2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

എന്‍.ടി.എസ്, എന്‍.എം.എം.എസ് പരീക്ഷകള്‍ നവംബര്‍ ആറിന്

പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയ്ക്കും(എന്‍.ടി.എസ്.) എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കും (എന്‍.എം.എം.എസ്) ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നവംബര്‍ ആറിനാണ് ഇരു പരീക്ഷകളും നടക്കുന്നത്.
ഇരു പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍വഴി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്റ്റബര്‍ പത്താണ്. എസ്.സി.ഇ.ആര്‍.ടിയുടെ വെബ്‌സൈറ്റില്‍ (ംംം.രെലൃ.േസലൃമഹമ.ഴീ്.ശി) അപേക്ഷിക്കാനുള്ള സൗകര്യവും വിശദ വിവരങ്ങളും ലഭ്യമാണ്.

നാഷനല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ
സര്‍ക്കാര്‍, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ ഇപ്പോള്‍ പത്താംക്ലാസ് പഠനം നടത്തുന്നവരും ഒന്‍പതാംക്ലാസില്‍ ഭാഷാ വിഷയങ്ങളില്‍ ഒഴികെ 55 ശതമാനം മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ഥികള്‍ക്കാണ് നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ (എന്‍.ടി.എസ്) എഴുതാന്‍ അനുമതി. ജനറല്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 250ഉം എസ്.സി, എസ്.ടി, ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 100 രൂപയുമാണ് പരീക്ഷ ഫീസ്.  
90 മിനിറ്റ് വീതം രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ. ഒന്‍പത്, പത്ത് ക്ലാസുകളിലെ പാഠഭാഗങ്ങളില്‍നിന്നാണ് പ്രധാനമായും ചോദ്യങ്ങളുണ്ടാകുക.  വിദ്യാര്‍ഥികള്‍ക്ക് മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട എന്നിവയില്‍ ഏതെങ്കിലും ഒരു ഭാഷയില്‍ പരീക്ഷയെഴുതാം. രാവിലെ 9.30, 11.30 എന്നീ സമയങ്ങളിലാണ് പരീക്ഷ നടക്കുക.

നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്
എസ്.സി.ഇ.ആര്‍.ടി നടത്തുന്ന സംസ്ഥാനതല നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയ്ക്ക് ഇപ്പോള്‍ എട്ടാംക്ലാസില്‍ പഠിക്കുന്നവരും കഴിഞ്ഞ വര്‍ഷത്തെ ഏഴാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ 55 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് ലഭിച്ചവരുമാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാന സിലബസിലുള്ള സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നവരും രക്ഷിതാക്കള്‍ക്ക് 1,50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ വിദ്യാര്‍ഥികള്‍ക്കേ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതാനാകൂ.
ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പികള്‍ സെപ്റ്റംബര്‍ 20നകം എസ്.സി.ഇ.ആര്‍.ടി ഓഫിസില്‍ ലഭിക്കണം.
പ്രത്യേക പരീക്ഷാ ഫീസില്ല എന്നതാണ് എന്‍.എം.എം.എസ് പരീക്ഷയുടെ സവിശേഷത.
ഒക്ടോബര്‍ പത്തുമുതല്‍ ആപ്ലിക്കേഷന്‍ ഐ.ഡിയും ആപ്ലിക്കേഷന്‍ നമ്പറും എന്റര്‍ചെയ്ത് ഹാള്‍ടിക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി എടുക്കാം.
90 മിനിറ്റ് വീതമുള്ള രണ്ടു പാര്‍ട്ടുകളായായി നടക്കുന്ന ടെസ്റ്റില്‍ ഒരോന്നിലും 90 വീതം ചോദ്യങ്ങളുണ്ടാകും.
കേരള സിലബസ് അനുസരിച്ച് എട്ടാംക്ലാസിലെ പാഠ ഭാഗങ്ങളാണ് പ്രധാനമായും പരീക്ഷയ്ക്കുണ്ടാകുക.
രാവിലെ ഒന്‍പതിനു പരീക്ഷ ആരംഭിക്കും. 11.30 മുതലാണ് രണ്ടാം പാര്‍ട്ട് പരീക്ഷ നടക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.