2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

എങ്ങും കാമറ കണ്ണുകള്‍; പഴുതടച്ച സുരക്ഷ

നിസാര്‍ കലയത്ത്

 

മക്ക: ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി ഹജ്ജ് പൂര്‍ത്തിയാക്കാനായതിന് പിന്നില്‍ പഴുതടച്ച സുരക്ഷ. മൂന്ന് ലക്ഷത്തോളം ജീവനക്കാരെയാണ് സുരക്ഷക്കും സേവനത്തിനുമായി നിയമിച്ചത്. ഇതിന് പുറമെ സന്നദ്ധസേവകരായി എത്തിയവരും അവരുടെ ദൗത്യം നിര്‍വഹിച്ചു. 21 ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി ഉംറയും ഹജ്ജും നിര്‍വഹിക്കാന്‍ കണ്ണിമ ചിമ്മാതെ സുരക്ഷയൊരുക്കിയത് ആഭ്യന്തര വകുപ്പിന് കീഴിലെ പൊതു സുരക്ഷ വിഭാഗമാണ്. മക്ക നഗരം, ഹറം, മിനാ, മുസ്ദലിഫ, അറഫ തുടങ്ങിയ പ്രദേശങ്ങളുടെ ഓരോ അനക്കങ്ങളും അധികൃതര്‍ തത്സമയം അറിയുന്നു.

ഇതിനായി പുണ്യഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ 5484 സി.സി.ടി.വി കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ കാമറകള്‍ നല്‍കുന്ന ദൃശ്യങ്ങള്‍ മക്ക പൊതുസുരക്ഷ വിഭാഗത്തിന്റെ ആസ്ഥാന മന്ദിരത്തില്‍ സജ്ജീകരിച്ച അത്യാധുനിക കണ്‍ട്രോള്‍ റൂമിലിരുന്ന് നിയന്ത്രിക്കുന്നു. ഹജ്ജ് സീസണില്‍ 24 മണിക്കൂറും തീര്‍ഥാടകരുടെ സൂക്ഷ്മ ചലനങ്ങള്‍ പോലും നിരീക്ഷിക്കപ്പെടുന്നു. നിരവധി ഉദ്യോഗസ്ഥരാണ് ഇതിനായി ഉറക്കമൊഴിച്ച് കമ്പ്യൂട്ടറുകള്‍ക്കും വലിയ സ്‌ക്രീനുകള്‍ക്കമടുത്ത് സദാ ജാഗരൂകരായി ഇരിക്കുന്നത്. എവിടെയെങ്കിലും സുരക്ഷ വീഴ്ചകളുണ്ടായാല്‍ ഉടന്‍ നിര്‍ദേശങ്ങള്‍ വയര്‍ലെസ് വഴി പറക്കും. പരിസരത്ത് ചുമതലയിലുള്ള സുരക്ഷ ഉദ്യോഗസ്ഥന്‍ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ച്് തിരിച്ച് സന്ദേശമയക്കുന്നു.

തീര്‍ഥാടകര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ കണ്‍ട്രോള്‍ റൂമിലേക്ക് സൗജന്യമായി വിളിക്കാം. ഇത്തരം കോളുകള്‍ സ്വീകരിക്കാന്‍ മാത്രം 20 ഓളം ഉദ്യോഗസ്ഥര്‍ ഒരു ഷിഫ്റ്റിലുണ്ട്. സി.സി.ടി.വി കാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ മറ്റൊരു വിഭാഗമുണ്ട്. ലോകത്ത് ലഭ്യമായ ഏറ്റവും മുന്തിയ കാമറകളും കമ്പ്യൂട്ടര്‍ സംവിധാനവുമാണ് കണ്‍ട്രോള്‍ റുമിലുള്ളത്.

ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കണ്‍ട്രോള്‍ റൂം കാണാന്‍ അധികൃതര്‍ അവസരമൊരുക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.