2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എന്‍ജിനീയറിങിന്റെ വാതിലുകളടയുമ്പോള്‍

 

ബിഹാറിലെ ഒന്നാംറാങ്കുകാരനു സ്വന്തം പേര് അക്ഷരത്തെറ്റു കൂടാതെ എഴുതാന്‍ കഴിയില്ലായിരിക്കാം. അത്രത്തോളം അപചയത്തിലൊന്നും നമ്മുടെ കുട്ടികള്‍ എത്തിയിട്ടില്ലെന്നു നമുക്കാശ്വസിക്കാം. എന്നാല്‍, ഉത്തര്‍പ്രദേശില്‍ 368 പ്യൂണ്‍ തസ്തികകളിലേക്ക് അപേക്ഷിച്ചവരില്‍ രണ്ടുലക്ഷം എന്‍ജിനീയറിങ് ബിരുദക്കാരുണ്ടായി എന്നു വായിക്കുമ്പോള്‍ നമ്മുടെ ചക്രവാളം എത്രമാത്രം ചുരുങ്ങിപ്പോയെന്നു തിരിച്ചറിയേണ്ടതുണ്ട്

 

എന്‍.അബു

എന്‍ജിനീയറിങില്‍ ഡിഗ്രിയെടുക്കാന്‍ കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കുമൊക്കെ പരക്കംപാഞ്ഞ മലയാളി ഇന്നു ദുഃഖിതനാണ്. സിവില്‍ എന്‍ജിനീയറിങിനു ലക്ഷങ്ങള്‍ വാങ്ങി മംഗലാപുരത്തെയും കോയമ്പത്തൂരിലെയുമൊക്കെ എന്‍ജിനീയറിങ് കോളജുകള്‍ തഴച്ചുവളരുന്നതു കണ്ടവരാണു നാം.
സിവില്‍ എന്‍ജിനീയറിങിനു മാര്‍ക്കറ്റ് താണപ്പോള്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങിനു പിന്നാലെയായി കുട്ടികളുടെയും രക്ഷിതാക്കളുടെയും ഓട്ടം. കംപ്യൂട്ടര്‍യുഗം പിറന്നതോടെ ഇലക്ട്രോണിക്‌സ് ഡിഗ്രിക്കുവേണ്ടിയായി പരക്കംപാച്ചില്‍. എന്നാല്‍, ഐ.ടി മേഖലയും തൊഴില്‍സാധ്യതയുടെ നേര്‍ക്കു വാതിലടച്ചു തുടങ്ങിയപ്പോള്‍ നമ്മുടെ യുവപ്രതിഭകളാകെ ആശയക്കുഴപ്പത്തിലായി. ഇനി ഏതുവഴിക്കു പോകും.

ഇതിനിടയില്‍ ‘സ്വാശ്രയ’ എന്ന പേരില്‍ എവിടെയും പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങാമെന്ന മട്ടില്‍ കേരളവും നയംമാറ്റി. ലക്ഷങ്ങളുമായി സംസ്ഥാനത്തിനു വെളിയിലേക്കുള്ള യുവതലമുറയുടെ പ്രവാഹം തടയുകയായിരുന്നു ലക്ഷ്യം.

നമ്മുടെ പ്രൊഫഷണല്‍ കോളജുകളുടെ നിലവാരത്തെക്കുറിച്ചു പലയിടങ്ങളില്‍നിന്നും പരാതി വന്നിരുന്നെങ്കിലും ബംഗളൂരുവിലും ഹൈദരാബാദിലുമൊക്കെ നമ്മുടെ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കു മാര്‍ക്കറ്റുണ്ടായിരുന്നു. വിദേശങ്ങളില്‍, പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലും അമേരിക്കയിലും നമ്മുടെ കുട്ടികള്‍ കഠിനാധ്വാനം നടത്തി ഉയര്‍ന്ന മേഖലകള്‍ കണ്ടെത്തുകയും ചെയ്തു.

ആ വാതിലുകളൊക്കെയാണു സാവകാശം അടഞ്ഞുകൊണ്ടിരിക്കുന്നത്. അമേരിക്കയുടെ അപ്രഖ്യാപിത നയംമാറ്റങ്ങളും എണ്ണപ്രതിസന്ധിയില്‍ പെട്ടുള്ള ഗള്‍ഫ് രാജ്യങ്ങളുടെ വിഷമങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ നാട്ടില്‍ ഇപ്പോള്‍ എന്‍ജിനീയറിങ് സീറ്റുകളൊക്കെ ഒഴിഞ്ഞുകിടക്കുകയാണെന്നാണു വാര്‍ത്ത. മുന്‍കൂറായി ലക്ഷക്കണക്കിനു രൂപ കോഴ വാങ്ങി സീറ്റ് റിസര്‍വ് ചെയ്തുവച്ചിരുന്ന കോളജുകള്‍പോലും പ്ലസ് ടു സര്‍ട്ടിഫിക്കറ്റുമായി വരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തിരഞ്ഞുനടക്കുകയാണിപ്പോള്‍.
സ്വാശ്രയകോളജുകളെന്ന നിലയില്‍ എല്ലാ കമ്പിക്കാലുകള്‍ക്കു ചുവട്ടിലും എന്‍ജിനീയറിങ് കോളജുകള്‍ പെറ്റുപെരുകി എന്നതു മറക്കുന്നില്ല. പലതിലും പഠിക്കാനുള്ള അടിസ്ഥാനസൗകര്യം പോലുമില്ല. പഠിപ്പിക്കാനാകട്ടെ പരിചയസമ്പന്നനായ അധ്യാപകരുമില്ല. കഴിഞ്ഞവര്‍ഷം കേരളത്തില്‍ 17,333 എന്‍ജിനീയറിങ് സീറ്റുകളാണത്രേ ഒഴിഞ്ഞുകിടന്നത്.

ഇത് ഒരു വര്‍ഷത്തെ പ്രതിഭാസമല്ല. തൊട്ടുമുമ്പുള്ള വര്‍ഷങ്ങളിലും വിദ്യാര്‍ഥിക്ഷാമം നമ്മുടെ കോളജുകള്‍ അനുഭവിച്ചതാണ്. എന്തുവന്നാലും കേരളത്തില്‍ എന്‍ജിനീയറിങ് സീറ്റുകള്‍ മുപ്പതിനായിരത്തില്‍ കവിയരുതെന്ന് ആര്‍.വി.ജി. മേനോനെപ്പോലുള്ള പ്രശസ്തരായ എന്‍ജിനീയറിങ് വിദഗ്ധരും വിദ്യാഭ്യാസവിചക്ഷണരും മുന്നറിയിപ്പു നല്‍കിയിരുന്നു. ഒരു ഡസന്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകള്‍ മാത്രമുള്ള കേരളത്തില്‍ സ്വാശ്രയമേഖലയില്‍ അത് ആറിരട്ടിയാക്കിയാണു വര്‍ധിപ്പിച്ചത്.
ഇരുപതു വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകനെന്ന അനുപാതം എന്‍ജിനീയറിങ് കോളജുകളില്‍ പാലിച്ചിരിക്കണമെന്ന് അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ) നിര്‍ദേശിച്ചതാണ്. പ്രവേശനപരീക്ഷയില്‍ 960-ല്‍ 20 മാര്‍ക്കു നേടിയാലും എന്‍ജിനീയറിങ് പ്രവേശനം ലഭിക്കുന്ന കേരളത്തില്‍ അങ്ങനെ കയറിവരുന്ന കുട്ടികളെ ശരിയായി പഠിപ്പിക്കണമെങ്കില്‍ കഴിവുറ്റ അധ്യാപകരുണ്ടായേ തീരൂ. എന്നാല്‍, പല സ്വകാര്യ എന്‍ജിനീയറിങ് കോളജുകളിലും തട്ടിമുട്ടി പാസായി വരുന്ന പാര്‍ട്ട് ടൈം അധ്യാപകരാണു നിയമിക്കപ്പെടുന്നത്.

ഇവരുടെ കൈകളിലൂടെ കടന്നുപോകുന്ന വിദ്യാര്‍ഥികള്‍ക്കു പുറത്തു പരിശീലനംപോലും ലഭിക്കാതെ പോകുന്നു. വേതനമില്ലാതെ ജോലിചെയ്തു പരിശീലനം നേടാന്‍ സന്നദ്ധരായിട്ടും നമ്മുടെ കുട്ടികള്‍ ഇന്റേണ്‍ഷിപ്പ് എന്ന മരീചിക കടക്കാന്‍ എത്രയെത്ര വാതിലുകളിലാണു ചെന്നുമുട്ടേണ്ടിവരുന്നത്. പണ്ടൊക്കെ എസ്.എസ്.എല്‍.സി കഴിഞ്ഞു പോളിടെക്‌നിക്കില്‍ പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്കു ഡിപ്ലോമ കൈയില്‍ കിട്ടണമെങ്കില്‍ ഒരു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പ് നിര്‍ബന്ധമായിരുന്നു. ശരിയായ പരിശീലനം കിട്ടിയ ആ പഴയകാല ഡിപ്ലോമക്കാരെവിടെ, നട്ടിന്റെയും ബോള്‍ട്ടിന്റെയും വ്യത്യാസം പോലുമറിയാത്ത ഇന്നത്തെ ഡിഗ്രിക്കാരെവിടെ.

തീര്‍ച്ചയായും എന്‍ജിനീയറിങിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തിനായാലും രാഷ്ട്രത്തിനായാലും പല തട്ടിലുള്ള എന്‍ജിനീയര്‍മാരെ ആവശ്യമാണ്. ഡിഗ്രിക്കാരും ഡിപ്ലോമക്കാരും മാത്രമല്ല, ‘സ്‌കില്‍’ അറിയുന്ന ട്രേഡ് വര്‍ക്കര്‍മാരുമുണ്ടെങ്കില്‍ മാത്രമേ സാങ്കേതികരംഗം സമ്പൂര്‍ണമാവൂ.പണ്ടൊക്കെ പോളിടെക്‌നിക്കുകളിലേക്കു കുട്ടികളെ കിട്ടാന്‍ പ്രയാസമുണ്ടായിരുന്നു. കരകൗശലവിദ്യയില്‍നിന്നു മുഖംതിരിച്ചുനില്‍ക്കുന്ന വെള്ളക്കോളറുകാരെയാണ് ഇന്നു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത്. പിന്നീടാണ് എന്‍ജിനീയറിങ് ബൂം ഉണ്ടായത്. കംപ്യൂട്ടര്‍യുഗം പിറന്നതോടെ വിവരസാങ്കേതികവിദ്യയുടെ കാലമായി. നല്ല മികവു കാണിക്കുന്നവര്‍ക്കല്ലാതെ അവിടെ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ നിലവാരത്തകര്‍ച്ചകൂടി ആകുന്നതോടെ വിളക്കുകള്‍ കെട്ടുപോകുന്നതു നാം ഗൗരവത്തോടെ കാണണം.
അതേസമയം, എല്ലാവരും എന്‍ജിനീയര്‍മാര്‍, എല്ലാവരും ഡോക്ടര്‍മാര്‍ എന്ന നിലയില്‍ മാത്രം കുട്ടികള്‍, അവരേക്കാളേറെ രക്ഷാകര്‍ത്താക്കള്‍, നോക്കിക്കണ്ടാല്‍ നമുക്ക് എവിടെയുമെത്താന്‍ കഴിയില്ല. ‘കടക്കു പുറത്ത് ‘ എന്ന ബോര്‍ഡായിരിക്കും എല്ലായിടത്തും അവരെ സ്വീകരിക്കുക.എന്‍ജിനീയറിങ്ങിനും മെഡിസിനുമപ്പുറത്തും വിശാലമായ ലോകമുണ്ടെന്നു യുവതലമുറ അറിയട്ടെ. അധ്യാപകര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി എത്രയെത്ര മേഖലകള്‍ തുറന്നുകിടക്കുന്നു.

ബിഹാറിലെ ഒന്നാംറാങ്കുകാരനു സ്വന്തം പേര് അക്ഷരത്തെറ്റു കൂടാതെ എഴുതാന്‍ കഴിയില്ലായിരിക്കാം. അത്രത്തോളം അപചയത്തിലൊന്നും നമ്മുടെ കുട്ടികള്‍ എത്തിയിട്ടില്ലെന്നു നമുക്കാശ്വസിക്കാം. എന്നാല്‍, ഉത്തര്‍പ്രദേശില്‍ 368 പ്യൂണ്‍ തസ്തികകളിലേക്ക് അപേക്ഷിച്ചവരില്‍ രണ്ടുലക്ഷം എന്‍ജിനീയറിങ് ബിരുദക്കാരുണ്ടായി എന്നു വായിക്കുമ്പോള്‍ നമ്മുടെ ചക്രവാളം എത്രമാത്രം ചുരുങ്ങിപ്പോയെന്നു തിരിച്ചറിയേണ്ടതുണ്ട്.

കമ്പനി സെക്രട്ടറി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിങ്ങനെ സാമ്പത്തികമേഖലയിലും മത്സ്യകൃഷിയും ഓമനപ്പക്ഷികളെയും മൃഗങ്ങളെയും പോറ്റുകയും സംരക്ഷിക്കുകയുമുള്‍പ്പെടെയുള്ള തൊഴില്‍മേഖലകളിലും ധാരാളം സാധ്യതകളുണ്ട്. പുഷ്പസംവിധാനം മുതല്‍ പുഷ്പകൃഷിവരെ ജീവിതോപാധിയാക്കി ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരുണ്ട്. ചിത്രകലയും ശില്‍പകലയും ഫാഷന്‍ ഡിസൈനിങും ഫോട്ടോഗ്രഫിയും ഫുഡ് പ്രോസസിങ്ങുമൊക്കെ ഏതൊരാള്‍ക്കും എളുപ്പത്തില്‍ വഴങ്ങുന്ന മേഖലകളത്രേ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.