2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഏകസിവില്‍ കോഡിനെതിരേ നവംബര്‍ 10നു മുസ്‌ലിം കൂട്ടായ്മ

കണ്ണൂര്‍: ഏക സിവില്‍ കോഡിനെതിരെ മുസ്‌ലിം കൂട്ടായ്മ എന്ന സന്ദേശമുയര്‍ത്തി നവംബര്‍ 10നു കണ്ണൂര്‍ ചേംബര്‍ഹാളില്‍ മുസ്‌ലിം കൂട്ടായ്മാ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാന്‍ ജില്ലയിലെ മുസ്‌ലിം സംഘടനകളുടെ നേതൃതല യോഗം തീരുമാനിച്ചു. രാജ്യത്തിന്റെ ഓരോ കുതിപ്പിലും വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച മുസ്‌ലിം സമുദായത്തെ രാജ്യദ്രോഹികളും ദേശീയ വിരുദ്ധരുമായി ചിത്രീകരിക്കുന്ന അവസ്ഥയാണു നിലവിലുള്ളതെന്നു യോഗം വിലയിരുത്തി. ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത നിരപരാധികളെ കുറ്റം ആരോപിച്ച് ദീര്‍ഘകാലം തടങ്കലില്‍ വയ്ക്കാവുന്ന അവസ്ഥയും രാജ്യത്ത് നിലനില്‍ക്കുന്നു.
അധികാരത്തിന്റെ കറുത്ത കൈകള്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരേയും ഇപ്പോള്‍ നീങ്ങി. ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു ഭരണഘടന നല്‍കിയ അവകാശങ്ങള്‍ സംരക്ഷിക്കാനോ അവര്‍ക്ക് അരക്ഷിതാവസ്ഥ സംജാതമാകുന്ന നടപടി ഇല്ലെന്ന് ഉറപ്പുവരുത്താനോ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ തയാറാവണം. രാജ്യത്ത് ജീവിക്കുന്ന എല്ലാ പൗരന്മാര്‍ക്കും അവരുടെ വിശ്വാസപ്രമാണം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യവും നീതിയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും യോഗം ചൂണ്ടിക്കാട്ടി.
വഴിതെറ്റിയ ആത്മീയതയും ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ നവ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ടു കൊണ്ടുള്ള ചിന്താഗതിയും പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിക വിരുദ്ധമാണെന്ന് ഇസ്‌ലാമിക പണ്ഡിത ലോകം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ബോധവല്‍കരിക്കുന്നതിനു ജില്ലയിലെ മുഴുവന്‍ മഹല്ലുകളിലെയും പള്ളികളില്‍ നവംബര്‍ നാലിന് ഉല്‍ബോധന പ്രസംഗം നടത്തുന്നതിനു യോഗം ഖത്തീബുമാരോട് ആഹ്വാനം ചെയ്തു.
മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി.
പി.പി ഉമര്‍ മുസ്‌ലിയാര്‍, ഡോ. എ ബഷീര്‍, കെ.എം മഖ്ബൂല്‍, അബ്ദുല്‍കരീം ചേലേരി, പി.വി സൈനുദ്ദീന്‍, ടി.എ തങ്ങള്‍, അഡ്വ. പി മുസ്തഫ, വി.പി വമ്പന്‍, പി മഹമൂദ്, സി.കെ മഹമൂദ്, സി.പി സലീം, കെ.കെ മുഹമ്മദ്, പി.യു ഇസ്മാഈല്‍, എസ്.എം ഹാരിസ്, വി നൗഷാദ് സലാഹി, കെ.പി അബ്ദുല്‍ അസീസ്, എ.ടി അബ്ദുല്‍സലാം, കെ.പി ബുഖാരി, പി.കെ ശരീഫ് സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.