2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

എലിപ്പനി: കരുതിയിരിക്കുക

എലി, അണ്ണാന്‍, മരപ്പട്ടി, പൂച്ച, പട്ടി, കന്നുകാലികള്‍  തുടങ്ങിയവരാണ് ഇതിന്റെ രോഗാണുവാഹകര്‍.  ഇവയുടെ മൂത്രം കലര്‍ന്ന വെള്ളമോ മണ്ണോ മറ്റ് വസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്

ഡോ. എന്‍.എം ഐഷാബായി (ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കോട്ടയം)

ലെപ്‌റ്റോസ്‌പ്പൈറ എന്ന ബാക്ടീരിയ മൂലമാണ് എലിപ്പനി അഥവാ വീല്‍സ് ഡിസീസ് ഉണ്ടാകുന്നത്.  ആരംഭദിശയില്‍ ചികിത്സ എടുത്തില്ലെങ്കില്‍  മരണം വരെ സംഭവിക്കാവുന്ന രോഗമാണ് എലിപ്പനി.  മഴക്കാലത്ത് മാത്രമല്ല എല്ലാ സീസണിലും ഈ രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെടാറുണ്ട്.
 
എലി, അണ്ണാന്‍, മരപ്പട്ടി, പൂച്ച, പട്ടി, കന്നുകാലികള്‍  തുടങ്ങിയവരാണ് ഇതിന്റെ രോഗാണുവാഹകര്‍.  ഇവയുടെ മൂത്രം കലര്‍ന്ന വെള്ളമോ മണ്ണോ മറ്റ് വസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്.  പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, തൊഴിലുറപ്പ് പദ്ധതിയില്‍ പണി ചെയ്യുന്നവര്‍,  തോട്ടം തൊഴിലാളികള്‍ എന്നിവരില്‍ രോഗം കൂടുതലായിട്ട് കണ്ടുവരുന്നു.രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 4 മുതല്‍ 19 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.  ശക്തിയായ പനി, പേശിവേദന, തലവേദന, കണ്ണിന് ചുവപ്പ് തുടങ്ങിയവയാണ്

പ്രധാന ലക്ഷണങ്ങള്‍

വൃക്കയെ ബാധിക്കുകയാണെങ്കില്‍ മൂത്രത്തിന്റെ അളവ് കുറയുകയും മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുകയും ചെയ്യും.  ശ്വാസകോശത്തെ ബാധിച്ചാല്‍ ചുമയും നെഞ്ചുവേദനയും, കരളിനെ ബാധിക്കുകയാണെങ്കില്‍ മഞ്ഞപ്പിത്തവും രോഗലക്ഷണമായി കാണാം. ലബോറട്ടറി രക്തപരിശോധനകള്‍ വഴി എലിപ്പനി സ്ഥിരീകരിക്കാവുന്നതാണ്.

കൃസ്റ്റലൈന്‍ പെന്‍സിലിന്‍, ഡോക്‌സി സൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ കൊണ്ട് ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് എലിപ്പനി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

1.   മരുന്ന് കൊണ്ടുള്ള പ്രതിരോധം: ഓടവൃത്തിയാക്കുന്നവര്‍, കൃഷിപ്പണിക്കാര്‍, തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതി ജോലിക്കാര്‍, കുളം വൃത്തിയാക്കുന്നവര്‍ തുടങ്ങിയവര്‍ ആഴ്ചയില്‍ ഒരു ദിവസം  രണ്ട് ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ വീതം ആറു മുതല്‍ എട്ട് ആഴ്ച വരെ കഴിച്ചിരിക്കണം.  കഴിവതും ജോലിക്കിറങ്ങുന്നതിന്റെ  തലേ ദിവസം ആദ്യത്തെ ഡോസ് ഗുളിക കഴിക്കണം. മുറിവുള്ളവര്‍ ജോലിക്ക് ഇറങ്ങുന്നതിന് മുമ്പും പിമ്പും ആന്റി സെപ്റ്റിക് ക്രീമുപയോഗിച്ച് ഡ്രസ്സ് ചെയ്യണം.

2. എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക.

3. ആഹാര സാധനങ്ങളും മറ്റ് അവശിഷ്ടങ്ങളും എലികളെ ആകര്‍ഷിക്കുന്ന രീതിയില്‍ വലിച്ചെറിയാതിരിക്കുക.

4. മാലിന്യങ്ങള്‍ കത്തിച്ചോ, കുഴിച്ചിട്ടോ നശിപ്പിക്കുക.
5. ഓടകളിലൂടെ വെള്ളം ഒഴുകിപ്പോകാനുള്ള തടസ്സങ്ങള്‍ നീക്കുക.

6. അപകട സാധ്യതയുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ കട്ടിയുള്ള റബ്ബര്‍ കാലുറകളും കയ്യുറകളും ധരിക്കുക.

7. കുളങ്ങള്‍, വെള്ളം കെട്ടിനില്‍ക്കുന്ന ജലാശയങ്ങള്‍  എന്നിവ കുളിയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാതിരിക്കുക.

8. പനിക്ക് സ്വയം ചികിത്സ നടത്താതെ രോഗത്തിന്റെ ആരംഭത്തില്‍ തന്നെ ഡോക്ടറെ കാണുക.    


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News