2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എന്നാല്‍ പിന്നെ.., എടപെട്ടളയാം, അല്ലേ

 

നിയമങ്ങള്‍ ചിലപ്പോള്‍ ഏട്ടിലെ പശുവായി കിടന്നാല്‍ അതു നടപ്പാക്കിക്കിട്ടാന്‍ ജനകീയ ഇടപെടലുകള്‍ വേണ്ടിവരും. ഭൂപരിഷ്‌കരണനിയമം നിലവില്‍വന്നിട്ടും ഭൂമി വീതിച്ചുകിട്ടാന്‍ കര്‍ഷകര്‍ക്കു സമരം ചെയ്യേണ്ടിവന്ന നാടാണിത്. വോട്ടുചെയ്ത് ആരെയെങ്കിലും അധികാരത്തിലേറ്റിയതുകൊണ്ടു മാത്രം ജനാധിപത്യം ശരിയായി പ്രവര്‍ത്തിച്ചുകൊള്ളണമെന്നില്ല. അതിനെ ചലിപ്പിക്കേണ്ട ചുമതല ജനതയ്ക്കുണ്ട്.

വി. അബ്ദുല്‍ മജീദ് 8589984470

 

 

ചില ഇംഗ്ലീഷ് ചുരുക്കപ്പേരുകള്‍ കേരളത്തില്‍ ചിലപ്പോള്‍ വലിയ വിവാദങ്ങളുണ്ടാക്കാറുണ്ട്. എ.ഡി.ബിയും ഡി.പി.ഇ.പിയുമൊക്കെ അക്കൂട്ടത്തിലെ താരങ്ങളായിരുന്നു ഒരുകാലത്ത്. കാര്യം എന്താണെന്നു തിരിയാത്തവരടക്കം നാട്ടുകാരെല്ലാം അതിന്മേലുള്ള ചര്‍ച്ചകളില്‍ നന്നായി പങ്കെടുത്തു.
ഇപ്പോള്‍ ജി.എസ്.ടിയാണ് താരം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ചരക്കുസേവന നികുതി. ജീവിതപ്രാരാബ്ധങ്ങളില്‍ നട്ടംതിരിയുന്ന നാട്ടുകാരില്‍ നല്ലൊരു വിഭാഗത്തിന് ഇക്കാര്യത്തിലുള്ള തിരിപാടില്ലായ്മ മുതലെടുത്തു ചില കച്ചവടക്കാര്‍ തികഞ്ഞ പകല്‍ക്കൊള്ളയാണു നടത്തുന്നത്. പലരും പഴയ ഉല്‍പന്നങ്ങള്‍ക്കു നിയമവിരുദ്ധമായി വിലകൂട്ടി വില്‍ക്കുന്നു.
നികുതിപരിധിയില്‍ വരാത്ത ഹോട്ടലുകള്‍പോലും ഭക്ഷണസാധനങ്ങള്‍ക്കു പലതരം നികുതികള്‍ ബില്ലില്‍ അടിച്ചുകയറ്റി അധികവില വാങ്ങുന്നു. ചില ഹോട്ടലുകള്‍ ബില്ലുകളില്‍ സെന്‍ട്രല്‍ ജി.എസ്.ടി, സ്റ്റേറ്റ് ജി.എസ്.ടി എന്നിങ്ങനെ രണ്ടിനം നികുതികളാണ് ഈടാക്കുന്നത്. സ്റ്റേറ്റ് ജി.എസ്.ടി എന്നൊരു നികുതി നിയമത്തില്‍ എവിടെയുമില്ല. അതറിയുന്നവര്‍ പറഞ്ഞിട്ടുപോലും കൊള്ള തുടരുന്നു.
ഇതു നിയന്ത്രണംവിട്ട ഘട്ടത്തിലാണു ധനമന്ത്രി ഡോ. തോമസ് ഐസക് പത്രസമ്മേളനം വിളിച്ചു ചില സാധനങ്ങള്‍ പരമാവധി ഇത്ര വിലയ്ക്കാണു വില്‍ക്കാവുന്നതെന്നു വെളിപ്പെടുത്തിയത്. ഇക്കൂട്ടത്തില്‍ ഒരു നിയന്ത്രണവുമില്ലാതെ വില്‍ക്കുന്ന കോഴിയിറച്ചിയെക്കുറിച്ച് അറുത്തുമുറിച്ചുതന്നെയാണ് അദ്ദേഹം പറഞ്ഞത്.
തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി കിലോ 87 രൂപയ്ക്കു വില്‍ക്കണമെന്നും അല്ലെങ്കില്‍ ജനം ഇടപെടണമെന്നും. അതിനൊരു പ്രത്യേക കാര്യമുണ്ട്. കോഴിയിറച്ചിക്കച്ചവടക്കാരുടെ യോഗം വിളിച്ചു മന്ത്രി പറയാവുന്നതൊക്കെ പറഞ്ഞുനോക്കി. എന്നാല്‍, ഒട്ടും വിട്ടുകൊടുക്കാതെ അവര്‍ പുറത്തിറങ്ങി പത്രക്കാരോടു പറഞ്ഞു, വില കുറയ്ക്കുന്ന പ്രശ്‌നമില്ലെന്ന്.
വില കുറയ്ക്കാന്‍ ഇടപെടണമെന്നു നാട്ടുകാരോട് ഒരു മന്ത്രി പറയുന്നതിലെ ഔചിത്യം ചോദ്യംചെയ്യപ്പെട്ടേക്കാം. എന്നാല്‍, ഇക്കാര്യത്തില്‍ ഐസക്കിനു മുന്നില്‍ മറ്റൊരു വഴിയില്ല. അതദ്ദേഹം നേരത്തെതന്നെ പറഞ്ഞതാണ്. ജി.എസ്.ടി നിയമം വന്നതോടെ സംസ്ഥാന സര്‍ക്കാരിനു വില്‍പന നികുതിയില്‍ ഒരു റോളുമില്ല. ആരെത്ര വിലകൂട്ടി വിറ്റാലും സംസ്ഥാന സര്‍ക്കാരിനു തടയാനുള്ള അധികാരമില്ല.
ജി.എസ്.ടി നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ആന്റി പ്രോഫിറ്റിങ് കമ്മിറ്റിക്കും അതിന്റ ഭാഗമായി ജില്ലാതലങ്ങളില്‍ വരുന്ന സ്‌ക്രീനിങ് കമ്മിറ്റിക്കുമാണ് അതിനുള്ള അധികാരം. അതിനിയും നിലവില്‍ വന്നിട്ടില്ല. നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയായി അതു നിലവില്‍ വരാന്‍ മൂന്നു മാസമെങ്കിലുമെടുക്കും. അതുവരെ കമ്പോളങ്ങളില്‍ പകല്‍ക്കൊള്ള തുടരും. നോട്ടു നിരോധനംപോലെ വേണ്ടത്ര മുന്നൊരുക്കമില്ലാതെ കേന്ദ്രസര്‍ക്കാര്‍ പുതിയൊരു നികുതിസമ്പ്രദായം നടപ്പാക്കിയതിന്റെ പ്രത്യാഘാതം.
തുടക്കത്തില്‍ ജി.എസ്.ടിയെ സ്വാഗതം ചെയ്തയാളാണ് ഐസക്. ശരിക്കും ഐസക്കെന്ന കമ്മ്യൂണിസ്റ്റോ പൊതുപ്രവര്‍ത്തകനോ അല്ല അദ്ദേഹത്തിലെ മന്ത്രിയാണതു സ്വാഗതം ചെയ്തത്. ജി.എസ്.ടി വന്നാല്‍ സംസ്ഥാനത്തിനു നികുതിവരുമാനം കൂടും. സംസ്ഥാന ഖജനാവിന്റെ കൈകാര്യകര്‍ത്താവിന്റെ കണ്ണില്‍ ഇതു ലാഭക്കച്ചവടം തന്നെയാണ്. മറ്റൊന്നും അന്നു ചിന്തിച്ചുകാണില്ല.
എന്നാല്‍, ഇപ്പോള്‍ നാട്ടുകാരുടെ ഇടപെടല്‍ ആവശ്യപ്പെടുന്നത് ഐസക്കെന്ന മന്ത്രിയല്ല, പൊതുപ്രവര്‍ത്തകനാണ്. ന്യായമുള്ള കാര്യം ആരു പറഞ്ഞാലും അതു ചെവിക്കൊള്ളാവുന്നതാണ്. അതിനയാളുടെ രാഷ്ട്രീയമോ പദവിയോ ഒന്നും നോക്കേണ്ടതില്ല.
നിയമങ്ങള്‍ ചിലപ്പോള്‍ ഏട്ടിലെ പശുവായി കിടന്നാല്‍ അതു നടപ്പാക്കിക്കിട്ടാന്‍ ജനകീയ ഇടപെടലുകള്‍ വേണ്ടിവരും. ഭൂപരിഷ്‌കരണനിയമം നിലവില്‍വന്നിട്ടും ഭൂമി വീതിച്ചുകിട്ടാന്‍ കര്‍ഷകര്‍ക്കു സമരം ചെയ്യേണ്ടിവന്ന നാടാണിത്. വോട്ടുചെയ്ത് ആരെയെങ്കിലും അധികാരത്തിലേറ്റിയതുകൊണ്ടു മാത്രം ജനാധിപത്യം ശരിയായി പ്രവര്‍ത്തിച്ചുകൊള്ളണമെന്നില്ല. അതിനെ ചലിപ്പിക്കേണ്ട ചുമതല ജനതയ്ക്കുണ്ട്.
കോഴിയിറച്ചി 87 രൂപയ്ക്കുതന്നെ വില്‍ക്കണമെന്നു വാശിപിടിക്കണമെന്നില്ല. ചിലപ്പോള്‍ കച്ചവടക്കാരുടെ കൈയില്‍ ബാക്കി തരാന്‍ ചില്ലറ കാണില്ല. നൂറു രൂപ ന്യായമായൊരു ഒത്തുതീര്‍പ്പു നിരക്കാണ്. അതിനപ്പുറം പോകാനാവില്ലെന്ന് ഉപഭോക്താക്കള്‍ക്കു തീര്‍ച്ചയായും ശഠിക്കാം. ‘ചോദിക്കാനും പറയാനും’ നാട്ടുകാരില്ലാത്ത ഒരു നാടും നന്നാവില്ല. അതുകൊണ്ടു മന്ത്രി പറഞ്ഞതു മുഖവിലയ്‌ക്കെടുത്തു നമുക്കു വി.കെ.എന്‍ പറഞ്ഞതുപോലെ എടപെട്ടളയാം, അല്ലേ.

*** *** ***
ഇന്നസെന്റ് മികച്ചൊരു കോമാളിയാണ്. മുകേഷ് ഒരു ശരാശരി കോമാളിയും. കോമാളി എന്നത് ഒരു മോശമായ വാക്കാണെന്നു കരുതരുത്. കോമാളിത്തം സര്‍ഗശേഷിയാണ്. നല്ലൊരു കോമാളിയാവണമെങ്കില്‍ മികച്ച നര്‍മബോധവും അഭിനയശേഷിയുമൊക്കെ വേണം. ആളുകളെ ചിരിപ്പിക്കുന്നതു നിസ്സാര കാര്യമല്ല. അക്കാര്യത്തില്‍ അനഗൃഹീതനാണ് ഇന്നസെന്റ്.
അദ്ദേഹത്തോളം വരില്ലെങ്കിലും വലിയ മോശമില്ലാതെ അതു നിര്‍വഹിക്കാനുള്ള സര്‍ഗശേഷി മുകേഷിനുമുണ്ട്. അതു സമ്മതിച്ചുകൊടുക്കാതിരിക്കാനാവില്ല. വിനോദവ്യവസായമേഖലയുടെ അവിഭാജ്യഘടകമാണ് ഇത്തരക്കാര്‍. സര്‍ക്കസ് മുതല്‍ സിനിമ വരെയുള്ള പല വിനോദവ്യവസായങ്ങളെയും വിജയിപ്പിക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്കു വലുതാണ്.
എന്നാല്‍, നല്ലൊരു കോമാളി നല്ലൊരു രാഷ്ട്രീയക്കാരനോ പൊതുപ്രവര്‍ത്തകനോ ആയിക്കൊള്ളണമെന്നില്ല. ഓരോരുത്തര്‍ക്കും യോജിച്ച ഓരോ പണിയുണ്ട്. ആട്ടുന്നവനെ നെയ്യാന്‍ ഏല്‍പിക്കരുതെന്നു ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ തലമുറകളായി പറഞ്ഞുപോരുന്ന കാര്യമാണ്. അതാരും അത്ര കാര്യമാക്കാറില്ല. അതിന്റെ ഫലമാണു നാട്ടുകാര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.
ഇവര്‍ വെള്ളിത്തിരയില്‍ നേടിയ ജനപ്രീതി മുതലാക്കാന്‍ സി.പി.എം സ്ഥാനാര്‍ഥികളാക്കി. നാട്ടുകാര്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും ചെയ്തു. അതിലിപ്പോള്‍ പലരും പശ്ചാത്തപിക്കുകയാണ്. ഇനിയിപ്പോള്‍ പശ്ചാത്തപിച്ചിട്ടു കാര്യമില്ല. ഇന്നസെന്റിനെ കഷ്ടിച്ചു രണ്ടുവര്‍ഷവും മുകേഷിനെ നാലുവര്‍ഷവും സഹിച്ചേ പറ്റൂ.
അമ്മ യോഗത്തെ തുടര്‍ന്നുള്ള പത്രസമ്മേളനത്തിലുണ്ടായ ക്ഷീണം തീര്‍ക്കാന്‍ ഇന്നസെന്റ് നാട്ടില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയനിലവാരം ശരിക്കും പുറത്തുവന്നത്. സിനിമയിലെ സ്ത്രീകളനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം സാമൂഹ്യബോധത്തിന്റെയും സാമൂഹ്യമര്യാദയുടെയും ദാരിദ്ര്യം ശരിക്കും വെളിപ്പെടുന്നതായിരുന്നു. മുകേഷാവട്ടെ ഈ നിലവാരങ്ങള്‍ അമ്മയുടെ പത്രസമ്മേളനത്തില്‍തന്നെ പ്രകടമാക്കി.
കാര്യമെന്തൊക്കെയായാലും ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനാണു കെ.ബി ഗണേശ് കുമാര്‍. പിതാവില്‍നിന്നു പരിശീലിച്ചെടുത്ത രാഷ്ട്രീയപാഠങ്ങള്‍ അദ്ദേഹത്തിനു മുതല്‍കൂട്ടായുണ്ട്. എന്നാലും, താരസംഘടനയുടെ വേദിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയനിലവാരവും താരസംഘടനയുടെ പൊതുനിലവാരത്തിലേയ്ക്കു താഴ്ന്നു.എന്നാല്‍, പെട്ടെന്നുതന്നെ അതു തിരിച്ചറിഞ്ഞു കരകയറാനുള്ള തന്ത്രം അദ്ദേഹത്തിന്റെ രാഷ്ട്രീയബുദ്ധിയില്‍ തെളിഞ്ഞു. മുമ്പ് അമ്മ നേതൃത്വത്തിനു ഗണേഷ് എഴുതിയ കത്തു പുറത്തുവന്നത് അങ്ങനെയാണ്. എന്നിട്ടും കേരളീയ പൊതുസമൂഹത്തില്‍, പ്രത്യേകിച്ചു സ്ത്രീസമൂഹത്തില്‍ ഇമേജിനു സംഭവിച്ച ഇടിവില്‍നിന്നു രക്ഷനേടാന്‍ ഗണേഷിനായിട്ടില്ല.
ഇതിനൊന്നും അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അവരെയൊക്കെ നിയമസഭയിലേയ്ക്കും പാര്‍ലമെന്റിലേക്കും തിരഞ്ഞെടുത്തയച്ച വോട്ടര്‍മരാണു കുറ്റക്കാര്‍. നിങ്ങളൊക്കെ നിങ്ങള്‍ക്കു പറ്റിയ പണി ചെയ്‌തോളൂ എന്നും ജനപ്രതിനിധികളായി തങ്ങള്‍ കൊള്ളാവുന്ന രാഷ്ട്രീയക്കാരെ തിരഞ്ഞെടുത്തുകൊള്ളാമെന്നും അവരുടെ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ പറയാതിരുന്നതിന്റെ ഫലം. വ്യക്തികളായാലും സമൂഹമായാലും കര്‍മഫലം അനുഭവിച്ചേ മതിയാകൂ. ഇനി ഒരവസരം ലഭിച്ചാല്‍ വേണമെങ്കില്‍ പറ്റിയ തെറ്റു തിരുത്താമെന്നു മാത്രം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.