2017 February 25 Saturday
പറയുന്നതിനേക്കാള്‍ ബുദ്ധി കേള്‍ക്കാന്‍ വേണം
തുര്‍ക്കി പഴമൊഴി

എ.ടി.എം ഇടപാടുകാര്‍ക്ക് വീണ്ടും ഇരുട്ടടി; പണം പിന്‍വലിച്ചില്ലെങ്കിലും സര്‍വിസ് ചാര്‍ജ്

atm-debit-card-650-400_650x400_81477222090

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ ദുരിതത്തില്‍ നിന്നും കരകയറുന്നതിനിടെ എ.ടി.എം ഇടപാടുകാരുടെ വയറ്റത്തടിച്ച് ബാങ്കുകള്‍. എ.ടി.എമ്മില്‍നിന്ന് രണ്ടായിരമോ നാലായിരമോ അല്ലാത്ത സംഖ്യ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതും ഇടപാടായിത്തന്നെ ബാങ്കുകള്‍ കണക്കാക്കും.
പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ എ.ടി.എമ്മില്‍ നിന്നു പണം ലഭിച്ചില്ലെങ്കിലും അതും ഇടപാടായി രേഖപ്പെടുത്തും. മിനി സ്‌റ്റേറ്റ്‌മെന്റ്, ബാങ്ക് ബാലന്‍സ് പരിശോധന എന്നിവയും ഇടപാടുകളില്‍പെടും. ഇതുകാരണം ഓരോ ഇടപാടുകാരനും അനുവദിച്ചിട്ടുള്ള ആദ്യ അഞ്ചു സൗജന്യ ഇടപാടുകള്‍ അറിയാതെ നഷ്ടമാകും.
അഞ്ച് ഇടപാടുകള്‍ കഴിഞ്ഞുള്ള ഓരോ എ.ടി.എം ഇടപാടിനും 23 രൂപയാണ് സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത്. മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റു സ്ഥലങ്ങളില്‍ അഞ്ചും ഇടപാടുകളാണു സൗജന്യമായി അനുവദിച്ചിട്ടുള്ളത്.
കേരളത്തിലെ എല്ലാ എ.ടി.എമ്മുകളിലും ഒരു മാസം അഞ്ച് ഇടപാടുകള്‍ സൗജന്യമാണ്. നോട്ട് പിന്‍വലിക്കല്‍ കാലാവധി അവസാനിച്ച ഡിസംബര്‍ 30 വരെ പരിധിയില്ലാതെ സൗജന്യ ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് പ്രത്യേക അനുമതി നല്‍കിയിരുന്നു. ഈ കാലാവധി അവസാനിച്ചതോടെ എസ്.ബി.ടി, എസ്.ബി.ഐ ഒഴികെയുള്ള മിക്ക ബാങ്കുകളും സര്‍വിസ് ചാര്‍ജ് ഈടാക്കിത്തുടങ്ങി. ഈ ബാങ്കുകളും ഉടന്‍ സര്‍വിസ് ചാര്‍ജ് ഏര്‍പ്പെടുത്തും.
2000 രൂപ നോട്ടിന് ആവശ്യക്കാരില്ലാത്തതിനാല്‍ മിക്ക ഇടപാടുകാരും 1900 രൂപയാണു പല തവണകളായി എ.ടി.എമ്മുകളില്‍ നിന്നു പിന്‍വലിക്കാന്‍ ശ്രമിക്കുന്നത്. നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തരം ഇടപാടുകള്‍ നടക്കുന്നത്.