2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

എല്ലാം ശരിയാക്കുമോ?

അഡ്വ. എ ജയശങ്കര്‍

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടിയിട്ടുണ്ട്. മുന്നണിയിലെ പ്രധാനപാര്‍ട്ടി സി.പി.എമ്മും. പ്രധാന പാര്‍ട്ടിയുടെ നേതാവ് മുഖ്യന്ത്രിയാവുക എന്നതാണ് കീഴ്്‌വഴക്കം. അത് പ്രകാരം സി.പി.എമ്മിന്റെ നിയമസഭ കക്ഷി നേതാവാണ് മുഖ്യമന്ത്രിയാവേണ്ടത്. സി.പി.എം സാധാരണ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നത് എം.എല്‍.എമാരില്‍ നിന്നല്ല,  സ്റ്റേറ്റ് കമ്മിറ്റിയാണ്. സ്റ്റേറ്റ് കമ്മിറ്റി ഇപ്പോള്‍ പിണറായി വിജയനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റേറ്റ് കമ്മിറ്റിക്ക് ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാം.
1996 ല്‍ ഇ.കെ നയനാര്‍ മൂന്നാമത് തവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം എം.എല്‍.എ ആയിരുന്നില്ല. തെരഞ്ഞെടുപ്പിന് മുന്‍പായി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. അങ്ങിനെ പറയുന്ന പതിവ് പാര്‍ട്ടിക്കില്ലെന്ന കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും പറഞ്ഞു. അതേസമയത്ത് തന്നെ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് ഉന്നത പ്രയപരിധിയില്ല എന്നും ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒന്നിലധികം തവണ പലപ്രകാരത്തില്‍ പറഞ്ഞു. അങ്ങിനെ വി.എസിനെ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുകയും അദ്ദേഹം പ്രചാരണം നയിക്കുകയും ചെയ്തപ്പോള്‍ ഈനാട്ടിലെ സാധാരണക്കാരായ പ്രവര്‍ത്തകരും മുന്നണിയെ സ്‌നേഹിക്കുന്നവരും വിചാരിച്ചത് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ വി.എസ് ആയിരിക്കും മുഖ്യമന്ത്രിയെന്നാണ്. അതിന് ആക്കം കൂട്ടി വി.എസ് മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തു. അദ്ദേഹം പ്രസംഗിക്കുക മാത്രമല്ല ചെയ്തത്, ഫേസ്ബുക്കിലും ട്വിറ്ററിലും അതിശക്തമായ പ്രചാരണമാണ് നടത്തിയത്. വി.എസ് അച്യുതാനന്ദന്‍ ഒറ്റുകാരനാണ് എന്ന് പറഞ്ഞ യുവനേതാവ് വരെ അദ്ദേഹത്തിന്റെ പടം പോസ്റ്ററില്‍ അച്ചടിച്ചും വി.എസിനെ പ്രചരണത്തിനുകൊണ്ടുവന്നുമാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്.
ക്യാബിനറ്റ് റാങ്കോടെയുള്ള പ്രത്യേക പദവി നല്‍കാനുള്ള നീക്കം നടക്കുന്നുണ്ട്. എന്നാല്‍ ആര്‍. ബാലകൃഷ്ണപിള്ളയല്ല വി.എസ് എന്ന് മനസ്സിലാക്കണം. അദ്ദേഹത്തെ അങ്ങനെ ഒതുക്കി നിര്‍ത്താനാവില്ല. മുന്നണി ചെയര്‍മാനോ, മുന്നോക്ക സമുദായ ചെയര്‍മാനോ അങ്ങനെ എന്തെങ്കിലുമായി വി.എസിനെ കൊച്ചാക്കാനാവില്ല.
‘പാലം കടക്കുവോളം നാരായണ പാലം കടന്നപ്പോള്‍ കൂരായണ…’ എന്നൊരു ചൊല്ല് കേരളത്തില്‍ പണ്ടേയുണ്ട്. 1987ല്‍ ഇതുപോലൊരു സംഭവം ഉണ്ടായതാണ്. ‘കേരം തിങ്ങും കേരള നാട്, കെ.ആര്‍ ഗൗരി ഭരിക്കട്ടെ’ എന്ന മുദ്രാവാക്യം എല്ലാ മതിലുകളിലും എഴുതി. പക്ഷെ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയപ്പോള്‍ ഗൗരിയമ്മയെ തഴഞ്ഞ് ഇ.കെ നയനാരെ മുഖ്യമന്ത്രിയാക്കി. അതേനയം തന്നെയാണ് ഇത്തവണയും ആവര്‍ത്തിച്ചിരിക്കുന്നത്. വി.എസിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് ജയിച്ച ശേഷം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പിണറായി വിജയനെയല്ല ഇ.പി ജയരാജനെയോ എം.എം മണിയെയോ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്ക് അധികാരമുണ്ട്. നമുക്ക് സഹിക്കുകയല്ലാതെ നിവര്‍ത്തിയില്ല. പിന്നെ ഭരണമെങ്ങിനെയാകുമെന്നത് കണ്ടറിയേണ്ടതാണ്. അതേക്കുറിച്ച് ഒരു പ്രവചനം നടത്തുകയെന്നത് അസാധ്യമാണ്.
പിണറായി വിജയന്‍ വലിയ ഭരണകര്‍ത്താവാണ് എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്. അഴിമതി കുറയ്ക്കാനും തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിനും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി വിലക്കയറ്റം കുറയ്ക്കുന്നതിനും സാധിക്കുമോയെന്നാണ് നമ്മള്‍ ഉറ്റ് നോക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് കേരളം പൊതുവെ ശാന്തമായിരുന്നു. ക്രമസമാധാന രംഗത്താണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമുണ്ടായിരുന്നത്. വലിയ തോതിലുള്ള പൊലിസ് അതിക്രമങ്ങളോ വെടിവയ്‌പ്പോ ലാത്തിച്ചാര്‍ജോ കസ്റ്റഡി മരണങ്ങളോ ഒന്നുമണ്ടായില്ല. ആദ്യം തിരുവഞ്ചൂര്‍ രാധകൃഷ്ണനും പിന്നീട് ചെന്നിത്തലയും ഇക്കാര്യത്തില്‍ വലിയ മുന്‍കൈ എടുത്തിരുന്നു. എന്നാല്‍ ഈ നേട്ടം ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസും യു.ഡി.എഫും പരാജയപ്പെട്ടു.  
ഇടത് ഭരണകാലത്ത് ഉണ്ടാകാവുന്ന വലിയ പ്രശ്‌നം ക്രമസമാധാന തകര്‍ച്ചയാണ്. പ്രത്യേകിച്ച് ആര്‍.എസ്.സ്-മാര്‍ക്‌സിസ്റ്റ്, മാര്‍ക്‌സിസ്റ്റ്-മുസ്്‌ലിം ലീഗ് സംഘട്ടനങ്ങള്‍. അതില്‍ പൊലിസിന്റെ പക്ഷപാതപരമായ നിലപാട് എന്നിവ പ്രശ്‌നങ്ങളാകാറുണ്ട്. ആ രംഗത്ത് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും പൊലിസിന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിനുമുള്ള സാഹചര്യം ഉണ്ടാകണമെന്നും ജനം ആഗ്രഹിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.