2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഏത് ആക്രമണത്തെയും ഒറ്റക്ക് എതിര്‍ക്കുമെന്ന് ഇറാന്‍

 

ബഗ്ദാദ്: തങ്ങള്‍ക്കെതിരേയുള്ള സൈനികവും സാമ്പത്തികവുമായ ഏത് ആക്രമണത്തെയും ഒറ്റക്ക് എതിര്‍ക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പറഞ്ഞു. ആണവ കരാര്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ കൂടുതല്‍ കാര്യങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇറാഖ് വിദേശകാര്യ മന്ത്രി മുഹമ്മദ് അലി അല്‍ ഹകീമുമായി ബഗ്ദാദില്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം.
അയല്‍ പ്രദേശങ്ങളായ അറബ് രാജ്യങ്ങളുമായി സുസ്ഥിര ബന്ധമുണ്ടാക്കാനാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അയല്‍രാജ്യങ്ങള്‍ക്കിടയില്‍ മധ്യസ്ഥരാവാന്‍ ഇറാഖ് തയാറാണെന്ന് അലി അല്‍ ഹകീം പറഞ്ഞു. സാമ്പത്തിക ഉപരോധങ്ങള്‍ ഉപകാരപ്രദമാണെന്ന് ഇറാഖ് വിശ്വസിക്കുന്നില്ല. സഹായത്തിനും മധ്യസ്ഥതക്കുമാണ് തങ്ങളുടെ ശ്രമം. തൃപ്തികരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നത്. യു.എസിന്റെ ഭാഗത്ത് നിന്നുള്ള ഏകപക്ഷീയമായ ഏത് നീക്കങ്ങള്‍ക്കും ഇറാഖ് എതിരാണ്. സഹോദര രാജ്യമായ ഇറാനെതിരേയുള്ള ഉപരോധങ്ങള്‍ നിഷ്ഫലമാണ്. തങ്ങള്‍ ഇറാനൊപ്പമാണ്. അദ്ദേഹം കൂട്ടിചേര്‍ത്തു.

യു.എസുമായുള്ള നിലവിലെ സംഘര്‍ഷ സാധ്യതകള്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ഇറാഖ് പ്രസിഡന്റ് ബര്‍സാലിഹുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സംഘര്‍ഷ സാധ്യതകള്‍ തടയണമെന്ന് ഇറാഖ് പ്രസിഡന്റിന്റെ ഓഫിസ് പറഞ്ഞു.
മേഖലയിലെ പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഇറാഖ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് അല്‍ ഹല്‍ബൗസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പശ്ചിമേഷ്യയിലേക്ക് 1,500 സൈന്യത്തെ കൂടി കൂടുതലായി അയക്കുമെന്ന് യു.എസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ഇറാഖ് സന്ദര്‍ശനം. യു.എസ് സൈന്യത്തിന്റെ സാന്നിധ്യം മേഖലയിലെ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു.

അതിനിടെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഹിതപരിശോധന നടത്തുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അറിയിച്ചു. ഹിതപരിശോധന നടത്താന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ 2004ല്‍ നിര്‍ദേശിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ ഇതുവരെ മൂന്ന് ഹിതപരിശോധനകളാണ് നടന്നത്. 1979ല്‍ ഇസ്‌ലാമിക റിപബ്ലിക്കിലേക്ക് രാജ്യം മാറുന്നതായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഭരണഘടനക്കും മൂന്നാമത്തേത് ഭേദഗതിക്കും വേണ്ടിയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.