2017 November 18 Saturday
ഓരോരുത്തരും സ്വന്തം വീട് വൃത്തിയാക്കിയാല്‍ ലോകം മുഴുവന്‍ വൃത്തിയാകും
ഗെഥേ

എല്ലാ റൂട്ടുകളും ബിസിയാണ്; ജിയോ ‘പണി ‘ തുടങ്ങി

ഉണ്ണി വി.ജെ.നായര്‍

തിരുവനന്തപുരം: സൗജന്യ സേവനവുമായി പുറത്തിറങ്ങിയ റിലയന്‍സിന്റെ ജിയോ സൗജന്യം മുന്നില്‍ക്കണ്ട് കണക്ഷനെടുത്ത ഉപഭോക്താക്കള്‍ക്കു പുതുവത്സരം തുടങ്ങയപ്പോഴെ ‘പണി’ കൊടുത്തു തുടങ്ങി. ജിയോ സിമ്മില്‍ നിന്നും ആരെയെങ്കിലും വിളിയ്ക്കണമെന്നു കരുതിയാല്‍ നോ രക്ഷ..! എല്ലാ റൂട്ടുകളും ബിസിയാണ്; പിന്നീടു വിളിക്കൂ എന്നാണു തുടരെയുള്ള മറുപടി. ദോഷം പറയരുത്..ചിലപ്പോ നിങ്ങള്‍ വിളിക്കുന്ന സബ്‌ക്രൈബര്‍ പരിധിക്കു പുറത്താണെന്ന കിളിമൊഴിയും കേള്‍ക്കാം. തുടക്കത്തില്‍ ഇടതടവില്ലാത്ത ‘സേവനം’ കാഴ്ചവച്ചിരുന്ന ജിയോ ഉപഭോക്താക്കളുടെ എണ്ണം കരകവിഞ്ഞപ്പോഴാണു പരിധിക്കു പുറത്തായതെന്നാണു വിവരം.
2016 സെപ്തംബറില്‍ ജിയോ ഇറങ്ങിയപ്പോള്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് ജിയോ കനത്ത പ്രഹരം ഏല്‍പ്പിച്ചുവെന്ന് ട്രായി പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ച് ടെലികോം ലീഡ് റിപ്പാര്‍ട്ട് ചെയ്തിരുന്നു. മറ്റു ടെലികോം കമ്പനികളുടെ വരുമാനത്തില്‍ മുന്‍കാലത്തെ അപേക്ഷിച്ച് 5.33 ശതമാനത്തിന്റെ കുറവാണു സംഭവിച്ചത്. മൂന്നാം പാദത്തില്‍ രാജ്യത്തെ മറ്റു ടെലികോം കമ്പനികള്‍ വരുമാനത്തില്‍ 2.68 ശതമാനം കുറവാണു രേഖപ്പെടുത്തിയത്. റിലയന്‍സ് ജിയോ ആരംഭിച്ചപ്പോള്‍ ഉപയോക്താക്കള്‍ക്ക് വെല്‍ക്കം ഓഫര്‍ എന്ന നിലയില്‍ പൂര്‍ണമായും ഡാറ്റയും, കോളും ഫ്രീ നല്‍കിയിരുന്നു.
ഇത് പിന്നീട് ന്യൂ ഇയര്‍ ഓഫര്‍ എന്ന നിലയില്‍ മാര്‍ച്ചുവരെ നീട്ടുകയും ചെയ്തു. എന്നാല്‍ നേരത്തെ നല്‍കിയിരുന്ന 4ജിബി എന്ന ഡാറ്റ പരിധി 1ജിബിയായി കുറച്ചു. 2017 മാര്‍ച്ചോടെ 10 കോടി ഉപയോക്താക്കളെ പ്രതീക്ഷിക്കുന്ന ജിയോ ലക്ഷ്യത്തിലേക്കു വളരെവേഗം കുതിക്കുകയാണ്. അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ്, വിഡിയോ കോള്‍, മെസേജിങ് ഓഫറുകള്‍ നല്‍കിയ റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫര്‍ അവസാനിച്ചതോടെ പുതുവര്‍ഷത്തിന്റെ ഭാഗമായി ഹാപ്പി ന്യൂഇയര്‍ ഓഫര്‍ നല്‍കിയത്.
പുതിയ ഓഫറിലും അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ്, വിഡിയോ കോള്‍ സേവനങ്ങളൊക്കെയുണ്ടെങ്കിലും 4ജിബി എന്ന ഡാറ്റാ പരിധി 1ജിബിയായി കുറച്ച് ഉപഭോക്താക്കളെ ശരിക്കും നിരാശരാക്കി. അതിനു പുറമെയാണ് കോള്‍ വിളിച്ചാല്‍ കിട്ടാത്ത ഇരുട്ടടിയും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.