2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

എസ്. രാജേന്ദ്രനെ തള്ളി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ്

 

തൊടുപുഴ: ദേവികുളം സബ് കലക്ടര്‍ക്കെതിരേ എസ്. രാജേന്ദ്രന്‍ എം.എല്‍.എ നടത്തിയ മോശമായ പ്രതികരണം ശരിയല്ലെന്നും അതു തള്ളിക്കളയുന്നതായും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്ത്രീശാക്തീകരണത്തിനും സ്ത്രീ പുരുഷ സമത്വത്തിനും വേണ്ടിയാണ് സി.പി.എം നിലകൊള്ളുന്നത്. പാര്‍ട്ടിയുടെ കാഴ്ചപ്പാടിന് വിരുദ്ധമായാണ് എം.എല്‍.എ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് അദ്ദേഹം മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങളോടും പാര്‍ട്ടി യോജിക്കുന്നില്ല.
മൂന്നാര്‍ പഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ഇടുക്കി ഡി.സി.സി അംഗമായ കറുപ്പുസ്വാമിയാണ് പഞ്ചായത്ത് പ്രസിഡന്റ്. അറുപതു ദിവസമായി നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനത്തിന് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുന്നത് ഫെബ്രുവരി ആറിനാണ്. ഈ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് ആറ്, ഏഴ് തിയതികളില്‍ അവിടെ നിര്‍മാണം തുടര്‍ന്നു. എട്ടാം തിയതിയാണ് റവന്യൂ സംഘവും ദൗത്യസംഘവും വീണ്ടും നിര്‍മാണം നിര്‍ത്തിവയ്പ്പിക്കാന്‍ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി, ജില്ലാ പഞ്ചായത്തംഗം വിജയകുമാര്‍, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്യോഗസ്ഥരെ വിരട്ടി ഓടിച്ചത്. ഇതിനുശേഷം എം.എല്‍.എയെ പ്രസിഡന്റും സംഘവും വിളിച്ചുവരുത്തുകയായിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ എം.എല്‍.എ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണുകയാണ് വേണ്ടിയിരുന്നത്. പാര്‍ട്ടി ചര്‍ച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്നും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.