2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

എണ്ണ വിപണിയില്‍ ഉണര്‍വ്: വീപ്പയ്ക്കു 50 ഡോളറിനു മുകളില്‍

റിയാദ്: അറേബ്യന്‍ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായിരുന്ന എണ്ണ വില ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് പിടിച്ചുയര്‍ത്താന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ് (ഒപെക്) ശ്രമം വിജയം കണ്ടുതുടങ്ങി. കഴിഞ്ഞ ദിവസം അള്‍ജീരിയയില്‍ ചേര്‍ന്ന ഒപെക് അംഗ രാജ്യങ്ങളുടെയും ഒപെക്കിനു പുറത്തുള്ള പ്രധാന എണ്ണ ഉല്‍പാദന കയറ്റുമതി രാജ്യമായ റഷ്യയുമായി സഹകരിച്ചു നടത്തിയ നീക്കത്തിന് ശേഷം നടത്തിയ യോഗത്തിലാണ് എണ്ണ ഉല്‍പാദനം കുറക്കാന്‍ തീരുമാനമായത്. തീരുമാനം വന്നതുമുതല്‍ എണ്ണയുടെ വില അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ നേരിയ വര്‍ധനവിന് കാരണമായി. തീരുമാനം വന്നത് മുതല്‍ ക്രമാതീതമായി ഉയര്‍ന്ന എണ്ണ വില കഴിഞ്ഞ ദിവസം വീപ്പക്ക് 50.06 ഡോളറിലേക്ക് ഉയര്‍ന്നു.
2008നു ശേഷം ഇതാദ്യമായാണ് എണ്ണ ഉല്‍പാദനം കുറക്കാന്‍ ഒപെക് തീരുമാനിക്കുന്നത്. എണ്ണ വില നേരത്തെ ചരിത്രത്തിലെ തന്നെ വളരെ താഴ്ന്ന നിലയിലേക്ക് കൂപ്പു കുത്തിയപ്പോഴും ഉല്‍പാദനം കുറക്കാന്‍ ഒപെക് തയ്യാറായിരുന്നില്ല. എന്നാല്‍ എണ്ണ വിലയിടിവിനെ തുടര്‍ന്ന് സാമ്പത്തിക ഞെരുക്കം കൂടുകയും ഒരു നിലക്കും പിടിച്ചു നില്‍ക്കാന്‍ കഴിയുകയുമില്ലന്ന അവസ്ഥ വന്നപ്പോഴാണ് ഉല്‍പാദനം കുറക്കാന്‍ നിര്‍ബന്ധിതമായത്.
അള്‍ജീരിയ യോഗത്തില്‍ ഉല്‍പാദനം കുറക്കാന്‍ തത്വത്തില്‍ തീരുമാനമായെങ്കിലും നവംബര്‍ അവസാന വാരമോ ഡിസംബര്‍ ആദ്യ വാരമോ വിയന്നയില്‍ നടക്കുന്ന യോഗത്തിനു ശേഷമേ അന്തിമ ചിത്രം വ്യക്തമാകുകയുള്ളൂ. നിലവിലെ ഒപെക്കിന്റെ ഉല്‍പാദന ശേഷി 33.5 ദശലക്ഷം ബാരലാണ്. ഇതാണ് 32.5 മുതല്‍ 33 ദശലക്ഷം ബാരലായി കുറക്കാന്‍ തീരുമാനമായത്.
ഉല്‍പാദനം കുറക്കാന്‍ തീരുമാനമായെങ്കിലും ഏതെല്ലാം രാജ്യങ്ങള്‍ എത്രത്തോളം കുറക്കേണ്ടി വരുമെന്ന കാര്യത്തില്‍ അള്‍ജീരിയ യോഗത്തില്‍ തീരുമാനമായിട്ടില്ല. ഇതേറെ ശ്രമകരവുമാണ്. മാത്രമല്ല ഇറാന്‍, ഇറാഖ്, നൈജീരിയ, ലിബിയ എന്നീ എണ്ണയുല്‍പാദക രാജ്യങ്ങള്‍ ഉല്‍പാദനം കൂട്ടിയാല്‍ ഒപെക്കിന്റെ തീരുമാനം എത്രത്തോളം വിജയിക്കുമെന്ന സംശയത്തിലാണ് അന്തരാഷ്ട്ര എണ്ണ വിപണി. ഏറ്റവും വലിയ എണ്ണയുല്‍പാദക കയറ്റുമതി രാജ്യമായ സഊദി അറേബ്യയുടെ കഠിന ശ്രമമാണ് ഉല്‍പാദനം കുറക്കാനും എണ്ണവില ഉയരാനും ഇടയാക്കിയത്. എന്നാല്‍ ഒപെകിന്റെ അള്‍ജീരിയ തീരുമാനത്തെ കുറിച്ച് സഊദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.