2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

എല്‍സ്റ്റണ്‍ എസ്റ്റേറ്റ്: തൊഴിലാളികള്‍ സമരവുമായി തൊഴിലുടമയുടെ വീട്ടുപടിക്കലേക്ക്

കല്‍പ്പറ്റ: ചെയ്ത ജോലിക്ക് കൂലിയില്ല, കൂലി കിട്ടണമെങ്കില്‍ തന്നെ തൊഴില്‍ ദിനം കളഞ്ഞ് സമരത്തിനിറങ്ങണം, ബോണസില്ല, ഗ്രാറ്റുവിറ്റിയില്ല, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ ഉള്‍പെടെയുള്ള മറ്റു ആനുകൂല്യങ്ങളുമില്ല.. പറഞ്ഞു വരുന്നത് അസംഘടിത മേഖലയിലെ തൊഴിലാളികളെ കുറിച്ചല്ല.
സംഘടിതരായ ട്രേഡ് യൂനിയനുകള്‍ പ്രവര്‍ത്തിക്കുന്ന, ജില്ലാ ഭരണകൂടത്തിന് മൂക്കിന് താഴെയുള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ മൂന്നൂറോളം വരുന്ന തൊഴിലാളികളുടെ തീരാദുരിതമാണിത്.
മാസങ്ങള്‍ക്ക് മുമ്പ് അനിശ്ചിതകാല സമരവും തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലെ പ്രഖ്യാപനങ്ങള്‍ പാഴ് വാക്കായതോടെ വീണ്ടും സമരത്തിനിറങ്ങിയ തൊഴിലാളികളാണ് ഗതികെട്ട് തോട്ടം ഉടമയുടെ വീട്ടുപടിക്കല്‍ കുത്തിയിരിപ്പ് സമരത്തിനൊരുങ്ങുന്നത്. നിലവില്‍ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റബര്‍ മാസങ്ങളിലെ ശമ്പളമാണ് വീണ്ടും കുടിശ്ശികയായിട്ടുള്ളത്. ഇതില്‍ ജൂലൈ മാസത്തിലെ ശമ്പള തുകയുടെ 25 ശതമാനമാണ് കുടിശ്ശിക. ജില്ലയിലെ മറ്റു തോട്ടങ്ങളില്‍ മാനേജ്‌മെന്റുകള്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച 8.33 ശതമാനം ബോണസ് വിതരണം ചെയ്‌തെങ്കിലും എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത് ബോണസ് തുകയുടെ 60 ശതമാനം മാത്രമാണ്.
കൂടാതെ എസ്റ്റേറ്റിലെ പെരുന്തട്ട വണ്‍, ടു, പുല്‍പ്പാറ ഡിവിഷനുകളിലായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ വര്‍ഷങ്ങളായി മെഡിക്കല്‍ ആനുകൂല്യങ്ങളും അന്യമാണ്. വിരമിച്ച 72 തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ഇനിയും മാനേജ്‌മെന്റ് നല്‍കിയിട്ടില്ല. നിരവധി സമരങ്ങള്‍ക്കൊടുവിലാണ് ചിലര്‍ക്കെങ്കിലും ഗ്രാറ്റുവിറ്റി നല്‍കാന്‍ മാനേജ്‌മെന്റ് തയാറായത്.
ഗ്രാറ്റുവിറ്റി തുകക്ക് വണ്ടിച്ചെക്ക് നല്‍കിയും തോട്ടമുട തൊഴിലാളികളെ വഞ്ചിച്ചിരുന്നു. ആറു വര്‍ഷമായി തൊഴിലാളികളുടെ പി.എഫ് വിഹിതം മാനേജ്‌മെന്റ് പിടിക്കുന്നുണ്ടെങ്കിലും ഇതുവരെ പി.എഫ് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടില്ല.
സമരങ്ങള്‍ക്കൊടുവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്ന മാനേജ്‌മെന്റ് ഇവ നടപ്പാക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ജൂണില്‍ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍, ജില്ലാ ലേബര്‍ ഓഫിസര്‍, സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന യോഗത്തിലാണ് ജൂലൈ 31ന് മുമ്പ് ശമ്പള കുടിശ്ശിക തീര്‍ക്കാനും ഓഗസ്റ്റ് 16ന് ബോണസ് വിതരണത്തിനും ധാരണയായത്. എന്നാല്‍ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ മാനേജ്‌മെന്റ് തയാറായിരുന്നില്ല. മെയ്, ജൂണ്‍ മാസങ്ങളിലെ ശമ്പള കുടിശ്ശിക വീണ്ടും സമരം ചെയ്തതോടെ പലപ്പോഴായി തീര്‍ത്തെങ്കിലും ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75 ശതമാനം മാത്രമാണ് വിതരണം ചെയ്തത്. കൂടാതെ ഗ്രാറ്റിവിറ്റി, പി.എഫ് എന്നിവ സംബന്ധിച്ച മറ്റു കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാനും അന്ന് യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഇതുവരെ തുടര്‍ ചര്‍ച്ചകളുണ്ടായിട്ടില്ല.
ജനുവരി 19ന് ലേബര്‍ ഓഫിസര്‍ വിളിച്ച് ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയിലെ ഒത്തുതീപ്പ് വ്യവസ്ഥപ്രകാരം തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റിവിറ്റി തുക ഇക്കഴിഞ്ഞ ഫെബ്രുവരി 28നകം കൊടുത്തു തീര്‍ക്കുമെന്നായിരുന്ന തൊഴിലുടമയുടെ പ്രഖ്യാപനം. അതും പാഴ്‌വാക്കായി. തോട്ടം മേഖലയില്‍ ട്രേഡ് യൂനിയനുകള്‍ ശക്തമാണെങ്കിലും തൊഴില്‍ ചൂഷണങ്ങള്‍ അറുതിയില്ലാതെ തുടരുകയാണ്. 2017 ഡിസംബര്‍ 31 കാലാവധി അവസാനിച്ച തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം ഇനിയും നടപ്പാക്കാത്തത് തോട്ടം തൊഴിലാളികളോടുള്ള ഭരണകൂട വിവേചനത്തിന്റെ ഉദാഹരണമാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. അസംഘടിത-സ്വകാര്യ മേഖലയിലെ തൊഴിലാളി ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമ നിര്‍മാണങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യുന്ന ഭരണകൂടങ്ങള്‍ തോട്ടം തൊഴിലാളികളെ പാടെ അവഗണിക്കുന്നതിനെതിരേയും പ്രതിഷേധം ശക്തമാണ്..


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.