2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എഫ്.എ കപ്പ്: സെമി ലൈനപ്പായി

ലണ്ടന്‍: എഫ്.എ കപ്പില്‍ ഇനിയാണ് കളി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ആഴ്‌സനലിനും പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും സെമി ഫൈനലില്‍ പ്രവേശിച്ചതോടെയാണ് ഏവരും കാത്തിരുന്ന പോര്‍ക്കളം ഒരുങ്ങിയത്. ജൂലൈ 18, 19 തിയതികളില്‍ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് സെമി ഫൈനല്‍. സെമിയില്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സനലിനോട് കൊമ്പുകോര്‍ക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചെല്‍സിയെ നേരിടും.
ഇന്നലെ ലെസ്റ്ററിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ചെല്‍സി സെമി ടിക്കറ്റ് സ്വന്തമാക്കിയതെങ്കില്‍ ന്യൂകാസിലിനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചാണ് സിറ്റിയുടെ സെമി പ്രവേശം. നേരത്തേ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നോര്‍വിച്ചിനെയും ആഴ്‌സനല്‍ ഷെഫീല്‍ഡിനെയും പരാജയപ്പെടുത്തിയിരുന്നു.
കെവിന്‍ ഡി ബ്രുയിന്റെ പെനല്‍റ്റിയും റഹീം സ്റ്റെര്‍ലിങ്ങിന്റെ ഗോളുമാണ് എതിരാളിയുടെ തട്ടകത്തില്‍ സിറ്റിക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിലെ 37ാം മിനുട്ടില്‍ വീണുകിട്ടിയ പെനല്‍റ്റിയെടുക്കാന്‍ നിയോഗിച്ചത് ബെല്‍ജിയം സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡി ബ്രുയിനെ. ഷോട്ടെടുത്ത ഡിബ്രുയിന്‍ ഗോളിയെ കബളിപ്പിച്ച് അനായാസം ഗോള്‍ നേടി. തുടര്‍ന്ന് 68ാം മിനുട്ടില്‍ സ്റ്റെര്‍ലിങ് ടീമിനായി രണ്ടാം ഗോളും സമ്മാനിച്ചു.
ഫില്‍ ഫോഡന്റെ അസിസ്റ്റില്‍ പ്രതിരോധ താരങ്ങളെ വെട്ടിച്ചായിരുന്നു സ്റ്റെര്‍ലിങ്ങിന്റെ ഗോള്‍നേട്ടം.
അതേസമയം, പകരക്കാരനായി ഇറക്കിയ ഇംഗ്ലിഷ് മിഡ്ഫീല്‍ഡര്‍ റോസ് ബാര്‍ക്‌ലിയിലൂടെയാണ് ലെസ്റ്ററിനെതിരേ ചെല്‍സി വിജയതീരമണഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പരിശീലകന്‍ ഫ്രാങ്ക് ലാംപാര്‍ഡ് ഗില്‍മറിനെ പിന്‍വലിച്ച് ബാര്‍ക്‌ലിയെ ഇറക്കിയ തന്ത്രമാണ് വിജയം കണ്ടത്.
തുടര്‍ന്ന് 63ാം മിനുട്ടില്‍ ബാര്‍ക് ലി ലാംപാര്‍ഡിന്റെ വിശ്വാസ്യത കാത്തു. വില്യന്റെ അസിസ്റ്റിലൂടെ എതിര്‍ വലയില്‍ പന്തെത്തിച്ചു.
നേരത്തേ ചെല്‍സി നിലവിലെ പ്രീമിയര്‍ ലീഗ് രാജാക്കന്‍മാരായ ലിവര്‍പൂളിന്റെ എഫ്.എ കപ്പ് സ്വപ്നത്തിന് തടയിട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.