്‍ നടത്തുന്നതാണ് ഈ കാലതാമസത്തിന് കാരണമായി ചൂണ്ടികാണിക്കപ്പെട്ടത്.
പണികള്‍ നടത്തിയതിന്റെ തുക പാസാക്കി കൊടുക്കാത്തതാണ് കരാര്‍കാരന്‍ വഴിവിളക്കിന്റെ ജോലികള്‍ ചെയ്യാന്‍ എത്താത്തതിന് കാരണമായി ചില അംഗങ്ങള്‍ പറഞ്ഞത്.രണ്ട് മാസമായി നഗരസഭയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇല്ലാത്തതിനാല്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വാദം. എന്നാല്‍ ആദ്യ സോണിന്റെ കരാര്‍ തുകയായ 50000 രൂപ നല്‍കുകയും ചെയ്തു. നഗരസഭാ പരിധിയില്‍ എല്‍ഈഡി വിളക്കുകള്‍ സ്ഥാപിച്ചതിലും വന്‍ അഴിമതി ആരോപണം നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു.ഇതിനിടെ നഗരസഭയിലെ അഴിമതികഥകള്‍ ഒന്നൊന്നായി പുറത്തുവരുന്ന രീതിയില്‍ പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നതിനെ ചോദ്യം ചെയ്ത് ഒരു സംഘം കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.
പത്രപ്രവര്‍ത്തകര്‍ക്ക് നഗരസഭയില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന രീതിയില്‍ ഭീഷണി നിറഞ്ഞ സ്വരത്തില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ വിളിച്ച് വിരട്ടുന്നതിലുള്ള പ്രതിഷേധം ചെയര്‍മാനെ നേരിട്ടറിയിച്ചു. ഇതേ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍മാര്‍ പത്രസ്വാതന്ത്ര്യത്തില്‍ കൈകടത്തരുതെന്ന് ചെയര്‍മാന്‍ ജോയ് ഊന്നുകല്ലേല്‍ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.