2017 July 24 Monday
മഹത്തായ ശക്തിയുടെ ഉറവിടമാണ് നിശ്ശബ്ദത
ലോവോ ത്‌സു

ഏനാത്ത് പാലം: വിദഗ്ധസംഘം പരിശോധിച്ചു; ബലക്ഷയം മാറ്റാന്‍ സമയമെടുക്കുമെന്ന് സൂചന

കൊട്ടാരക്കര: അപകടാവസ്ഥയിലായ ഏനാത്ത് പാലത്തില്‍ ഇന്നലെ വിദഗ്ദ സംഘം പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ സതീഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പൊതുമരാമത്ത് വകുപ്പിലെയും കെ.എസ്.ടി.പിയിലെയും വിദഗ്ധാംഗങ്ങള്‍ പങ്കെടുത്തു. പാലത്തിന്റെ തൂണില്‍ സ്പാന്‍ ഘടിപ്പിച്ച ഭാഗത്താണ് തകരാറെന്നാണ് വിലയിരുത്തല്‍ ഇവിടെയുള്ള ബെയറിംഗുകള്‍ മാറ്റി സ്ഥാപിക്കേണ്ടിവരും. തൂണുകള്‍ ജാക്കറ്റിംഗ് നടത്തി ഉറപ്പിക്കാനാണ് പദ്ധതി. പാലത്തില്‍ പൊട്ടലുണ്ടായ ഭാഗവും കൈവരിയില്‍ വിള്ളലുണ്ടായ ഭാഗവും ബലപ്പെടുത്തി ഉറപ്പിക്കണം.
ഒരു മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നതെങ്കിലും ചുരുങ്ങിയത് മൂന്നുമാസമെങ്കിലും ഇതിനുവേണ്ടി വരുമെന്നാണ് സൂചന. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എസ്റ്റിമേറ്റും ഇന്നലെ ഉദ്യോഗസ്ഥര്‍ തയാറാക്കി. 1996-ല്‍ ഏനാത്തെ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും 2 വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പാലത്തിന് ബലക്ഷയമുള്ളതായി നാട്ടുകാര്‍ അഭിപ്രായപ്പെട്ടിരുന്നു. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് പാലത്തില്‍ കുലുക്കം അനുഭവപ്പെട്ടിരുന്നു. പാലത്തിന്റെ തൂണുകളില്‍ ഒന്നിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുകയും വാര്‍ക്കാന്‍ ഉപയോഗിച്ചിരുന്ന കമ്പികള്‍ ദൃശ്യമാവുകയും ചെയ്തിരുന്നു. ദ്രവിച്ച നിലയിലായിരുന്നു കമ്പികള്‍. ഇപ്പോള്‍ പാലത്തില്‍ വിള്ളല്‍ കണ്ട ഭാഗത്ത് കൈവരികള്‍ അകന്ന് മാറുകയും ചെയ്തിരുന്നു. ഈ വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം മാധ്യമങ്ങള്‍ പലപ്പോഴും വാര്‍ത്ത ചെയ്തിരുന്നതാണ്. ഇത് ഉദ്യോഗസ്ഥര്‍ അവഗണിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായത്.
105 വര്‍ഷം പഴക്കമുണ്ടായിരുന്ന ഏനാത്ത് മുത്തശ്ശിപാലം പൊളിച്ചു കളയരുതെന്ന നാട്ടുകാരുടെ അന്നത്തെ ആവശ്യവും ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും തള്ളിക്കളയുകയായിരുന്നു. ചരിത്രസ്മാരകമായി മുത്തശ്ശിപാലം നിലനിര്‍ത്തണമെന്ന ആവശ്യമായിരുന്നു നാട്ടുകാരുടേത്. എന്നാല്‍ പൊളിക്കുമ്പോള്‍ കിട്ടുന്ന ലാഭത്തിലാണ് ഉദ്യോഗസ്ഥരും പൊളിപ്പു നടത്തിയവരും കണ്ണുവച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച ഈ പാലം ഇരുമ്പുപാലമെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും പ്രത്യേക ലോഹ കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ചതായിരുന്നു. ഇരുമ്പും ചെമ്പും ഉരുക്കുമായിരുന്നു ഇതില്‍ പ്രധാന ഘടകങ്ങളെന്നാണ് പഴമക്കാര്‍ പറയുന്നത്. പൊളിക്കുമ്പോഴും പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം ഉണ്ടായിരുന്നില്ല. പാലത്തിന്റെ ഉപരിതലത്തില്‍ വാഹനങ്ങള്‍ പോകുമ്പോഴുള്ള ചെറിയ കുലുക്കം മാത്രമാണ് ഉണ്ടായിരുന്നത്. ഇത് ബലപ്പെടുത്തി സംരക്ഷിച്ചിരുന്നെങ്കില്‍ ഒരു നൂറ്റാണ്ടുകൂടി നിലനിന്നേനെയെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഇത് ഉപകരിക്കപ്പെടുകയും ചെയ്‌തേനെയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിനായിരുന്നു പാലം പൊളിക്കലിന്റെ ചുമതല. ഖലാസികള്‍ ഉള്‍പ്പെടുന്ന സ്വകാര്യ ചെറുകിട കരാരുകാരാണ് പൊളിക്കല്‍ ജോലികള്‍ ചെയ്തത്. അപൂര്‍വവും വിശിഷ്ടവുമായ ലോഹക്കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പാലത്തിന്റെ ഒട്ടേറെ ഭാഗങ്ങള്‍ അന്ന് കടത്തിക്കൊണ്ട് പോയതായി ആരോപണം ഉയര്‍ന്നിരുന്നു. കല്ലടയാറിനെയും പാലത്തേയും ചൊല്ലി കൊല്ലം-പത്തനംതിട്ട ജില്ലകള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങളും പഴയ പാലം പൊളിക്കുന്നതിലും പുതിയ പാലം നിര്‍മിക്കുന്നതിലും കാരണമായിട്ടുണ്ട്. മുത്തശ്ശിപാലം ഒരു നൂറ്റാണ്ടിലധികം നിലനിന്നപ്പോള്‍ ആധുനിക പാലം കാല്‍ നൂറ്റാണ്ട് പോലും നിലനിന്നില്ല. മാത്രമല്ല, ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

 

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.