2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

എടത്വാ സെന്റ് അലോഷ്യസ് കോളജില്‍ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം

കുട്ടനാട്: എടത്വാ സെന്റ് അലോഷ്യസ് കോളേജില്‍ നടന്ന യൂനിയന്‍ തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം. പൊലിസ് ലാത്തി ചാര്‍ജിലും വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയടക്കമുള്ള പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. തിരഞ്ഞെടുപ്പില്‍ വിജയിച്ച വിദ്യാര്‍ഥിനികളടക്കമുള്ള കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിനിടെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രകടനമായി കോളജിന് വെളിയിലേക്ക് വരുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായകുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. തുടര്‍ന്ന് പൊലിസ് ഒരു തവണ ലാത്തി വീശി. ലാത്തി ചാര്‍ജിനിടയില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ശോഭയ്ക്കും നാല് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പിന്നീട് മറ്റ് കോളജുകളില്‍ നിന്നെത്തിയ നൂറോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിജയികളായ കെ.എസ്.യു പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയും സമീപത്തുള്ള കടയില്‍ തടഞ്ഞുവയ്ക്കുകയുമായിരുന്നു.
നാലുമണിക്കൂറോളം കോളജ് കവാടം സംഘര്‍ഷഭൂമിയായി. വിദ്യാര്‍ഥിനികളടക്കമുള്ളവരെ തടഞ്ഞ്‌വച്ചിട്ടും പൊലിസ് നോക്കിനില്‍ക്കുകയായിരുന്നെന്ന് കെ.എസ്.യു നേതാക്കള്‍ ആരോപിച്ചു. 71 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന് 39, എസ്.എഫ്.ഐക്ക് 29, എ.ബി.വി.പിക്ക് മൂന്നും സീറ്റുകളിലാണ് വിജയിക്കാനായത്. എന്നാല്‍ വിജയിച്ച കെ.എസ്.യു പ്രവര്‍ത്തകരെ കോളജിന് പുറത്ത് തടഞ്ഞ് വച്ചതിനാല്‍ കെ.എസ്.യുവിന് കോളജ് യൂണിയന്‍ പാനല്‍ രൂപവത്കരിക്കാനായില്ല.
തുടര്‍ന്ന് എസ്.എഫ്.ഐ പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. തടഞ്ഞുവയ്ക്കപ്പെട്ട കെ.എസ്.യു പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്ക് ശേഷം പൊലിസ് വാഹനത്തിലാണ് ഇവിടെനിന്ന് നീക്കിയത്. പൊലിസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എടത്വാ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.