2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

എലിപ്പനി ബോധവല്‍ക്കരണം; ഡോക്‌സി വാഗണ്‍ പര്യടനം ഇന്ന് മുതല്‍

കൊല്ലം: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ബോധവല്‍ക്കരണ പരിപാടി ഡോക്‌സി വാഗണ്‍ ജില്ലയില്‍ ഇന്ന് മുതല്‍ പര്യടനം നടത്തും.
രാവിലെ 10.30ന് കലക്ടറേറ്റ് വളപ്പില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്യും. എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലാണ് വാഹനം എത്തുക. വീഡിയോ പ്രദര്‍ശനം, ബോധവല്‍ക്കരണം, ആവശ്യക്കാര്‍ക്ക് ഡോക്‌സിസൈക്ലിന്‍ ഗുളിക വിതരണം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. പര്യടനം നാലു ദിവസം നീണ്ടുനില്‍ക്കും.
ജില്ലയില്‍ ഒന്‍പത് പേരില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച രോഗബാധ സംശയിക്കപ്പെട്ടിരുന്നവരില്‍ ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. കൊറ്റങ്കര, ഉമ്മന്നൂര്‍, പെരിനാട്, ശൂരനാട് നോര്‍ത്ത് എന്നീ മേഖലകളില്‍ നിന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള നാല് പേര്‍ ഉള്‍പ്പടെ 10 പേര്‍ക്ക് രോഗബാധയുണ്ടെന്ന് സംശയിക്കപ്പെടുന്നു.
പുനലൂര്‍, കരുനാഗപ്പള്ളി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രികളിലും പാരിപ്പള്ളി മെഡിക്കല്‍ കോളജിലും കൊല്ലം പബ്ലിക് ഹെല്‍ത്ത് ലാബിലും സാമ്പിളുകള്‍ പരിശോധിക്കുന്നതിന് പുറമേ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.