2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ ഒരുക്കങ്ങള്‍ സുസജ്ജം

 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ അവശേഷിക്കുന്ന പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കാനിരിക്കെ പരീക്ഷാ നടത്തിപ്പിന്റെ കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങളും മുന്നൊരുക്കങ്ങളും പുറത്തുവിട്ട് സര്‍ക്കാര്‍.
 മുഴുവന്‍ കുട്ടികള്‍ക്കും പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്നും ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച തിയതികളില്‍ പരീക്ഷ എഴുതാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ അവര്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടപ്പെടാത്ത രീതിയില്‍ സേ പരീക്ഷയ്‌ക്കൊപ്പം റഗുലര്‍ പരീക്ഷ നടത്തി അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.   
പരീക്ഷാകേന്ദ്ര മാറ്റത്തിനായി എസ്.എസ്.എല്‍.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ (219) വിഭാഗങ്ങളിലായി 10,920 കുട്ടികള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മാറ്റം അനുവദിക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കാവശ്യമായ ചോദ്യപേപ്പറുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാര്‍ അനുവദിക്കപ്പെട്ട വിദ്യാലയങ്ങളില്‍ എത്തിക്കും. ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പരീക്ഷ നടത്തിപ്പിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഗള്‍ഫിലെ സ്‌കൂളുകളില്‍ പരീക്ഷ നടത്താനുള്ള അനുമതി ലഭ്യമായിട്ടുണ്ട്. 
കണ്ടെയ്ന്‍മെന്റ് സോണ്‍ ഉള്‍പ്പെടുന്ന കേന്ദ്രങ്ങളിലെ പരീക്ഷകള്‍, സംസ്ഥാനത്തിനു പുറത്തുള്ള വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് എത്തിച്ചേരുന്നത് സംബന്ധിച്ചുള്ള തീരുമാനം എന്നിവയിലും ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ വേണം. 
അവര്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യമൊരുക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടമായിരിക്കും. ഹോം ക്വാറന്റൈനില്‍ ആളുകള്‍ കഴിയുന്ന വീടുകളില്‍നിന്ന് വരുന്ന കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമായിരിക്കും. എല്ലാ വിദ്യാര്‍ഥികളെയും തെര്‍മല്‍ സ്‌ക്രീനിങ്ങിനു വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യപരിശോധന വേണ്ടവര്‍ക്ക് അതു നല്‍കാനുള്ള സംവിധാനവും സ്‌കൂളുകളിലുണ്ടാകും. 
അധ്യാപകര്‍ക്കു ഗ്ലൗസ് നിര്‍ബന്ധമാണ്. ഉത്തരക്കടലാസ് ഏഴു ദിവസം പരീക്ഷാകേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ കുട്ടികള്‍ കുളിച്ച് ദേഹം ശുചിയാക്കിയശേഷം മാത്രമേ വീട്ടുകാരുമായി ഇടപെടാന്‍ പാടുള്ളൂ. തെര്‍മല്‍ സ്‌ക്രീനിങ്ങിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5,000 ഐ.ആര്‍ തെര്‍മോമീറ്റര്‍ വാങ്ങും. ആവശ്യമായ സാനിറ്റൈസര്‍, സോപ്പ് എന്നിവ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കാന്‍ പ്രഥമാധ്യാപകര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. 
പരീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ ദൂരികരിക്കാനുമായി പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റിലും ഓരോ ജില്ലയിലെയും വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഓഫിസുകളിലും ഇന്നു മുതല്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പാലിക്കേണ്ട ആരോഗ്യ ചിട്ടകള്‍ അടങ്ങിയ അറിയിപ്പും മാസ്‌കും കുട്ടികള്‍ക്ക് വീടുകളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളയെ ചുമതലപ്പെടുത്തി. 
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മാസ്‌കുകള്‍ എന്‍.എസ്.എസ് വഴി വിതരണം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഫയര്‍ഫോഴ്‌സ്, പൊലിസ്, ഗതാഗത വകുപ്പ് എന്നിവരുടെ പിന്തുണ പരീക്ഷാ നടത്തിപ്പിനുണ്ടാകും.
പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമാക്കല്‍, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കല്‍, പരീക്ഷാകേന്ദ്ര മാറ്റം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കല്‍, ചോദ്യപേപ്പറുകളുടെ സുരക്ഷ, വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യം എന്നിവയ്ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പരീക്ഷാ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങള്‍, പരീക്ഷാ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവയും നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
 
 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.