2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

എല്‍.ഡി.എഫ് കണ്‍വീനര്‍ അറിയാന്‍

ആശാ ലോറന്‍സ് 9746131464

രമ്യാ ഹരിദാസ് എന്ന സ്ത്രീയെ അപമാനിച്ചപ്പോള്‍, പി.കെ കുഞ്ഞാലിക്കുട്ടിയെ അവഹേളിച്ചപ്പോള്‍ താങ്കള്‍ കണക്കുകൂട്ടിയത് കുറച്ച് വോട്ടുകളാണോ അതോ എല്‍.ഡി.എഫ് അനുഭാവികളുടെ കൈയടിയോ. തീര്‍ച്ചയായും കൈയടി കിട്ടിക്കാണും, ചിരി സമ്മാനമായി ലഭിച്ചിരിക്കും. അതുപക്ഷേ, വോട്ടായി മാറില്ല, കിട്ടാവുന്ന വോട്ടുകള്‍ ഇല്ലാതാക്കാനേ താങ്കളുടെ പരാമര്‍ശം സഹായിക്കൂ.

കുഞ്ഞാലിക്കുട്ടി മാത്രമല്ലല്ലോ ആരോപണം നേരിട്ട നേതാവ്. താങ്കളുടെ പാര്‍ട്ടിയിലുമില്ലേ ആരോപണവിധേയരായ ഒട്ടേറെ നേതാക്കള്‍. അവര്‍ സ്വസ്ഥാനങ്ങളില്‍ ഉറച്ചിരിക്കുകയാണല്ലോ. അവരെ പോയി കാണുന്ന പാര്‍ട്ടി പ്രവര്‍ത്തകരായ വനിതാസഖാക്കളോടും താങ്കള്‍ രമ്യാ ഹരിദാസിനെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ പറയുമോ?
താങ്കളുടെ പാര്‍ട്ടിയിലെ സഖാക്കളുടെ ബന്ധുക്കള്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള കോര്‍പ്പറേഷനുകളില്‍ നിയമനം നേടിയിട്ടുണ്ട്. എന്റെത് താല്‍ക്കാലിക നിയമനമാണെങ്കിലും ഞാനും യു.ഡി.എഫ് ഭരണകാലത്ത് കരാര്‍ ജീവനക്കാരിയായി ജോലി കിട്ടിയ വ്യക്തിയാണ്.
വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയായിരുന്നു. താങ്കളുടെ പാര്‍ട്ടിയുടെ ഉന്നത നേതാവിന്റെ ബന്ധുവിനെ (അവരിപ്പോള്‍ എന്റെ സഹപ്രവര്‍ത്തകയാണ്) സ്ഥലം മാറ്റിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ നേരില്‍കണ്ട് സ്ഥലംമാറ്റം വാങ്ങിയെടുത്തുവെന്ന് വലിയ അഭിമാനത്തോടെ എന്നോടു പറഞ്ഞിട്ടുണ്ട്. മോശമായി ഒരു വാക്കുപോലും അദ്ദേഹത്തില്‍ നിന്നുണ്ടായതായി അവര്‍ പറഞ്ഞിട്ടില്ല.

ഞാന്‍ കോഴിക്കോട്ട് ജോലി ചെയ്ത കാലത്ത് ഓഫിസ് സംബന്ധമായ കാര്യങ്ങള്‍ അറിയിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എനിക്കും മകനും ഭക്ഷണം തന്നു. ആ വീടിന്റെ വലുപ്പത്തെക്കാള്‍ എന്നെ ആകര്‍ഷിച്ചത് ആ വീടിന്റെ വൃത്തിയാണ്. എത്രയോ പേര്‍ അവിടെ മന്ത്രിയെ കാണാനെത്തുന്നു. യാത്രക്കിടയില്‍ ദാഹിച്ചു വലഞ്ഞ് ഒരു ഗ്ലാസ് വെള്ളം ചോദിക്കേണ്ട അവസ്ഥ ആര്‍ക്കുമുണ്ടാകില്ല. ചെന്നയുടന്‍ എല്ലാവര്‍ക്കും ക്ഷീണം തീര്‍ക്കാന്‍ മധുരപാനീയമോ ചായയോ ലഭിക്കും.
അവിടെയെത്തുന്ന ആരോടും വളരെ മാന്യമായാണ് ആ നേതാവും അദ്ദേഹത്തിന്റെ സ്റ്റാഫും അനുചരന്മാരും പെരുമാറാറുള്ളത്. ആരും ഇതുവരെ മറുത്തൊരു ആരോപണം പറയുന്നതു കേട്ടിട്ടില്ല. എന്നിട്ടും അത്തരമൊരു നേതാവിനെ മോശമായി ജനമനസില്‍ ചിത്രീകരിക്കുന്നതിനുള്ള ശ്രമമാണ് താങ്കള്‍ നടത്തിയത്.
വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് ചോദിക്കേണ്ടത് ഇത്തരം ആരോപണങ്ങള്‍ തന്റെ പാര്‍ട്ടിയില്‍ എത്രപേര്‍ക്കെതിരേ ഉന്നയിക്കപ്പെട്ടിട്ടുണ്ട് എന്നും അതിലെ സത്യാവസ്ഥ പുറത്തുവന്നാല്‍ അവരുടെയൊക്കെ സ്ഥിതി എന്തായിരിക്കും എന്നുമാണ്.

ആരോപണം ശരിയാണോ എന്നു ഞങ്ങളുടെ പാര്‍ട്ടി അന്വേഷിച്ച് കണ്ടെത്തുന്നുണ്ട് എന്നാണ് ഉത്തരമെങ്കില്‍ വേറൊരു കാര്യം പറയാനുണ്ട്. നിയമിക്കപ്പെടുന്ന അന്വേഷണസംഘം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ സത്യസന്ധമാണെന്ന് അങ്ങേക്കു നെഞ്ചില്‍ കൈവച്ചു പറയാന്‍ കഴിയുമോ.
ഒരു പാര്‍ട്ടി നേതാവിനെതിരേ ഒരു ഡി.വൈ.എഫ്.ഐ വനിതാ സഖാവു നല്‍കിയ പരാതിയിന്മേലുള്ള റിപ്പോര്‍ട്ടിലെ തമാശ ആരും മറന്നു കാണില്ല. ‘പരാതി നല്‍കാന്‍ വൈകിപ്പോയി’ എന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. പാര്‍ട്ടിയിലെ ഉന്നതര്‍ക്കെതിരേ ‘പീഡനപരാതി’ കൊടുക്കാന്‍ ഏതു വനിതാ സഖാവിനാണു ധൈര്യമുണ്ടാവുക.
ജീവന്‍വരെ പോകുന്ന കാര്യമാണ്. പാര്‍ട്ടിക്കാരായ സ്വന്തം കുടുംബാംഗങ്ങള്‍പോലും കൂടെ നിന്നെന്നു വരില്ല. സുഹൃത്തുക്കള്‍ അകലും. പല വിധ അപമാനങ്ങള്‍ക്കും അപവാദങ്ങള്‍ക്കും വിധേയയാകേണ്ടി വരും. ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം പരിചിന്തനം ചെയ്ത് എന്തുവന്നാലും പരാതി കൊടുക്കുമെന്ന നിഗമനത്തിലെത്തുമ്പോഴേക്കും കുറച്ചു വൈകിയെന്നുവരും. അതു തിരിച്ചറിയാനുള്ള മനുഷ്യത്വമെങ്കിലും പാര്‍ട്ടി അന്വേഷണ കമ്മിഷനുണ്ടാകണം.
താങ്കളുടെ സ്വയമാസ്വദിച്ചുകൊണ്ടുള്ള പരാമര്‍ശം കേട്ടു ചിരിച്ചത് എല്‍.ഡി.എഫുകാര്‍ മാത്രമാണ്. അങ്ങനെ കൈയടിച്ചവര്‍ മാത്രമല്ല വോട്ടര്‍മാര്‍. കൈപ്പത്തിയും താമരയും അരിവാള്‍ ചുറ്റിക നക്ഷത്രവുമൊന്നും മനസിനെ ബാധിക്കാത്ത അനേകം നിഷ്പക്ഷമതികളും വോട്ടര്‍മാരിലുണ്ട്. അതോര്‍ക്കുന്നതു നന്ന്.
രമ്യാ ഹരിദാസിന്റെ പൊതുസ്വീകാര്യതയെ കുറച്ചു കാണിക്കാനാണല്ലോ താങ്കള്‍ അവരെ പരിഹസിച്ചത്. അതുകൊണ്ട് അവരുടെ സ്വീകാര്യത കുറയുകയാണോ കൂടുകയാണോ ചെയ്തത്. പതിന്മടങ്ങു കൂടിയെന്നു നിഷ്പക്ഷ മതികള്‍ പറയും.

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഉണ്ടായിരുന്ന കേസ് പലരും അന്വേഷിച്ചല്ലോ, എന്നിട്ടെന്തായി. ഒരു തെളിവും കിട്ടിയില്ല. എല്‍.ഡി.എഫ് ഭരണകാലത്തും തെളിവുമായി രംഗത്തുവരാന്‍ കഴിഞ്ഞില്ല. കോടതി അദ്ദേഹത്തെ ആരോപണങ്ങളില്‍ നിന്നു മോചിപ്പിച്ചു. എന്നിട്ടും, ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ കലഹമുണ്ടാക്കാനാണു താങ്കളെപ്പോലുള്ളവര്‍ ശ്രമിക്കുന്നത്.

വലിയ നേതാക്കന്മാര്‍ നേരില്‍ക്കാണുമ്പോള്‍ കൈകൊടുക്കും, കെട്ടിപ്പിടിക്കും, മക്കളുടെ വിവാഹങ്ങള്‍ക്കു ക്ഷണിക്കും, അത്തരം ചടങ്ങുകളില്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കും. അവര്‍ക്കിടയില്‍ പ്രസംഗത്തിലല്ലാതെ വിരോധമില്ല.
പാവം അണികള്‍, ഇതുപോലുള്ള വിലകുറഞ്ഞ തരംതാണ വാക്കുകളില്‍ ആവേശഭരിതരായി പരസ്പരം കടിച്ചുകീറും, പോര്‍വിളിക്കും, ചിലപ്പോള്‍ രാഷ്ട്രീയ ശത്രുവിന്റെ ജീവനെടുക്കും. കൊന്നവനും കൊല്ലപ്പെട്ടവനും രാഷ്ട്രീയത്തില്‍ ഒരു നേട്ടവുമില്ലാത്ത പാവങ്ങളായിരിക്കും. ഇതല്ലേ നടക്കുന്നത്?
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എങ്ങനെയും അധികാരം കിട്ടുവാന്‍ ആരുമായും മുന്നണി അംഗത്വമെടുക്കും. എന്നിട്ട് പറയും ജനങ്ങള്‍ക്കു വേണ്ടിയാണ്, സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതമായി ജീവിക്കാനാണ് എന്നൊക്കെ.

എതിരാളികളെ രാഷ്ട്രീയമായി നേരിടുമ്പോള്‍ രാഷ്ട്രീയം പറയണം. തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ബാധിച്ച, ബാധിക്കുന്ന വിഷയങ്ങളാണു പറയേണ്ടത്. അല്ലാതെ സംസ്‌കാരം കുറഞ്ഞ ‘തമാശ’ പറഞ്ഞു കേള്‍വിക്കാരെ ചിരിപ്പിക്കുകയല്ല വേണ്ടത്.
ഭരണം കൈയിലുള്ളപ്പോള്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ക്കുള്ള വിലയും നിലയും മറക്കരുത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്ന വ്യക്തിയല്ലേ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സ്ഥാനാര്‍ഥിയായ വിജയരാഘവനെ സ്വീകരിക്കുവാന്‍ ‘സഖാക്ക’ളാരും എത്താതിരുന്നതു സംബന്ധിച്ച വാര്‍ത്ത വായിച്ചത് ഓര്‍ക്കുന്നു.

‘ബൂര്‍ഷ്വാ പത്രത്തിന്റെ’ കണ്ടുപിടിത്തമൊന്നും ആയിരുന്നില്ല ആ വാര്‍ത്ത. ഇറക്കുമതി സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന് സഖാക്കള്‍ തന്നെയല്ലേ പറഞ്ഞത്. സ്ത്രീകളെ അപമാനിക്കുന്നവരെ വേണ്ടെന്നു കൂടി സഖാക്കള്‍ തീരുമാനമെടുക്കണം, കണ്‍വീനറായാലും മന്ത്രിയായാലും എം.എല്‍.എയായാലും അതു ബാധകമാക്കണം. എല്‍.ഡി.എഫ് കണ്‍വീനര്‍ ശ്രദ്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
പലരും പ്രതീക്ഷിക്കുന്നതുപോലെ രാഹുല്‍ പ്രധാനമന്ത്രിയായാല്‍ ആ മന്ത്രിസഭയില്‍ കുഞ്ഞാലിക്കുട്ടിയുമുണ്ടാകും. അങ്ങനെ വന്നാല്‍ സ്വാഭാവികമായും സഖാക്കള്‍ക്കും പുരുഷ-വനിതാ വ്യത്യാസമില്ലാതെ കേന്ദ്രമന്ത്രിയെ കാണാനും നിവേദനം നല്‍കാനും പോകേണ്ടി വരും. അങ്ങനെ നിവേദനം നല്‍കാനെത്തുന്നവരില്‍ സ്ത്രീ സഖാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാകുമെന്നും ഉറപ്പ്.

താങ്കളുടെ പാര്‍ട്ടി ചരിത്രപരമായ വിഡ്ഢിത്തമൊന്നും ആവര്‍ത്തിച്ചില്ലങ്കില്‍ മന്ത്രിസഭയില്‍ ചേരാന്‍ നോക്കും. അല്ലെങ്കില്‍ പുറത്തുനിന്നു പിന്താങ്ങി ഭയപ്പെടുത്താനും പിന്‍സീറ്റ് ഡ്രൈവിങ്ങിനും ശ്രമിക്കുമല്ലോ (നേരത്തേ നടത്തിയ ഭയപ്പെടുത്തലില്‍ സോണിയാ ഗാന്ധി ഭയന്നില്ലെന്നതു വേറെ കാര്യം).
അപ്പോഴും, രമ്യ ഹരിദാസിനെ പരിഹസിച്ചു പറഞ്ഞ വാക്കുകള്‍ താങ്കള്‍ ആവര്‍ത്തിക്കുമോ അങ്ങയുടെ ഭാര്യയും മകളുമുണ്ടെങ്കില്‍, അവരാണ് അങ്ങയുടെ പരിഹാസത്തെ ആദ്യം തന്നെ എതിര്‍ക്കേണ്ടവര്‍. ഇങ്ങനെയെല്ലാം പരിഹസിക്കുന്നവരെയും ശിക്ഷിക്കണം. പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ ശിക്ഷയല്ല, അതു സ്ത്രീകള്‍ തീരുമാനിക്കണം. നവോത്ഥാനം പെട്ടെന്നുണ്ടായ പ്രതിഭാസമല്ല. മതിലു കെട്ടാന്‍ വന്ന വനിതാ നേതാക്കന്മാരൊക്കെ എന്തേ ഇപ്പോള്‍ കൈ ഉയര്‍ത്താത്തത്. തെരഞ്ഞെടുപ്പു സമയമായതു കൊണ്ടാണോ.

സി.പി.ഐ സ്ഥാനാര്‍ഥികളില്‍ വനിതകളുണ്ടാകുമെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പറഞ്ഞിട്ടും ഒരു വനിത പോലുമില്ല. മതിലു കെട്ടാനും ചങ്ങലക്ക് കണ്ണിയാകാനും മാത്രം മതി സി.പി.ഐക്കും വനിതകള്‍.
സി.പി.എമ്മില്‍ രണ്ടു വനിതാ സ്ഥാനാര്‍ഥികളുണ്ട്. ഇവര്‍ രണ്ടുപേരും ജയിച്ചാല്‍, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മന്ത്രിസഭ അധികാരത്തില്‍ വന്നാല്‍, പി.കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായാല്‍, എം.പിമാരെന്ന നിലയില്‍ ഇവര്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പേകേണ്ടി വരുമല്ലോ. അതുവേണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രഖ്യാപിക്കുമോ? അതോ, പോയിവരുമ്പോള്‍ പരിഹസിക്കുമോ?
ഇതിനൊക്കെ മറുപടി പറയാന്‍ ബാധ്യസ്ഥരാണ് ആനി രാജയും പി.കെ ശ്രീമതി ടീച്ചറുമൊക്കെ. എന്തേ അവരൊന്നും പറയാത്തത്. ഇതാണോ സ്ത്രീ ശാക്തീകരണം? ഇതാണോ നവോത്ഥാന മതില്‍?

ഇടതുമുന്നണി സ്ഥാപിതമായിട്ട് എത്ര കണ്‍വീനര്‍മാര്‍ ആ സ്ഥാനത്തിരുന്നു. ആരും ഇത്രയും വിലകുറഞ്ഞ ‘തമാശ’ പറഞ്ഞിട്ടില്ല. പറഞ്ഞതു വീണ്ടും വീണ്ടും ന്യായീകരിക്കുന്നതു കേള്‍ക്കുമ്പോള്‍ മതിലുകള്‍ കെട്ടിപ്പൊക്കിയ കൈകള്‍ എന്തേ ഉയരാത്തതെന്ന് അതിശയിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.