2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എന്‍.ഐ.എ അന്വേഷണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ കോടതിയില്‍

ന്യൂഡല്‍ഹി: മതംമാറി വിവാഹിതയായ ഡോ. ഹാദിയാ കേസില്‍ എന്‍.ഐ.എ നടത്തുന്ന അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രിംകോടതിയില്‍ പുതിയ ഹരജി സമര്‍പ്പിച്ചു. റിട്ട. ജഡ്ജി ആര്‍.വി.രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ഓഗസ്റ്റിലെ സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് അന്വേഷണവുമായി മുന്നോട്ടുപോകുന്ന എന്‍.ഐ.എയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ഉത്തരവ് ലംഘിച്ച എന്‍.ഐ.എ ഡിവൈ.എസ്.പി പി. വിക്രമനെതിരേ കോടതിയലക്ഷ്യനടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ഷെഫിന്‍ ആവശ്യപ്പെട്ടു.
അന്വേഷണം നിഷ്പക്ഷമാകണമെങ്കില്‍ റിട്ട. ജഡ്ജി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേസില്‍ നിന്നു ജസ്റ്റിസ് രവീന്ദ്രന്‍ പിന്‍മാറിയതിനു ശേഷവും എന്‍.ഐ.എ പ്രത്യേക താല്‍പര്യമെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനുപിന്നില്‍ ദുരൂഹതയുണ്ട്. കേസില്‍ കേരളാ പൊലിസ് സമഗ്രമായ അന്വേഷണം നടത്തിയതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞമാസം കോടതിയെ അറിയിച്ചിരുന്നു. ഇതിനു പുറമെ എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലുമാണ്. അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തനിക്ക് നോട്ടിസ് നല്‍കിയ കാര്യവും കഴിഞ്ഞദിവസം സമര്‍പ്പിച്ച ഹരജിയില്‍ ഷെഫിന്‍ ചൂണ്ടിക്കാട്ടി.
ഹാദിയയെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷം, കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ പ്രസ്താവനയെയും ഹരജിക്കാരന്‍ ചോദ്യംചെയ്തു. വീട്ടുതടവിലുള്ള ഹാദിയയെ സന്ദര്‍ശിക്കാന്‍ സംസ്ഥാനവനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടെങ്കിലും അതു നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ദേശീയവനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് അതിന് അനുമതി ലഭിച്ചത്. തുടര്‍ന്ന് അവര്‍ നടത്തിയ പ്രസ്താവനകളും വിവാദമായി.
ഹാദിയാ കേസ് അടുത്തയാഴ്ച സുപ്രിംകോടതി പരിഗണിക്കാനിരിക്കെ വനിതാകമ്മിഷന്‍ അധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടായ നടപടി കേസിനെ സ്വാധീനിക്കാനിടയുണ്ട്.
ഈസാഹചര്യത്തില്‍ കോടതിയലക്ഷ്യത്തിന് രേഖാശര്‍മ്മക്കെതിരേയും നടപടി സ്വീകരിക്കണമെന്നും ഷെഫിന്‍ ആവശ്യപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.