2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എരിവേറും കുരുമുളക്

കറുത്ത സ്വര്‍ണം എന്ന പേരില്‍ പണ്ടുമുതലേ ലോകകമ്പോളങ്ങളില്‍ പ്രചുരപ്രചാരം നേടിയ കൃഷിയാണ് കുരുമുളക്. കുരുമുളകിന്റെ വര്‍ണനകളും സവിശേഷതകളും വിപണിയില്‍ മാത്രമല്ല  ലോകസാഹിത്യത്തില്‍ പോലും ഇടംപിടിച്ചിട്ടുണ്ട്. കാലങ്ങളായി കുരുമുളകിന്റെ കുത്തക ഇന്ത്യയില്‍ കേരളത്തിനായിരുന്നെങ്കില്‍ ഇപ്പോള്‍ കര്‍ണാടകയും ഈ രംഗത്തുണ്ട്. കേരളത്തിലേക്ക് വിദേശികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്ക് സുഗന്ധവിളകളുടെ രാജാവായ കുരുമുളകിനുണ്ടായിരുന്നു. കേരളത്തിലെ കുരുമുളകിന്റെ പെരുമയ്ക്കു കാരണം ഇവിടുത്തെ  മണ്ണിന്റെ സവിശേഷതയാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് അനുയോജ്യമായി കാലാവസ്ഥയുമാണ്.

ഇതര കാര്‍ഷികവിളകളെ അപേക്ഷിച്ച് കുരുമുളകിന് സാമാന്യം മികച്ച വിലയാണ് കമ്പോളത്തില്‍. ക്വിന്റലിന് 70000 രൂപ വരേയുണ്ട്. അന്താരാഷ്ട്രവിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന് തന്നെയാണ് വിലയുള്ളത്. കുരുമുളകിന്റെ സ്ഥലവിസ്തീര്‍ണത്തില്‍ കേരളത്തില്‍ ആദ്യസ്ഥാനങ്ങളില്‍ വരുന്നത് ഇടുക്കി(43753) ഹെക്ടര്‍, വയനാട് (8945) ഹെക്ടര്‍. സംസ്ഥാനത്തൊട്ടാകെ 84,793 ഹെക്ടര്‍ സ്ഥലത്ത് നിന്ന് 46,384 ടണ്‍ കുരുമുളക് ഉല്‍പാദിപ്പിക്കുന്നുവെന്നാണു പുതിയ കണക്കുകള്‍ പറയുന്നത്. ഉല്‍പാദനത്തില്‍ കുറവാണങ്കിലും ഗുണമേന്മയില്‍ കേരളത്തിലെ കുരുമുളകുകള്‍ മുന്നിലാണ്. ഹെക്ടറിന് ശരാശരി ഉല്‍പാദനം547 കിലോമാത്രം. ചില ഉല്‍പാദകരാജ്യങ്ങളില്‍ ഇത് 4000 കിലോ ആണ്.

പ്രധാന ഇനങ്ങള്‍
മലബാര്‍ ഇനങ്ങള്‍: കൊട്ടവള്ളി, ബാലന്‍കൊട്ട, കല്ലുവള്ളി, കരിങ്കൊട്ട, മലബാര്‍ എക്‌സല്‍, പേരാമ്പ്ര, ഉതിരന്‍കോട്ട,
തിരുവിതാംകൂര്‍ ഇനങ്ങള്‍: നാരായക്കൊടി, കരിമുണ്ടി, കൊറ്റനാടന്‍, പെരുംകൊടി, വലിയ കാണിയക്കാടന്‍, ചെറിയ കണിയക്കാടന്‍ കുതിരവാലി, നിലമുണ്ടി, കുതിരവെള്ള

സങ്കരഇനങ്ങള്‍: രോഗപ്രതിരോധശേഷി കൂടിയതും കൂടുതല്‍ വിളവുനല്‍കുന്നവയുമായ ഒന്‍പത് കുരുമുളക് ഇനങ്ങള്‍ സുഗന്ധവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശുഭകര, ശ്രീകര, പഞ്ചമി, പൗര്‍ണമി, പി.എല്‍.സി 2, ഐ.ഐ.എസ്.ആര്‍ തേവം, ഐ.ഐ.എസ്.ആര്‍ മലബാര്‍ എന്നിവയാണവ. കൂടാതെ, കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പന്നിയൂരില്‍ സ്ഥിതിചെയ്യുന്ന ഗവേഷണകേന്ദ്രം അത്യുത്പാദനശേഷിയുള്ള ഏഴ് ഇനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. പന്നിയൂര്‍ 1, പന്നിയൂര്‍ 2, പന്നിയൂര്‍ 3, പന്നിയൂര്‍ 4, പന്നിയൂര്‍ 5, പന്നിയൂര്‍ 6, പന്നിയൂര്‍ 7 എന്നിവ പന്നിയൂരില്‍ വികസിപ്പിച്ചെടുത്തവയാണ്.

1967ല്‍ വികസിപ്പിച്ചെടുത്ത പന്നിയൂര്‍ 1 എന്ന കുരുമുളകാണ് ലോകത്തില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത സങ്കരയിനം കുരുമുളക്. ഇവയില്‍ കേരളത്തിന് യോജിച്ച കുരുമുളക് ഇനങ്ങളാണ് പന്നിയൂര്‍1,2, 3, 4, 5, 6, 7, ശുഭകര, ശ്രീകര, പഞ്ചമി, പൗര്‍ണമി എന്നിവ. പുതിയതായി പെപ്പര്‍ തെക്കന്‍ എന്ന പേരില്‍ ഇടുക്കി ജില്ലയിലെ കാഞ്ഞിയാറില്‍ കൊളുബ്രിനം എന്ന കാട്ടുകുരുമുളകില്‍ മറ്റു ചില വര്‍ഗങ്ങള്‍ ചേര്‍ത്ത് പുതിയ ഇനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിരവധി തിരികളുള്ള ഇത് സാധാരണ കുരുമുളകിനേക്കാള്‍ പത്തിരട്ടി വിളവുകിട്ടുന്ന വര്‍ഗമാണ്.

വീടിന് അഴകായ്
കുറ്റിക്കുരുമുളക്

കേരളത്തിലെ ഭൂരിഭാഗം വീടുകളിലും പടര്‍ന്നുപന്തലിച്ചുരുന്ന കുരുമുളക് ഇന്ന് അപൂര്‍വ കാഴ്ചയാണ്. കീടരോഗങ്ങളുടെ അക്രമണത്താല്‍ മിക്ക വീടുകളിലും കുരുമുളക് കൃഷി നശിച്ചു. കൂടെ ഗ്രാമീണാന്തരീക്ഷം മാറി പട്ടണത്തിലേക്ക് ഓരോ ഗ്രാമങ്ങളും പ്രവേശിച്ചതോടെ സ്ഥലപരിമിതിയും വീടിന്റെ അലങ്കാരബോധത്താലും കുരുമുളക് കൃഷി പലരും ഉപേക്ഷിച്ചു. വീട്ടാവശ്യത്തിനു പോലും കടകളില്‍ നിന്നു വാങ്ങുന്ന ഇന്നത്തെ സ്ഥിതിക്കുള്ള പരിഹാരമാണ് കുറ്റിക്കുരുമുളക്. ചട്ടിയില്‍ വളര്‍ത്തി കായ്കള്‍ ഉല്‍പ്പാദിപ്പിക്കാനാവും. സ്ഥലസൗകര്യത്തിനോടൊപ്പം വീടിന് അലങ്കാരവുമാവും. മഴക്കാലത്ത് ചട്ടികളിലെന്ന പോലെ നിലത്തും ഇതു കൃഷി ചെയ്യാം. വലിയ ചെടിച്ചട്ടികളില്‍ മണ്ണും ഉണക്കിപ്പൊടിച്ച കാലിവളവും ചേര്‍ത്ത് വേരുപിടിപ്പിച്ച് കുരുമുളക് തണ്ടുകള്‍ നടാം.ഇങ്ങനെ നടുന്ന കുറ്റിക്കുരുമുളകിന് കൂടുതല്‍ വളം ആവശ്യമാണ്.

സാധാരണയായി ഒരു വര്‍ഷത്തിനിടയില്‍ വിളവു തരാന്‍ തുടങ്ങും. 500 ഗ്രാമാണ് ഇക്കാലയളവില്‍ ലഭിക്കുക. ചട്ടികളിലെ കുറ്റിക്കുരുമുളക് എളുപ്പത്തില്‍ വളരാന്‍ രണ്ടുമാസത്തിലൊരിക്കല്‍ രണ്ടുഗ്രാം യൂറിയ,മൂന്നു ഗ്രാം സൂപ്പര്‍ ഫോസ്ഫറേറ്റ്, മൂന്നു ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്ത് വളം മിശ്രിതം ഒരു ടീസ്പൂണ്‍ വീതം നല്‍കണം. കാലിവളം 25 ഗ്രാം എന്നതോതിലും കടലപ്പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും എല്ലാ വര്‍ഷവും മഴക്കാലമാസങ്ങളില്‍ നല്‍കുന്നത് കുറ്റിക്കുരമുളകിന് നല്ലതാണ്. ദിനേനെ നനക്കുന്നതിലൂടെ കുരുമുളകിലെ മണികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. അഞ്ചു വര്‍ഷത്തോളം കുറ്റിക്കുരുമുളകില്‍ നിന്ന് വിളകള്‍ കൊയ്യാന്‍ സാധ്യമാവും. കുരുമുളക് പറിക്കാന്‍ മറ്റൊരാളുടെ സഹായം ആവിശ്യമില്ലാത്തതും കുറച്ച് സ്ഥലം മതിയെന്നുള്ളതും ഇത്തരം കുരുമുളകുകളുടെ പ്രത്യേകതയാണ്.

തയ്യാറാക്കിയത്
അര്‍ശദ് തിരുവള്ളൂര്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.