2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എം.ബി ഫൈസല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മലപ്പുറത്ത് ചിത്രം തെളിഞ്ഞു

മലപ്പുറം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.എമ്മിലെ അഡ്വ. എം.ബി ഫൈസലിനെ കൂടി പ്രഖ്യാപിച്ചതോടെ മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിംലീഗിലെ പി.കെ കുഞ്ഞാലിക്കുട്ടിയെയും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പിയിലെ എന്‍. ശ്രീപ്രകാശിനെയും നേരത്തേ പ്രഖ്യാപിച്ചിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച പേര് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഫൈസല്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി  അംഗം, സി.പി.എം എടപ്പാള്‍ ഏരിയാ കമ്മിറ്റി അംഗം, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന ചങ്ങരംകുളം ഡിവിഷനില്‍ നിന്ന് വിജയിച്ചാണ് ജില്ലാ പഞ്ചായത്ത് അംഗമായത്. മുന്‍ എം.പി ടി.കെ ഹംസയുടെ പേരും പരിഗണിച്ചിരുന്നെങ്കിലും യുവതലമുറയിലെ ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ താല്‍പര്യപ്രകാരമാണ് ഫൈസലിന് നറുക്കുവീണത്. ബി.ജെ.പി സ്ഥാനാര്‍ഥിയായ ശ്രീപ്രകാശ് പാണ്ടിക്കാട് വലിയാത്രപ്പടി സ്വദേശിയാണ്. നിലവില്‍ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയാണ്.
പത്തുമാസത്തെ എല്‍.ഡി.എഫ് ഭരണത്തിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മതനിരപേക്ഷ ബദലാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്. യു.ഡി.എഫിന്റെ തകര്‍ച്ചയ്ക്ക് വേഗതകൂട്ടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. യു.ഡി.എഫിനുവേണ്ടി കേരളത്തില്‍ തുടരുന്നത് ശരിയല്ലെന്ന് മനസിലാക്കിയാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാന്‍ ശ്രമിക്കുന്നത്. അഞ്ച് നിയമസഭകളിലേക്കുനടന്ന തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് നടത്തിയ വര്‍ഗീയ ധ്രുവീകരണം കേരളത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.