2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

എലിപ്പനി: 12ന് ജില്ലയില്‍ സര്‍വൈലന്‍സ് ദിനാചരണം

 

കല്‍പ്പറ്റ: പകര്‍ച്ചവ്യാധി മൂലം ഒരു മരണം പോലും സംഭവിക്കരുതെന്ന് ലക്ഷ്യമിട്ട് നടത്തിയ ഡോക്‌സി ദിനാചരണത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിന് രണ്ടാംഘട്ടമായി ഈമാസം 12ന് ജില്ലയില്‍ സര്‍വൈലന്‍സ് ദിനമായി ആചരിക്കും.
അന്നേദിവസം ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ആശ അങ്കണവാടി പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തും. എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രതിരോധ ഗുളിക നല്‍കുക, കിണറുകള്‍ ക്ലോറിനേഷന്‍ നടത്തിയെന്ന് ഉറപ്പുവരുത്തുക, കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനം നടത്തുക എന്നിവയാണ് 12ന് നടക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍. വരുംനാളുകളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാലാണ് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നത്. ഇടവിട്ടു പെയ്യുന്ന മഴയില്‍ വെള്ളം കെട്ടിനിന്ന് കൊതുകു മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള പാത്രങ്ങളും പ്ലാസ്റ്റിക്കുകളും നീക്കം ചെയ്യുന്നതിലൂടെയോ ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അതിനായി എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും ഡി.എം.ഒ അഭ്യര്‍ഥിച്ചു.
വീടിന്റെ അകത്തും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ സ്രോതസുകളും ആഴ്ചയില്‍ ഒരിക്കല്‍ നീക്കം ചെയ്ത് ഡ്രൈഡേ ആചരിക്കണമെന്നും ഡി.എം.ഒ നിര്‍ദേശിച്ചു. ഡോക്‌സി ഡേ ദിനാചരണത്തിലൂടെ ജില്ലയിലെ എലിപ്പനി സാധ്യതയുള്ള മുഴുവനാളുകള്‍ക്കും പ്രതിരോധ ഗുളിക വിതരണം ചെയ്തിരുന്നു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയില്‍ എത്തിക്കുന്നതിനായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് നടപ്പിലാക്കിയത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷന്‍, പട്ടികവര്‍ഗ വകുപ്പ്, ശിശുക്ഷേമ വകുപ്പ് എന്നിവയിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം കലക്ടറുടെ ചേമ്പറില്‍ വിളിച്ച് ചേര്‍ത്താണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്. ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലാണ് നടക്കുന്നതെന്ന് യോഗം വിലയിരുത്തിയിരുന്നു. ജില്ലയില്‍ സ്ഥിരീകരിക്കപ്പെട്ട എലിപ്പനി മരണം ഒന്നും സംഭവിച്ചിട്ടില്ല. ഒരു സംശയാസ്പദമായ മരണം മാത്രമാണ് സംഭവിച്ചതെന്ന് ഡി.എം.ഒ പറഞ്ഞു.
പ്രളയാനന്തരം ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ എലിപ്പനി വ്യാപകമാകുന്നത് തടയുന്നതിനായി രോഗപ്പകര്‍ച്ച സാധ്യതയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ മലിനജല സമ്പര്‍ക്ക സാധ്യതയുള്ളവര്‍ മുഴുവനാളുകളും പ്രതിരോധ ഗുളിക കഴിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായായിരുന്നു ഡോക്‌സിഡേ ആചരിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.