2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

എറിക് ലമേല അര്‍ജന്റൈന്‍ ടീമില്‍ തിരിച്ചെത്തുന്നു

ബ്യൂണസ് ഐറിസ്: രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം അര്‍ജന്റീനന്‍ താരം എറിക് ലമേല ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു. മെക്‌സിക്കോയുമായുള്ള സൗഹൃദമത്സരത്തിന് വേണ്ടിയാണ് ലമേലയെ തിരിച്ചുവിളിച്ചിട്ടുള്ളത്. ടോട്ടനത്തിന് വേണ്ടി കളിക്കുന്ന താരം രണ്ട് വര്‍ഷമായി ടീമില്‍ നിന്ന് പുറത്താണ്.
നിലവില്‍ പരിശീലക ചുമതലയുള്ള ലയണല്‍ സ്‌കലോനിയാണ് ലമേലയെ തിരിച്ചുവിളിച്ചിട്ടുള്ളത്. കൂടുതല്‍ യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ലമേലയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
2016ല്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ അര്‍ജന്റീന 2-2നു വെനസ്വേലയുമായി സമനില വഴങ്ങിയ കളിയിലാണ് ലമേല അവസാനമായി രാജ്യത്തിനായി ഇറങ്ങിയത്.
ഇതുവരെ 23 മല്‍സരങ്ങളില്‍ അര്‍ജന്റീനയുടെ ജഴ്‌സിയണിഞ്ഞിട്ടുള്ള ലമേലയ്ക്കു മോശം ഫോമും പരുക്കുമെല്ലാം തിരിച്ചടിയാവുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ പരുക്ക് കാരണം ടോട്ടനത്തിന്റെ ഭൂരിഭാഗം മത്സരങ്ങളിലും ലമേല പുറത്തായിരുന്നു. ഈ സീസണില്‍ ടോട്ടനത്തിനായി നടത്തിയ മികച്ച പ്രകടനമാണ് ലമേലയുടെ മടങ്ങിവരവിനു വഴിയൊരുക്കിയത്.
വിവിധ ടൂര്‍ണമെന്റുകളിലായി സ്പര്‍സിനായി 10 മല്‍സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ താരം നേടിയിട്ടുണ്ട്. ലമേലയെക്കൂടാതെ റേസിങിന്റെ 20 കാരനായ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ മത്യാസോ സറാക്കോയെയും ഇതാദ്യമായി ടീമിലുള്‍പ്പെടുത്തി.
ലോകകപ്പിനു ശേഷം ടീമില്‍ നിന്ന് മാറിനില്‍ക്കുന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ഇത്തവണയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നവംബര്‍ 16നാണ് മെക്‌സിക്കോയും അര്‍ജന്റീനയും തമ്മില്‍ ഏറ്റുമുട്ടുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.