2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

എന്‍.ഐ.എ പ്രതിക്കൂട്ടില്‍

 

#കെ.എ സലിം

ന്യൂഡല്‍ഹി: സംഝോത എക്‌സ്പ്രസ് ഭീകരാക്രമണക്കേസില്‍ സ്വാമി അസീമാനന്ദയുള്‍പ്പെടെ നാലു പ്രതികളെയും വെറുതേവിട്ട സംഭവത്തില്‍ എന്‍.ഐ.എ പ്രതിക്കൂട്ടില്‍. മലെഗാവ് കേസുപോലെ സംഝോത ഭീകരാക്രമണക്കേസും കുഴിച്ചുമൂടാന്‍ ദേശീയ അന്വേഷണ ഏജന്‍സി നീക്കം നടത്തിയെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വികാശ് നരെയ്ന്‍ റായ് കുറ്റപ്പെടുത്തി.

കേസില്‍ എന്‍.ഐ.എയെക്കുറിച്ച് വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് 1977 ഹരിയാന ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനും കേസില്‍ നിര്‍ണായക കണ്ടെത്തല്‍ നടത്തിയ ആളുമായ റായ് എന്‍.ഐ.എയെ കുറ്റപ്പെടുത്തിയത്. ബോംബ് സ്ഥാപിക്കാന്‍ കൊണ്ടുവന്ന ബാഗ് ഇന്‍ഡോറിലെ കോത്താരി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയതാണെന്ന് കണ്ടെത്തിയത് ഇദ്ദേഹമായിരുന്നു.

സ്വാമി അസീമാനന്ദയുള്‍പ്പെടെയുള്ള പ്രതികളെ വെറുതേവിട്ടതില്‍ എന്‍.ഐ.എക്കാണ് ഉത്തരവാദിത്തമെന്ന് റായ് പറഞ്ഞു. 2007ലെ അജ്മീര്‍ ദര്‍ഗ, ഹൈദരാബാദിലെ മക്ക മസ്ജിദ്, മലെഗാവ് എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങളെല്ലാം സംഝോത ഭീകരാക്രമണം നടത്തിയ അതേ സംഘം ചെയ്തതാണ്. ഇവയ്ക്ക് പരസ്പര ബന്ധമുണ്ട്. കേസ് ഇല്ലാതാക്കാന്‍ എന്‍.ഐ.എ സമ്മര്‍ദം ചെലുത്തിയെന്ന് മലെഗാവ് കേസിലെ പ്രോസിക്യൂട്ടര്‍ രോഹണി സലിയാന്‍ വെളിപ്പെടുത്തിയ കാര്യവും റായ് ചൂണ്ടിക്കാട്ടി. മലെഗാവ് പ്രതികള്‍ക്കെതിരേ കാര്യമായി നീങ്ങരുതെന്ന് നിര്‍ദേശം ലഭിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍. പിന്നീട് സാലിയാന്‍ ഈ കേസില്‍ നിന്ന് ഒഴിഞ്ഞു. പിന്നാലെ എന്‍.ഐ.എ കുറ്റപത്രത്തില്‍ വെള്ളം ചേര്‍ത്തു. മോക്ക ഒഴിവാക്കുകയും ചെയ്തു.

ഇതെല്ലാം സംഝോത കേസിലും നടന്നിരിക്കാമെന്ന് റായ് സംശയം പ്രകടിപ്പിച്ചു. എന്‍.ഐ.എയ്ക്കാണ് ഇതിന്റെ ഉത്തരവാദിത്തം. കേസിലെ എല്ലാ തെളിവുകളും മൊഴികളും പ്രതികള്‍ക്ക് എതിരായിരുന്നു. എന്നാല്‍, സാക്ഷികള്‍ കോടതിയില്‍ അതിനെ പിന്താങ്ങുന്ന മൊഴി കൊടുത്തില്ല.
സാക്ഷികള്‍ മൊഴിമാറ്റിയാല്‍ പ്രതികളുടെ പങ്ക് തെളിയിക്കാനുള്ള മറ്റു തെളിവുകള്‍ കോടതിയില്‍ ഹാജരാക്കണമായിരുന്നു. എന്നാല്‍ എന്‍.ഐ.എ അത് ചെയ്തില്ല. വികലമായാണ് കേസ് നടത്തിയത്. വിധിക്കെതിരേ അപ്പീല്‍ പോകാന്‍ എന്‍.ഐ.എ തയാറായില്ലെങ്കില്‍ അതിനര്‍ഥം നിങ്ങളുടെ കേസില്‍ നിങ്ങള്‍ക്കുതന്നെ വിശ്വാസമില്ലെന്നാണ്. കേസില്‍ എന്തുകൊണ്ടാണ് അധിക കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതെന്നും റായ് ചോദിച്ചു.
എന്‍.ഐ.എ ഏറ്റെടുത്തതോടെ ഹിന്ദു തീവ്രവാദ സംഘടനകള്‍ നടത്തിയ നാലാമത്തെ ഭീകരാക്രമണക്കേസും ഇല്ലാതായി. നേരത്തേ മലെഗാവ്, മക്കാമസ്ജിദ്, അജ്മീര്‍ സ്‌ഫോടനക്കേസുകളും അട്ടിമറിക്കപ്പെട്ടത് എന്‍.ഐ.എ ഏറ്റെടുത്തതോടെയായിരുന്നു.

അതിനു മുന്‍പ് അതത് സംസ്ഥാനങ്ങളിലെ ഭീകര വിരുദ്ധ സേനയും പിന്നാലെ സി.ബി.ഐയും അന്വേഷിച്ച കേസായിരുന്നു ഇത്. സംഝോതയില്‍ സ്‌ഫോടനം നടത്താന്‍ കോത്താരി മാര്‍ക്കറ്റില്‍ നിന്ന് ബോംബുണ്ടാക്കാനുള്ള വസ്തുക്കള്‍ വാങ്ങിയതായി വികാശ് നരെയ്ന്‍ റായ് കണ്ടെത്തുന്നതിന് തൊട്ടുമുന്‍പ് മലെഗാവ് സ്‌ഫോടനത്തിനുവേണ്ട ചില അസംസ്‌കൃത വസ്തുക്കള്‍ ഇതേസംഘം ഇവിടെ നിന്ന് വാങ്ങിയതായി മഹാരാഷ്ട്ര എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയും കണ്ടെത്തിയിരുന്നു.
മിലിറ്ററി ഇന്റലിജന്‍സ് ഓഫിസറായ കേണല്‍ ശ്രീകാന്ത് പുരോഹിത് സൈന്യത്തില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ആര്‍.ഡി.എക്‌സാണ് മലെഗാവിലും മക്കാമസ്ജിദിലും ബോംബില്‍ ഉപയോഗിച്ചതെന്ന് കര്‍ക്കറെ കണ്ടെത്തി.

സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിനുപയോഗിച്ചതും ഇതെ ആര്‍.ഡി.എക്‌സ് ആയിരുന്നെന്ന് പുരോഹിത് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, പുരോഹിതിനെ സംഝോത കേസില്‍ എന്‍.ഐ.എ പ്രതിയാക്കിയില്ല. നാലു കേസുകളിലെയും പ്രതികള്‍ ഒന്നായതിനാല്‍ പ്രത്യേകം അന്വേഷിക്കാതെ ഒറ്റ കേസാക്കി അന്വേഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍.ഐ.എയെ ഏല്‍പിച്ചത്. എന്നാല്‍ കേസ് പ്രത്യേകമായി നടത്തി ഇല്ലാതാക്കുകയായിരുന്നു എന്‍.ഐ.എ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.