2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

എന്‍.ഡി.എ സംസ്ഥാനഘടകം നോക്കുകുത്തി; ഘടകകക്ഷികള്‍ക്ക് അതൃപ്തി

 

#ജലീല്‍ അരൂക്കുറ്റി

കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ട് ഒരിക്കല്‍പോലും ചേരാന്‍ കഴിയാത്ത എന്‍.ഡി.എ സംസ്ഥാന സമിതിയെ നോക്കുകുത്തിയാക്കി ബി.ജെ.പി സംസ്ഥാനത്തെ സീറ്റ് വിഭജനം നടത്തി. ബി.ജെ.പിയും ബി.ഡി.ജെ.എസും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ സീറ്റ് പങ്കിട്ടെടുത്തെങ്കിലും പേരിനു പോലും എന്‍.ഡി.എ സംസ്ഥാനസമിതി യോഗം ചേരാത്തതില്‍ ഘടകകക്ഷികള്‍ അതൃപ്തിയിലാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെറുകക്ഷികള്‍ക്കും സീറ്റ് നല്‍കി എന്‍.ഡി.എ എന്ന നിലയില്‍ മത്സരിച്ചെങ്കില്‍ ഇത്തവണ സീറ്റ് ചര്‍ച്ച പോയിട്ട്് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പോലും എന്‍.ഡി.എ സംസ്ഥാന സമിതി ചേരാത്തതിലാണ് ഘടകകക്ഷികള്‍ക്ക് അതൃപ്തി.
വിജയസാധ്യത ഇല്ലാത്ത സീറ്റുകളില്‍ പോലും സ്ഥാനാര്‍ഥിത്വത്തിന് വലിയ തര്‍ക്കമുണ്ടാക്കി ബി.ജെ.പി നേതാക്കള്‍ പലതട്ടിലായി ചേരിതിരിഞ്ഞതോടെ എന്‍.ഡി.എ എന്നത് പേരിനു മാത്രമായി മാറിയിരിക്കുകയാണ്. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ബി.ജെ.പി നേതാക്കള്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചതിലുള്ള അതൃപ്തി നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് പരസ്യപ്പെടുത്തുകയും ചെയ്തു.

ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും പ്രവര്‍ത്തനം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ദുര്‍ബലമായ അവസ്ഥയിലായതിനാലാണ് യാതൊരു ഏകോപനവുമില്ലാതെ വന്നതെന്ന് ബി.ജെ.പി നേതാക്കളും അംഗീകരിക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്നുള്ള ഒരു വിഭാഗം നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് രൂപീകരിച്ച് എന്‍.ഡി.എയില്‍ എത്തിയപ്പോള്‍ അവര്‍ക്ക് കോട്ടയം സീറ്റും എ.വി താമരാക്ഷന്റെ ആര്‍.എസ്.പിക്ക് ആലപ്പുഴ സീറ്റും നല്‍കിയിരുന്നു.

എന്നാല്‍ ഇത്തവണ ബി.ജെ.പി 14 സീറ്റിലും ബി.ഡി.ജെ.എസ് അഞ്ചു സീറ്റിലും കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം ഒരു സീറ്റിലും മത്സരിക്കാന്‍ ധാരണയായെന്ന് ബി.ജെ.പി ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വാര്‍ത്ത ചാനലിലൂടെ അറിയേണ്ട ഗതികേടിലാണ് എന്‍.ഡി.എയിലെ ചെറുകക്ഷികള്‍.
കഴിഞ്ഞ വര്‍ഷം സീറ്റ് നല്‍കിയവരില്‍ നോബിള്‍ മാത്യു ബി.ജെ.പിയില്‍ ചേര്‍ന്നതിനാലും എ.വി താമരാക്ഷന്റെ ആര്‍.എസ്.പി (ബോള്‍ഷെവിക്) മുന്നണി വിട്ടതിനാലുമാണ് ഇവരെ പൂര്‍ണായും ഒഴിവാക്കിയിരിക്കുന്നതെന്നാണ് ബി.ജെ.പി നേതാക്കള്‍ നല്‍കുന്ന വിശദീകരണം. മുന്നണിയിലെ മറ്റൊരു പ്രമുഖ നേതാവും നേരത്തെ എന്‍.ഡി.എ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയുമായ പി.സി തോമസിനെ ഇത്തവണ പരിഗണിച്ചു. ബാക്കിയുള്ളവയെല്ലാം ആളില്ലാ പാര്‍ട്ടിയാണെന്നാണ് ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

സീറ്റ് പങ്കിട്ട പാര്‍ട്ടികള്‍ക്കു പുറമെ രാംവില്വാസ് പാസ്വാന്റെ എല്‍.ജെ.പി, നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ്, ജനതാദള്‍ (സോഷ്യലിസ്റ്റ്), പി.എസ്.പി എന്നിവയാണ് മറ്റു കക്ഷികള്‍. താമരാക്ഷനും രാജന്‍ബാബുവിന്റെ ജെ.എസ്.എസും സി.കെ ജാനുവിന്റെ പാര്‍ട്ടിയും എന്‍.ഡി.എ വിട്ടതോടെ ഫലത്തില്‍ ബി.ജെ.പിയും ബി.ഡി.ജെ.എസും മാത്രമാണ് പ്രബല കക്ഷികള്‍. കേന്ദ്രസര്‍ക്കാരില്‍നിന്ന് ബോര്‍ഡ് – കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് ഈ നേതാക്കളെല്ലാം എന്‍.ഡി.എ വിട്ടത്.
ദേശീയ തലത്തിലെ പ്രധാന ഘടകകക്ഷിയായ ശിവസേന കേരളത്തില്‍ എന്‍.ഡി.എയുടെ രൂപീകരണവുമായി തുടക്കം മുതലേ സഹകരിക്കുന്നില്ല.

ബി.ജെ.പി നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് ശിവസേന സംസ്ഥാന ഘടകം എന്‍.ഡി.എയില്‍ ചേരാതെ നില്‍ക്കാന്‍ കാരണം. യു.ഡി.എഫിലും എല്‍.ഡി.എഫിലും ചെറിയ പാര്‍ട്ടികള്‍ക്ക് സീറ്റ് നല്‍കാതെ പ്രധാനകക്ഷികള്‍ പങ്കിട്ടെടുത്തെങ്കിലും അവര്‍ മുന്നണിയോഗങ്ങള്‍ വിളിച്ച് ഘടകകക്ഷികളെ സഹകരിപ്പിക്കാനുള്ള നീക്കം നടത്തിയിരുന്നു.

ബി.ജെ.പി ആ മാന്യത ഇതുവരെ കാണിച്ചിട്ടില്ലെന്നാണ് എന്‍.ഡി.എ ഘടകകക്ഷികളുടെ പരിഭവം. ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിക്കാന്‍ കഴിയാതെ വന്നതിലും ബി.ജെ.പി നേതാക്കള്‍ സീറ്റിനായി നടത്തുന്ന വടംവലി പരസ്യമായി മാറിയതിലുമുള്ള അതൃപ്തിയും ഘടകകക്ഷി നേതാക്കള്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.