2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

എലിപ്പനി മരണം 48

ഇന്നലെ ഒന്‍പത് മരണം കൂടി; 13 ജില്ലകളില്‍ അതീവ ജാഗ്രത

 

കോഴിക്കോട്: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ ഒന്‍പതു പേര്‍ കൂടി മരിച്ചു. ഇതോടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.
കോഴിക്കോട് എരഞ്ഞിക്കല്‍ നെട്ടൂട്ടി താഴത്തെ അനില്‍കുമാര്‍ (54), വടകര പഴങ്കാവിലെ തെക്കെപഴങ്കാവില്‍ നാരായണി അമ്മ (80), കല്ലായി അശ്വനി ഹൗസില്‍ രവി (59), തൊടുപുഴ ഒളമറ്റം പനയോലപ്പറമ്പില്‍ ജോസഫ് (ഭഗവതിക്കുന്നേല്‍ ജോസ്- 58), കണ്ണൂര്‍ എടക്കാട് ആറ്റടപ്പ സ്വദേശി പ്രകാശന്‍ (55), പറവൂര്‍ മാഞ്ഞാലി തേലത്തുരുത്ത് പുഞ്ചാക്കല്‍ വീട്ടില്‍ ഉത്തമന്‍ (50), മാറഞ്ചേരി പുറങ്ങ് കാഞ്ഞിരമുക്ക് കൈതവളപ്പില്‍ ആദിത്യന്‍ (52), പാലാ വള്ളിച്ചിറ ചെറുകര മങ്കൊമ്പ് മാവേലിത്തയ്യില്‍ ബനഡിക്ടിന്റെ (മോറിസ്) ഭാര്യ ഏലിയാമ്മ (സാലിയമ്മ- 48), പത്തനംതിട്ട റാന്നി സ്വദേശി രഞ്ജു എന്നിവരാണ് മരിച്ചത്.
കോഴിക്കോട്ട് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ ഏഴു പേരുടെ മരണം എലിപ്പനിയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. 12 പേരുടെ മരണം എലിപ്പനി സംശയിക്കുന്നതാണ്. ഇന്നലെ 11 സംശയാസ്പദമായ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തൊടുപുഴയില്‍ പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയ ഒളമറ്റം മാരിയില്‍ കലുങ്ക് ഭാഗത്തെ വീടുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ക ഴിഞ്ഞയാഴ്ച ജോസഫ് ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കടുത്ത പനി ബാധിതനായി. കാരിക്കോട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്ന ജോസഫ് ഇന്നലെ പുലര്‍ച്ചയോടെയാണ് മരിച്ചത്. അവിവാഹിതനാണ്.
കണ്ണൂരിലെ പ്രകാശന്റെ മരണം എലിപ്പനി മൂലമാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ജില്ലയിലെ ഇരിവേരി, ചിറക്കല്‍, ചിറ്റാരിപ്പറമ്പ്, കൊട്ടിയൂര്‍, എളയാവൂര്‍ എന്നിവിടങ്ങളിലാണ് എലിപ്പനിയെന്ന് സംശയിക്കുന്ന മറ്റ് അഞ്ചു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും എലിപ്പനി പ്രതിരോധ ഗുളികയായ 200 എം.ജി ഡോക്‌സിസൈക്ലിന്‍ ലഭ്യമാക്കിയിട്ടുണ്ട്. കേളകം, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
മാറഞ്ചേരിയിലെ ആദിത്യന്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
മരിച്ച അനില്‍കുമാര്‍ കാരന്നൂര്‍ സര്‍വിസ് സഹകരണ ബാങ്കിലെ ജീവനക്കാരനും എരഞ്ഞിക്കല്‍ നെട്ടോടിതാഴത്ത് പരേതനായ ഇമ്പിച്ചിയുടെയും ദേവകിയുടെയും മകനുമാണ്. കോണ്‍ഗ്രസ് എലത്തൂര്‍ മണ്ഡലം സെക്രട്ടറിയുമായിരുന്നു. ഭാര്യ: ശ്രീജ. നാരായണിയുടെ ഭര്‍ത്താവ്: നാരായണന്‍ നായര്‍. മക്കള്‍: സുരേഷ് ബാബു (മസ്‌കത്ത് ), ഉണ്ണികൃഷ്ണന്‍, സുധ, പരേതരായ സതീദേവി, വിശ്വനാഥന്‍. മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍, സത്യന്‍, പ്രീത, പ്രേമ. സഹോദരങ്ങള്‍: കെ.സി ഗംഗാധരന്‍, ഭാസ്‌കരന്‍ (റിട്ട. ഡെപ്പ്യൂട്ടി തഹസില്‍ദാര്‍), സരോജിനി അമ്മ, ജാനു അമ്മ, ബാലന്‍, ശ്രീധരന്‍, രവീന്ദ്രന്‍.
സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പില്‍. ഉത്തമന്റെ ഭാര്യ: ശോഭ. മക്കള്‍: ആതിര, അനഘ, അനന്തു. മരുമകന്‍: മഹേഷ്. ആദിത്യന്റെ ഭാര്യ: സജിത. മക്കള്‍: സഞ്ജയ്കുമാര്‍, അക്ഷയ് കുമാര്‍, അര്‍ച്ചന. ഏലിയാമ്മ കുന്നോന്നി കല്ലുമാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സിംസണ്‍ (റെജി), സിജോ, സിന്‍സി. മരുമകള്‍: ഷെറിന്‍ മണിയാപൊഴിക്കല്‍ ഓമനപ്പുഴ. സംസ്‌കാരം ഇന്ന് 11നു പൈങ്ങുളം സെന്റ് മേരീസ് പള്ളിയില്‍.
കൊല്ലം ജില്ലയില്‍ എലിപ്പനി രോഗലക്ഷണങ്ങളുമായി നിരവധിപേര്‍ ഒരാഴ്ചയായി വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 14 പേരില്‍ രണ്ടുപേര്‍ക്ക് ഇതിനകം എലിപ്പനി സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 13 ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.