2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എട്ടേക്കര്‍ പൊന്നണിഞ്ഞു; കാവടത്ത് നാളെ കൊയ്ത്തുത്സവം

കല്‍പ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തിലെ നെല്ലിയമ്പം കാവടം കോളനിയില്‍ കാര്‍ഡ് രൂപീകരിച്ച സൂര്യ, അനുശ്രീ എന്നീ ഋണ ബാധ്യതാ സംഘങ്ങളുടെ നേതൃത്വത്തില്‍ എട്ടേക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നാളെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൃഷി ഭവന്‍ സാങ്കേതിക സഹായത്തോടെ എട്ടേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം രണ്ടേക്കര്‍ സ്ഥലത്ത് നെല്‍കൃഷി വിജയകരമായി നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തവണ എട്ടേക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയത്. കൃഷി ഭവനില്‍ നിന്നും ലഭിച്ച ആതിര നെല്‍വിത്തും, വയനാട്ടിലെ നെല്‍വിത്ത് സംരക്ഷകനായ ചെറുവയല്‍ രാമന്‍ നല്‍കിയ മരതൊണ്ടി, ഗന്ധകശാല എന്നീ വിത്തിനങ്ങളുമാണ് കൃഷി ചെയ്തത്. പൂര്‍ണമായും ജൈവ രീതിയിലായിരുന്നു കൃഷി. സൂര്യ, അനുശ്രീ എന്നീ ജെ.എല്‍.ജിയിലെ പത്തുപേരാണ് കൃഷി പണികള്‍ക്ക് നേതൃത്വം നല്‍കിയത്. കുറുവാദ്വീപില്‍ ആരംഭിക്കുന്ന മാര്‍ക്കറ്റിങ് യൂനിറ്റിലൂടെയും, തിരുവല്ല കാര്‍ഡ് ഗ്രാമശക്തി, ഗ്രാമോല്‍പ്പന്നം യൂനിറ്റിലൂടെയുമാണ് അരി വില്‍പ്പന നടത്തുക. പ്രത്യേകമായി തയാറാക്കുന്ന കുത്തരിയും വിപണനത്തിന് പദ്ധതിയിലുണ്ട്.
കൊയ്ത്തിന് ശേഷം പാടത്ത് സവാള ഉള്‍പ്പെടെയുളള പച്ചക്കറി കൃഷിയാണ് ലക്ഷ്യമിടുന്നത്. ആദിവാസികള്‍ക്ക് സ്വന്തമായി കൃഷി ചെയ്യാന്‍ ആത്മവിശ്വാസമുണ്ടാക്കുന്നതിനൊപ്പം സ്വന്തമായി വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് കാര്‍ഡ്. നെല്ലിയമ്പത്ത് രാവിലെ 9.30ന് നടക്കുന്ന കൊയ്ത്തുത്സവം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ ഉദ്ഘാടനം ചെയ്യും. കാര്‍ഡ് ഡയരക്ടര്‍ കെ.വൈ ജേക്കബ് അധ്യക്ഷനാകും. നെല്‍വിത്തുകളുടെ സംരക്ഷകനായ ചെറുവയല്‍ രാമന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് കാവടം കോളനിയില്‍ നടക്കുന്ന സെമിനാര്‍ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്യും. റവ. ഫിലിപ്പ് ജോര്‍ജ് അധ്യക്ഷനാകും. പനമരം ബ്ലോക്ക് കൃഷി അസി.ഡയരക്ടര്‍ ലൗലി അഗസ്റ്റിന്‍, കണിയാമ്പറ്റ കൃഷി ഓഫിസര്‍ കെ.ജി സുനില്‍ എന്നിവര്‍ ക്ലാസെടുക്കും. കാര്‍ഷിക പ്രശ്‌നോത്തരിക്ക് റിബുതോമസ് മാത്യു നേതൃത്വം നല്‍കും. ആദിവാസി പാരമ്പര്യ കലകളുടെ അവതരണവും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ കാവലന്‍, ബാലന്‍, സുനില്‍ പീറ്റര്‍, ആലീസ് ജോയി, ആരതി കെ.പി എന്നിവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.