2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എരിയുന്ന വയറിന്റെ വിശപ്പകറ്റാന്‍ യാസിറിന്റെ നിശബ്ദ സേവനം

പി.കെ മുഹമ്മദ് ഹാത്തിഫ്

കോഴിക്കോട്: ഒഴിവു ദിനങ്ങളില്‍ രാവിലെ എട്ടോടെ ബൈക്കില്‍ മക്കളുമായി ഒരാള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു ഭക്ഷണപ്പൊതികളുമായെത്തും. അയാളെ കണ്ടാല്‍ റോഡിനിരു വശത്തും വിശന്നിരിക്കുന്നവര്‍ ഓടിക്കൂടും. വിശപ്പിന്റെ വിളി അവരെ വന്നുതൊടുമ്പോള്‍ വയറു നിറയ്ക്കാന്‍ യാസിറുണ്ടാകും അവരോടൊപ്പം.
മുഖദാര്‍ സ്വദേശി പന്നിയങ്കര ഇത്തുംപറമ്പ് യാസിര്‍ ഗുരിക്കളാണ് നാലു മക്കള്‍ക്കൊപ്പം തെരുവില്‍ കഴിയുന്നവരുടെ വയറു നിറയ്ക്കാനുള്ള പ്രാതല്‍ ഭക്ഷണവുമായെത്തുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളാണ് കൂലിപ്പണിക്കാരനായ യാസിറിന്റെ ഒഴിവുദിനങ്ങള്‍. ഈ ദിവസങ്ങളില്‍ രാവിലെ തന്നെ ഉമ്മയും ഭാര്യയും ചേര്‍ന്ന് പത്തിരി ചുടുന്നു. മത്സ്യത്തൊഴിലാളിയായ പിതാവ് റസാഖ് കൊണ്ടുവരുന്ന മീനും കൂടിയാവുമ്പോള്‍ പ്രാതല്‍ ഭക്ഷണം ഗംഭീരമാകും. ശേഷം യാസിറും നാലു മക്കളും ചേര്‍ന്നു പത്തിരിയും കറിയും കവറിലാക്കുന്നു. പിന്നെ അവരോടൊപ്പം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക്. യാസിറിനെയും മക്കളെയും കണ്ടാല്‍ തെരുവില്‍ കഴിയുന്നവര്‍ പുഞ്ചിരിയോടെ അടുത്തേക്കോടി വരും. ഓരോ ഒഴിവുദിനവും യാസിര്‍ ഇതേ രീതി തുടരുന്നു.
മാവൂര്‍ റോഡിലും പുതിയ സ്റ്റാന്‍ഡ് പരിസരത്തും ദീര്‍ഘകാലം പോര്‍ട്ടറായിരുന്ന യാസിര്‍ അവിടെ നിന്നാണ് തെരുവില്‍ കഴിയുന്നവരുടെ വിശപ്പറിഞ്ഞത്. പോര്‍ട്ടര്‍ ജോലി ഒഴിവായെങ്കിലും ദിനേന കൂലിപ്പണിയെടുത്താണ് ഇദ്ദേഹം ഇപ്പോള്‍ കുടുംബത്തെ നയിക്കുന്നത്. ദിവസവും മൂന്നുനേരം ഭക്ഷണം കഴിച്ചിരുന്നത് രണ്ടായി ചുരുക്കിയാണ് ഇതിനായുള്ള ചെലവു കണ്ടെത്തുന്നത്.
പിതാവ് അബ്ദുല്‍ റസാഖും ഉമ്മ ജമീലയും ഭാര്യ ഷംനാസുമാണ് ഭക്ഷണപ്പൊതിക്കു പിന്നിലെ അണിയറ ശില്‍പികള്‍. മക്കളായ വാജിദ് ബിലാല്‍, ആയിഷാ ഫെല്ല, അയാന്‍, അയാദ് എന്നിവരും കൂടെച്ചേരുന്നു. ഇന്നലെ പണിമുടക്ക് ദിനത്തില്‍ 22 പൊതി ഭക്ഷണമാണ് വിതരണം ചെയ്തത്. ദിനേന ഏകദേശം 20ലധികം പൊതി വിതരണത്തിനായി ഒരുക്കാറുണ്ടെന്ന് യാസിര്‍ പറയുന്നു.
മുട്ടക്കറി, ബീഫ്, ചിക്കന്‍ എന്നിവയ്‌ക്കൊപ്പം ചപ്പാത്തി, പത്തിരി എന്നിവയാണ് പ്രാതല്‍ മെനുവിലെ പ്രധാന വിഭവങ്ങള്‍. കൂടാതെ, തന്നോട് പൈസ ചോദിച്ചു വരുന്നവര്‍ക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിനല്‍കാനും യാസിര്‍ മടികാണിക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവായ ഇദ്ദേഹം കോല്‍ക്കളി, മാപ്പിളപ്പാട്ട് പരിശീലകന്‍ കൂടിയാണ്. ഇദ്ദേഹത്തിന്റെ ‘വടക്കന്‍ മാപ്പിള കോല്‍ക്കളി, മാപ്പിള സംഘകലകള്‍’ എന്നീ പുസ്തകങ്ങള്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News