2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ഏനാമാക്കല്‍ വളയം ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയായി

അന്തിക്കാട് : മൂന്ന് വട്ടം തകര്‍ന്ന ഏനാമാക്കല്‍ വളയം ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇറിഗേഷന്‍ വകുപ്പധികൃതരുടെ അനാസ്ഥ മൂലം വേലിയേറ്റത്തിലും വേലിയിറക്കത്തിലുമായി മൂന്ന് വട്ടമാണ് ബണ്ട് തകര്‍ന്നത്. രണ്ടിടത്തായി 12 അടി നീളത്തില്‍ തകര്‍ന്ന ബണ്ടിന്റെ നിര്‍മാണമാണ് ഇന്നലെ പൂര്‍ത്തിയായത്.
മണ്ണിന്റെ ഗുണനിലവാരക്കുറവും നിര്‍മാണത്തിലെ അശാസ്ത്രീയതയുമാണ് ബണ്ട് തകരാന്‍ കാരണമായത്. ഡിസംബര്‍ ആദ്യത്തില്‍ പൂര്‍ത്തിയാക്കേണ്ട ബണ്ടിന്റെ നിര്‍മാണം ഒരു മാസം വൈകിയാണ് പൂര്‍ത്തിയായത്. ബണ്ടിന്റെ നിര്‍മാണം ഇത്രയും വൈകുന്നത് ആദ്യമായിട്ടാണെന്ന് കര്‍ഷകര്‍ പറഞ്ഞു. വേലിയേറ്റത്തില്‍ കനോലി പുഴയില്‍ നിന്ന് വ്യാപകമായി കോള്‍ ചാലിലേക്ക് ഉപ്പ് വെള്ളം കയറിയെങ്കിലും ചിമ്മിനി ഡാമില്‍ നിന്ന് ധാരാളം വെള്ളമെത്തിയതിനാല്‍ ഉപ്പിന്റെ അംശം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു. ഇതു മൂലം നെല്‍ച്ചെടികള്‍ ഉണങ്ങി നശിക്കുന്നത് ഒഴിവായി.
മേഖലയിലെ കോള്‍ പടവുകള്‍ വെള്ളമില്ലാതെ വരണ്ടുണങ്ങിയപ്പോള്‍ ഡാമില്‍ നിന്ന് വെള്ളം തുറന്നു വിടണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഏനാമാക്കലില്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. കര്‍ഷകരുടെ ശക്തമായ സമരത്തെ തുടര്‍ന്ന് ചിമ്മിനി ഡാമില്‍ നിന്ന് അധികൃതര്‍ വ്യാപകമായി വെള്ളം തുറന്നു വിട്ടു. എന്നാല്‍ വെള്ളം അമിതമായി ഒഴുകിയെത്തിയതോടെ ബണ്ട് തകരുകയായിരുന്നു. കൂടാതെ ശക്തമായ വേലിയേറ്റത്തിലും ബണ്ടിന് തകര്‍ച്ച സംഭവിച്ചു.
ഇറിഗേഷന്‍ വകുപ്പധികൃതര്‍ ബണ്ട് നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതാണ് നിര്‍മാണം ഒരു മാസം നീളാന്‍ കാരണമായതെന്ന പരാതിയും കര്‍ഷകര്‍ ഉന്നയിച്ചു. അടുത്ത വര്‍ഷം യഥാസമയം ബണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.