2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

ഏകസിവില്‍കോഡിനെതിരേ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ദേശീയ നിയമ കമ്മിഷന്റെയും നടപടികളെ ചോദ്യംചെയ്ത് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മുസ്‌ലിം സംഘടനകളിലൊന്നായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയെ സമീപിച്ചു. മുത്വലാഖും ബഹുഭാര്യത്വവും ഉള്‍പ്പെടെയുള്ള വ്യക്തിനിയമത്തിലെ എല്ലാ കാര്യങ്ങളും ശരീഅത്തിന്റെ ഭാഗമാണെന്നും വിശുദ്ധ ഖുര്‍ആനാണ് ശരീഅത്തിന്റെ സ്രോതസ്സെന്നും സംഘം വെള്ളിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മുത്വലാഖ് (മൂന്നുമൊഴിയും ഒന്നിച്ചുചൊല്ലല്‍) ദുരുപയോഗം ചെയ്യുന്നതുകാരണം സ്ത്രീകള്‍ ദുരിതമനുഭവിക്കുന്നുണ്ടെന്നതു വാസ്തവമാണ്. അത്തരം സ്ത്രീകള്‍ കുടുംബകോടതികളെ സമീപിക്കുകയാണ് വേണ്ടത്. മറിച്ചു മുത്വലാഖിന്റെ സാധുതയെയും ശരീഅത്തിനെയും പ്രതിസ്ഥാനത്തു നിര്‍ത്തി സുപ്രിംകോടതിയില്‍ ഹരജി നല്‍കുകയല്ല ചെയ്യേണ്ടത്. ഒന്നിലധികം ഭാര്യമാരെ ഒരേസമയം മുസ്‌ലിംപുരുഷനു സ്വീകരിക്കാമെന്നു ശരീഅത്ത് നിയമത്തില്‍ ഉണ്ടെങ്കിലും അതിനു നിരവധി വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളുമുണ്ടെന്നും അഭിഭാഷകനായ ശക്കീല്‍ അഹ്മദ് സയ്യിദ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കി.
മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ ഭേദഗതിയാവശ്യപ്പെട്ട് സുപ്രിംകോടതി മുമ്പാകെയുള്ള ഒരുകൂട്ടം ഹരജികളില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സത്യവാങ്മൂലം നല്‍കിയത്. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പ്രധാന എതിര്‍കക്ഷിയായ കേസില്‍ നേരത്തെ ജംഇയ്യത്തും കക്ഷിചേര്‍ന്നിരുന്നു. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കാര്‍, ഡി.വൈ ചന്ദ്രഹൂഡ് എന്നിവരടങ്ങിയ ബഞ്ച് എല്ലാ ഹരജികളും ഒന്നിച്ചാവും പരിഗണിക്കുക.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.