2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എന്നാല്‍ ഈ കണ്ണൂര്‍ ഞങ്ങള്‍ക്ക് ജീവനാണ്..

തന്‍ഫി കാദര്‍

 

ദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജിയുടെ നാട്. മുഖ്യമന്ത്രിമാരായിരുന്ന നായനാരുടെയും കരുണാകരന്റെയും നാട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറവിയെടുത്ത പിണറായിയും പാറപ്രവും കണ്ണൂരിലാണ്. കേരളത്തില്‍ നിലനിന്നിരുന്ന ഏക മുസ്‌ലിം രാജകുടുംബ(അറയ്ക്കല്‍)ത്തിന്റെ ആസ്ഥാനം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും ബിരിയാണിയും മുതല്‍ സ്വാതന്ത്രസമര ചരിത്രം വരെയും അവിടെ നിന്നും ചരിത്രാതീത കാലം വരെയും കണ്ണൂരിന്റെ പെരുമ കൊട്ടിഘോഷിക്കപ്പെട്ടിട്ടുണ്ട്.

കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂര്‍ ഗ്രാമമാണ് പിന്നീട് കണ്ണൂര്‍ എന്ന പേരില്‍ അറിയപ്പെട്ടതെന്നും കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കപ്പെടുന്ന നാട്. പൊലിസ് ക്രൈം റിപോര്‍ട്ട് പ്രകാരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവുള്ള ജില്ല. ഇത്തരത്തില്‍ നിരവധി നന്മകള്‍ കണ്ണൂരിനെ കുറിച്ച് പറയാനുണ്ട്. എന്നാല്‍, ചില അക്രമങ്ങളുടെ പേരില്‍ കണ്ണൂരിന് പുറത്ത് കണ്ണൂരിനെ കുറിച്ച് തെറ്റായ ധാരണകളാണ് പ്രചരിക്കുന്നത്.

കണ്ണൂരിലെ ജനങ്ങള്‍ ഏറ്റവും സ്‌നേഹസമ്പന്നരായ മനുഷ്യരാണ്. ഈ സ്‌നേഹക്കൂടുതലാണ് കണ്ണൂരുകാരുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം. നല്ല സ്‌നേഹബന്ധങ്ങളില്‍ ചെറിയ ചെറിയ പിണക്കങ്ങള്‍ ഉണ്ടാകും. ഏറ്റവും നിഷ്‌കളങ്കരായ മനുഷ്യരാണ് കണ്ണൂരിലേത്. കാര്യങ്ങളെ വികാരപരമായി സമീപിക്കുന്നവര്‍. ഏതുപാര്‍ട്ടിയില്‍പ്പെട്ടവരാണെങ്കിലും ശരി, അവര്‍ അങ്ങനെയാണ്. ചെറിയ പിണക്കങ്ങള്‍ വരെ വൈകാരിക പ്രകടനങ്ങള്‍ക്കിടയാക്കും. കണ്ണൂരുകാര്‍ അക്രമവാസനയുള്ളവരല്ല. നാട്യങ്ങളില്ലാത്ത പൊള്ളത്തരങ്ങളില്ലാത്ത, തന്ത്രപൂര്‍വമായ ഒഴിഞ്ഞുമാറല്‍ ഇല്ലാത്തവരാണ് കണ്ണൂരുകാര്‍. അതിനിടയില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളാണ് അക്രമത്തിന് കാരണമാകുന്നതും.

കണ്ണൂരുകാരുടെ രക്തത്തിലാണ് രാഷ്ട്രീയം, സ്വന്തം പാര്‍ട്ടിയെയും നേതാക്കളെയും അന്ധമായി ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍. വിവാഹം ആലോചിക്കുമ്പോള്‍ ജാതകം ചേരുമോ എന്നതിനേക്കാള്‍ കുടുംബങ്ങളുടെ രാഷ്ട്രീയം നോക്കുന്നവരാണിവിടെ. അതുകൊണ്ടു തന്നെ താന്‍ സ്‌നേഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും നേതാക്കളെയും സംരക്ഷിക്കാന്‍ ഏതറ്റം വരെയും കണ്ണൂരുകാര്‍ പോവും.

തച്ചോളി ഒതേനന്റേയും ഉണ്ണിയാര്‍ച്ചയുടേയും ആരോമല്‍ ചേകവരുടേയുമൊക്കെ കളിത്തട്ടായിരുന്ന പ്രദേശമായതു കൊണ്ടായിരിക്കാം കണ്ണൂര്‍ ഇങ്ങനെ. ‘നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര’ (എല്ലാവരുടേയും രക്തത്തിന്റെ നിറം ഒന്നു തന്നെ എന്ന്) എന്നു ചോദിക്കുന്ന പൊട്ടന്‍ തെയ്യത്തിന്റെ നാടായതിനാലാവാം കണ്ണൂരുകാര്‍ക്ക് ഇത്രയും സ്‌നേഹം. സാംസ്‌കാരിക കേരളത്തിനു കണ്ണൂര്‍ ജില്ലയുടെ അമൂല്യസംഭാവനയായ തെയ്യങ്ങള്‍ പോലെ തന്നെയാണ് കണ്ണൂര്‍. ‘ഏറിയൊരു ഗുണം വരണം .. ഗുണം വരണം.. ഗുണം വരുത്തുവിനേന്‍.. എന്റെ പൈതങ്ങളേ..’ എന്നു ചൊല്ലി ഉറഞ്ഞാടുന്ന തെയ്യം. ദൂരെ നിന്ന് നോക്കിയാല്‍ കലി തുള്ളി നില്‍ക്കുന്ന ഉഗ്രരൂപിയായിരിക്കും. എന്നാല്‍, അടുത്ത് നില്‍ക്കുന്നവര്‍ക്ക് ദൈവമാണ് തെയ്യം. തെയ്യത്തിന്റെ ഉഗ്രരൂപം കണ്ട് മാറുന്നവരോടെന്ന പോലെ കണ്ണൂരുകാരെ കുറ്റം പറയുന്നവരോട് കണ്ണൂരുകാര്‍ പറയുന്നത് ‘ഇങ്ങള് ഇങ്ങ് ബെരണ്ടാ’എന്നാണ്.

കണ്ണൂരിനെ പാകിസ്താന് നല്‍കണമെന്നവശ്യപ്പെട്ടവര്‍ക്കുമുണ്ട് കണ്ണൂരിന്റെ മറുപടി. ‘രാഷ്ട്രീയപരമായ വ്യത്യാസങ്ങളുടെ പേരില്‍ കണ്ണൂരില്‍ കൊലപാതകം നടക്കുന്നുണ്ട് എന്നത് ഒരു സത്യം തന്നെയാണ്. പക്ഷെ അതിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയെ പാകിസ്താന് കൊടുക്കാം എന്നു പറയുന്ന കോമഡി ദഹിക്കാതെ കിടക്കുന്നു. കാരണം, അങ്ങനെ കൊടുക്കാന്‍ തീരുമാനിക്കും മുന്‍പ് അവര്‍ ഇത് കൂടി അറിയണം. രാജ്യത്തെ പട്ടാളക്കാര്‍ക്കും പ്രതിരോധവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് അട്ടിമറികളില്‍നിന്നും മോഷ്ടാക്കളില്‍ നിന്നും സംരക്ഷണം നല്‍കാനായി പ്രത്യേകം രൂപീകരിച്ച അര്‍ധസൈനികവിഭാഗമായ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെയും മദ്രാസ് റെജിമെന്റിന്റെ കീഴിലുള്ള 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്റെയും ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ മൂന്നാമത്തെതുമായ ഏഴിമല നേവല്‍ അക്കാദമിയുടെയും ആസ്ഥാനം സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ ജില്ലയില്‍ ആണ്. സി.ആര്‍.പി.എഫിന്റെ ഇന്ത്യയിലെ തന്നെ വലുപ്പത്തില്‍ രണ്ടാമത്തെ പരിശീലന കേന്ദ്രം കണ്ണൂര്‍ ജില്ലയില്‍ ആണ്. കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ അക്കാദമി ഇന്ത്യയില്‍ വരാന്‍ പോകുന്നതും കണ്ണൂര്‍ ജില്ലയില്‍ ആണ്. ഇന്ത്യന്‍ പട്ടാളത്തിന്റെ 62 കന്റോണ്‍മെന്റുകളില്‍ കേരളത്തിലെ ഏക കന്റോണ്‍മെന്റ് കണ്ണൂരാണ്.

പുറകോട്ടൊന്നു നോക്കിയാല്‍ 200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബോംബെയോടും കറാച്ചിയോടും കച്ചവടത്തിലും കയറ്റുമതിയിലും കിടപിടിച്ചു നിന്ന ഒരു ഇന്ത്യന്‍ നഗരം മാത്രമേയുള്ളൂ, ബ്രിട്ടീഷുകാരനെ അവന്റെ തന്നെ കളിയായ ക്രിക്കറ്റ് ആദ്യമായി കളിച്ചു തോല്‍പ്പിച്ച, ഇന്ത്യയില്‍ ബേക്കറിക്കും സര്‍ക്കസിനും ജന്മം നല്‍കിയ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്ന നഗരം. കണ്ണൂര്‍ കടപ്പുറത്ത് കപ്പലടുപ്പിച്ച സോളമന്‍ രാജാവിന് സ്വന്തം നാട്ടില്‍ ക്ഷേത്രം പണിയാന്‍ സുഗന്ധമരങ്ങള്‍ നല്‍കിയതിന്റെ കഥകള്‍ ഗ്രീക്ക് പുസ്തകങ്ങളില്‍ ഇപ്പോഴും തെളിഞ്ഞു കിടപ്പുണ്ട്. അതായത് അത്ര പഴയ ചരിത്ര പ്രതാപങ്ങള്‍ പറയാനുണ്ട് എന്നര്‍ഥം. തെയ്യങ്ങളും ചരിത്രങ്ങളും പരസ്പരം പുണര്‍ന്നു കിടക്കുന്ന ഈ മണ്ണില്‍ മാത്രമാണ് കേരള ചരിത്രത്തിലെ ഏക മുസ്‌ലിം രാജവംശം ആയ അറക്കല്‍ ഉണ്ടായിരുന്നത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിലൊന്നായിരുന്നു കണ്ണൂര്‍. പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ്, ജര്‍മന്‍, അറബികള്‍, ചൈനീസ്, ഹീബ്രൂസ്, ഗ്രീക്കുകാര്‍, റോമന്‍, പേര്‍ഷ്യര്‍ അങ്ങനെ ഇന്ത്യയില്‍ വന്ന വിദേശികള്‍ക്കെല്ലാം താല്‍പ്പര്യം ഉണ്ടായിരുന്ന ഇന്ത്യയിലെ ഒരേ ഒരു സ്ഥലം കണ്ണൂര്‍ ആയിരുന്നു!!.

തലസ്ഥാനം തിരുവനന്തപുരത്തേക്ക് പോയപ്പോള്‍ പഴയ കണ്ണൂരിന്റെ പ്രതാപത്തിന് മങ്ങല്‍ എറ്റിട്ടുണ്ടാവാം.. പക്ഷെ അപ്പോഴും തന്നിട്ടുണ്ട് കണ്ണൂര്‍, ഏറ്റവും അധികം മുഖ്യമന്ത്രിമാരെ കേരളത്തിന്. ഇപ്പോഴും ഭരിക്കുന്ന 20 പേരില്‍ 4 പേരും കണ്ണൂരുകാര് ആണേ.. അവരൊക്കെ അപ്പൊ വീട്ടില്‍ പോണേല്‍ എന്ത് ചെയ്യും?

കണ്ണൂരുകാര്‍ക്ക് ഒരു ചോരയെ ഉള്ളൂ.. ഇന്ത്യക്കാരന്റെ ചോര. അതുകൊണ്ടു തന്നെ ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ ഇന്ത്യയിലെ ഒരു തരി മണ്ണ് പോലും അവര്‍ക്കു വേണമോ എന്ന് ചോദിക്കാന്‍ ഞങ്ങള്‍ക്കാവില്ല, let alone the comedy of exchanging kannur for kashmir. മേല്‍പ്പറഞ്ഞ അനേകം Governance and Military Forces ഉദാഹരണങ്ങള്‍ മതിയാകുമല്ലോ.

കണ്ണൂരിലെ വെള്ളം ഇത്തിരി കാലങ്ങിയിട്ടുണ്ടാവാം.. അത് കാണുമ്പോള്‍ ചൂണ്ടയും എടുത്ത് ഇറങ്ങരുത്. അത് തെളിഞ്ഞോളും. തെളിഞ്ഞിട്ടുണ്ട്, ഇതിനു മുന്‍പും.

ആരോ ഒരാള്‍ തമാശക്ക് എഴുതിയതാണെന്നു അറിയാം. പക്ഷേ എനിക്കത് സഹിക്കാത്തത് കൊണ്ടാണ് ഈ കുറിപ്പ്. ‘ Not because am from Kannur, but because am an Indian.’

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.