2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

എല്ലാം സാധ്യമാണ്

ലത്തീഫ് മുട്ടാഞ്ചേരി

ശിഹാബ് ഭൂമിയിലേക്കു പിറന്നുവീണപ്പോള്‍ മാതാപിതാക്കള്‍ ഒട്ടേറെ കരഞ്ഞുകാണും. കാരണം, കുട്ടിക്ക് ഇരു കൈകളും കാലുകളും ഉണ്ടായിരുന്നില്ല.
കുഞ്ഞിന്റെ ഭാവി അവര്‍ക്കുമുന്നില്‍ വലിയ ചോദ്യചിഹ്നമായി. എന്നാല്‍, ആ ചോദ്യചിഹ്നത്തെ വളച്ചൊടിച്ചു കൈയില്‍കൊടുത്തിരിക്കുകയാണ് ഈ യുവാവ്, മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ പള്ളിപ്പടിക്കാരന്‍ ചെറുപറമ്പന്‍ ശിഹാബ്.
അബൂബക്കര്‍- മഹജബി ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായി ശിഹാബ് ജനിക്കുമ്പോള്‍ ഇവന്റെ പേരില്‍ ദുഃഖിക്കാനല്ല, അറിയപ്പെടാനാണ് തങ്ങളുടെ വിധിയെന്ന് ആ മാതാപിതാക്കള്‍ നിനച്ചില്ല.
എന്നാല്‍, ശിഹാബ് വേറെ ലെവലായിരുന്നു. എട്ടാം ക്ലാസുവരെ സ്‌കൂളില്‍ പോകാന്‍ അവനു സാധിച്ചില്ല, എന്നാല്‍ സ്വന്തം താല്‍പര്യത്താല്‍ പത്താംക്ലാസ് പഠിച്ചു. സഹോദരിമാര്‍ ചൊല്ലിപ്പഠിപ്പിച്ച അക്ഷരങ്ങളെ കൂട്ടുപിടിച്ച് പരീക്ഷയെഴുതിയ ശിഹാബിന്റെ പരീക്ഷാ ഫലം വന്നപ്പോള്‍ നാട് ഞെട്ടി, ആള്‍ക്ക് 94 ശതമാനം മാര്‍ക്കുണ്ട്. ഇല്ല, അസാധത്യമായതായി ഒന്നുമില്ലെന്നു വിളിച്ചറിയിച്ചു ശിഹാബ് ഇന്നും സജീവമാണ് നമുക്കിടയില്‍.
പ്രീഡിഗ്രിക്ക് ഈ മിടുക്കന്‍ എണ്‍പതു ശതമാനം മാര്‍ക്ക് നേടി. അതായത് ഡിസ്റ്റിങ്ഷന്‍!. ശേഷം ഇംഗ്ലീഷില്‍ ഡിഗ്രി. വയലിന്‍, പിയാനോ തുടങ്ങിയ ഉപകണങ്ങളും ചിത്രം വരയും ക്രിക്കറ്റുമെല്ലാം ശിഹാബിനു മുന്നില്‍ കീഴടങ്ങി. അങ്ങനെയൊരിക്കല്‍ ഇന്ത്യന്‍ താരം ശ്രീശാന്ത് ശിഹാബിനെ ഫോണില്‍ വിളിക്കുകയും ചെയ്തു.
‘ഉഗ്രം ഉജ്ജ്വലം’ എന്ന പരിപാടിയില്‍ പാട്ടിനൊത്തു നൃത്തംചെയ്യുന്ന ശിഹാബിനെ കണ്ടവരുണ്ട് അനവധി. നൃത്തവും സംഗീതവും പഠിപ്പിച്ചത് കൊണ്ടോട്ടിയിലെ അനീഷ് മാസ്റ്ററാണ്.
ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ എം.എയ്ക്കു പഠിക്കുകയാണ് ശിഹാബ്. ചിരിച്ചു മാത്രം സംസാരിക്കുകയും സന്തോഷം മാത്രം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ യുവാവ്, മദ്രാസ് ഐ.ഐ.ടിയില്‍ ഉള്‍പ്പെടെ അഞ്ഞൂറോളം വ്യക്തിത്വ പരിശീലന ക്ലാസുകള്‍ എടുത്തിട്ടുണ്ട്.
ASWE (Academy of Significant and Wellness Education) എന്ന അന്തര്‍ദേശീയ സംഘടനയുടെ State Trainer ആണ്. സൗഹൃദം ഇഷ്ടപ്പെടുന്ന ശിഹാബ് തന്റെ ഫേസ്ബുക്ക് പേജില്‍ (facebook: C P Shihab-) മറ്റുള്ളവരെ അറിയിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.
…………………………………………………………………………………….

വൈകല്യം മറന്ന് വിജയം നേടിയവര്‍, സാമ്പത്തിക പ്രയാസം പ്രശ്‌നമാക്കാതെ പഠിച്ച് ഉന്നതിയിലെത്തിയവര്‍, സ്വപ്രയത്‌നത്താല്‍ ജീവിത പ്രയാസങ്ങളെ തോല്‍പിച്ചവര്‍….
അങ്ങനെ ഒട്ടേറെ പെരുണ്ടാകും നമുക്കിടയില്‍, നാമറിയുന്നവരായി…
അവരുടെ വിജയകഥകള്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകും…
അങ്ങനെയുള്ളവരെ ഞങ്ങള്‍ക്കു പരിചയപ്പെടുത്തുക… 9995198178


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.