2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എവറസ്റ്റ് കീഴടക്കാന്‍ അബ്ദുല്‍ നാസര്‍ ഇന്ന് യാത്ര തിരിക്കും

കൊപ്പം: എവറസ്റ്റിനെ തന്റെ കാല്‍ക്കീഴിലാക്കാന്‍ തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ (42) ഇന്ന് കാഠ്മണ്ഠുവില്‍ നിന്ന് യാത്ര തിരിക്കും. എവറസ്റ്റ് കീഴടക്കാനുള്ള ഈ ദൗത്യത്തില്‍ സ്‌പെയിന്‍, ഇറ്റലി, യു.എസ്.എ , ആസ്‌ത്രേലിയ, യു.കെ എന്നീ രാജ്യങ്ങളില്‍ നിന്നായി 26 പേര്‍ സഹയാത്രികരായുണ്ട്. ഓരോ ദിവസവും അഞ്ച് മുതല്‍ 7 മണിക്കൂര്‍ വരെയെടുത്ത് 60 ദിവസം കൊണ്ട് ലക്ഷ്യപൂര്‍ത്തീകരണത്തിലെത്താനാണ് ഇവരുടെ സാഹസിക സംഘം ഉദ്ദേശിക്കുന്നത്. പ്രതികൂല കാലാവസ്ഥയേയും മറ്റു സാഹചര്യങ്ങളേയും മറികടന്ന് 29,029 അടി ഉയരത്തിലെത്തണമെങ്കില്‍ ശാരീരിക്ഷമതക്കൊപ്പം ആത്മവീര്യവും വേണം. സാഹസങ്ങളെ എന്നും നെഞ്ഞചോട് ചേര്‍ത്ത നാസറിന് ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ഉറച്ചവിശ്വാസമുണ്ട്. 2015ലും 2018ലും എവറസ്റ്റിനടുെത്തത്തിയ നാസര്‍ എവറസ്റ്റ് ബെയ്‌സ് ക്യാമ്പും പിന്നിട്ട് 18519 അടി ദൂരം താണ്ടിയിരുന്നു. നാസറിന് സാഹസങ്ങള്‍ എന്നും കളിത്തോഴനായിരുന്നു. 2018 ല്‍ മലേഷ്യയില്‍ നടന്ന അയേണ്‍മാന്‍ പട്ടത്തിനുളള മത്സരത്തില്‍ വിജയിയായത് ഈ സാഹസങ്ങളോടുള്ള അടങ്ങാത്ത ആവേശമായിരുന്നു. നീന്തലും ഓട്ടവും സൈക്കിള്‍ സവാരിയും എല്ലാം ചേര്‍ന്ന ശക്തര്‍ക്ക് മാത്രം വേണ്ടിയുള്ള അന്താരാഷ്ട്ര മത്സരമാണ് ‘അയേണ്‍മാന്‍. 3.8 കിലോമീറ്റര്‍ കടലിലൂടെ നീന്തല്‍, 180 കി.മീ. സൈക്കിള്‍ ചവിട്ടല്‍, 42.2 കിലോമീറ്റന്‍ ഓട്ടം എന്നിവ 17 മണിക്കൂറിനകം പൂര്‍ത്തിക്കുന്നവര്‍ക്കാണ് അയേണ്‍മാന്‍ പട്ടം ലഭിക്കുക. ഇവയെല്ലാം പൂര്‍ത്തീകരിക്കാന്‍ 14 മണിക്കൂറും 57 മിനിറ്റും മാത്രമായിരുന്നു നാസറിന് ആവശ്യമായി വന്ന സമയം. വളരെ ചെറുപ്പത്തിലെ തികഞ്ഞ പരിശ്രമശാലിയായിരുന്നു നാസര്‍. ജീവിതത്തിന് നിറമില്ലാത്ത ആദ്യകാലഘട്ടങ്ങളില്‍ അഗതി മന്ദിരത്തില്‍ പഠനം നടത്തി. പട്ടാമ്പി ഗവ.കോളജില്‍ നിന്ന് ബി.കോമില്‍ യൂണിവേഴ്‌സിറ്റിയില്‍ ആറാം റാങ്ക് കരസ്ഥമാക്കിയ കഠിന പരിശ്രമത്തിലൂടെ സി.എ പാസ്സാവുകയും കാമ്പസ് അഭിമുഖത്തിലൂടെ ഭോപ്പാലില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലി ലഭിക്കുകയും ചെയ്തു.ഇപ്പോള്‍ ഖത്തര്‍ പെട്രോളിയത്തിലാണ് ജോലി ചെയ്യുന്നത്.2018ല്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ സ്‌പോര്‍ട്‌സ് എക്‌സലന്‍സി അവാര്‍ഡ് നാസറിനെ തേടിയെത്തിയിരുന്നു. 2017ലെ ഫ്രാന്‍സ് മാരത്തോണില്‍ കൊളംബോയിലും അയേണ്‍മാന്‍ മത്സരത്തിലും ജി.സി.സി രാഷ്ട്രങ്ങളിലെ പ്രധാന മാരത്തോണുകളിലും പങ്കെടുത്തു. ഈ രംഗത്ത് മികവ് തെളിയിച്ച ഇത്രയും നേട്ടങ്ങള്‍ കൈവരിച്ച ഏക ചാര്‍ട്ടേഡ്അക്കൗണ്ടന്റ് കൂടിയാണ് അബ്ദുല്‍ നാസര്‍. തന്റെ ജീവിതാനുഭവങ്ങളും ജീവിത വിജയത്തിനായി വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഉള്‍കൊള്ളുന്ന ‘ദി റോഡ് ലെസ്സ് ട്രാവല്‍ഡ്’ എന്ന പുസ്തകവും നാസര്‍ രചിച്ചു. അന്താരാഷ്ട്ര തലത്തില്‍ മോട്ടിവേഷനല്‍ സ്പീക്കര്‍ , ട്രൈനര്‍ എന്നീ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നാസര്‍ സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് പി. കുഞ്ഞഹമ്മദ് മുസ്ലിയാരുടെയും നഫീസയുടെയും മകനാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.